-->
കൊച്ചി: കൊച്ചിയില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനിയായ എംഎസ് സി യ്ക്ക് വീണ്ടും തിരിച്ചടി. ഇവരുടെ എംഎസ് സി പോളോ എന്ന കപ്പലും തടഞ്ഞുവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. കപ്പല്‍ ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്തുണ്ട്. 75.50 ലക്ഷം രൂപ കെട്ടിവെച്ചശേഷം വിട്ടയച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. സാന്‍ കാഷ്യൂസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹര്‍ജിയിലാണ് കോടതിനടപടി.
നേരത്തേ എംഎസ് സിയുടെ എല്‍സ എന്ന കപ്പലും തടഞ്ഞുവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആറ് കോടി കെട്ടിവെച്ച ശേഷമാണ് ഈ കപ്പല്‍ വിട്ടുകൊടുത്തത്. എംഎസ്എസി കപ്പല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എല്‍സ-3 അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കശുവണ്ടി നഷ്ടപ്പെട്ടതിനാല്‍ ആറു കോടിയുടെ നഷ്ടമുണ്ടായെന്നാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ആറു കോടി രൂപ കെട്ടിവെക്കാതെ എംഎസ് സി കമ്പനിയുടെ കപ്പല്‍ കേരള തീരം വിടാന്‍ അനുവദിക്കരുതെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ ജസ്റ്റിസ് എം എ അബ്ദുള്‍ ഹക്കീമിന്റ ബെഞ്ചായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. തുക കെട്ടുന്നത് വരെ കോടതി, കപ്പല്‍ തീരം വിടുന്നത് വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ആറു കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കെട്ടിവെക്കാനാണ് നിര്‍ദേശിച്ചത്.