-->
അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്നത് അറിഞ്ഞ് രാജ്യമൊട്ടാകെ ഞെട്ടിത്തരിച്ചു. സംഭവം അറിഞ്ഞതിനു പിന്നാലെ കലാസാഹിത്യസാമൂഹിക രംഗത്തുള്ള രാജ്യത്തെ പ്രമുഖരെല്ലാം തങ്ങളുടെ അനുശോചനവും ദുഃഖവും പങ്കിട്ട് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ നൊമ്പരം പങ്കിടുന്നുണ്ട്.
എന്നാല്‍, ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് പുതിയ ഒരു കാഴ്ചപ്പാട് പങ്കുവയ്ക്കുകയാണ് ഗായികയും നടിയുമായ രാഗേശ്വരി ലൂംബ. ദുരന്തം കുടുംബങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുന്നതിന് എങ്ങനെ കാരണമാകുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ രാഗേശ്വരി പറഞ്ഞത്.
‘‘ഹൃദയഭേദകമായ വിമാനാപകടത്തിന് ശേഷം ആളുകള്‍ അവരുടെ കുടുംബാംഗങ്ങളെ വിളിക്കാൻ തുടങ്ങിയെന്ന് നിങ്ങള്‍ക്കറിയാമോ? വിവാഹമോചനത്തില്‍ നിന്ന് പിന്മാറാൻ തീരുമാനിച്ച രണ്ട് ദമ്പതികളെ എനിക്കറിയാം. തർക്കങ്ങള്‍ പരിഹരിക്കാനും അവരുടെ ഈഗോയില്‍ അയവ് വരുത്താനും അവർ തീരുമാനിച്ചു. എത്രത്തോളം അനുഗ്രഹീതമാണ് സ്വന്തം ജീവിതമെന്ന് മനസ്സിലാക്കാൻ മനുഷ്യർക്ക് മറ്റ് ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുന്നു.
ഉയർച്ചകളെ വിലമതിക്കണമെങ്കില്‍ നാം താഴ്ചകളിലൂടേയും കടന്നുപോകണം. വിജയത്തിന്റെ സന്തോഷങ്ങള്‍ ശരിക്കും വിലമതിക്കണമെങ്കില്‍ നാം പരാജയങ്ങളിലൂടെ കടന്നുപോകണം. ഇതുപോലെയുള്ള ദുരന്തങ്ങള്‍ കാര്യങ്ങളെപ്പറ്റി ചിന്തിക്കാനും വിലയിരുത്താനും നമ്മെ പ്രേരിപ്പിക്കുന്നു. അതിനാല്‍, നിങ്ങള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമെന്നും അവരെ വളരെ വിലപ്പെട്ടവരായും വിശേഷപ്പെട്ടവരായും തോന്നിപ്പിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു...’’ രാഗേശ്വരി പറഞ്ഞു. താരത്തിന്റെ വീഡിയോയ്ക്ക് താഴെ പലരും പറഞ്ഞ കാര്യങ്ങളെ പിന്തുണച്ച് കമന്റുകള്‍ പങ്കിടുന്നുണ്ട്. ‘നിങ്ങൾ അത് വളരെ മനോഹരമായി വിശദീകരിച്ചിരിക്കുന്നു, മനുഷ്യത്വത്തിന്റെ സൗന്ദര്യം പുറത്തുകൊണ്ടുവരുന്നു, ഈ വാക്കുകൾ വർത്തമാനകാലത്തെ കൂടുതൽ ബോധപൂർവ്വം കാണാൻ അനുവദിക്കുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.
‘‘യഥാർത്ഥത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കാൻ ഒരു ദുരന്തം എന്തിനാണ് വേണ്ടത്?....ജീവിതം ദുർബലമാണ്. ആ ബന്ധം പവിത്രമാണ്. ഒരു വാദത്തിലെ ഒരു വിജയവും വാക്കുകൾ പറയാതെ വിടുന്നതിന്റെ അപകടസാധ്യതയ്ക്ക് അർഹമല്ല...ഇതുപോലുള്ള നിമിഷങ്ങൾ നമ്മെ നിർത്താൻ നിർബന്ധിക്കുന്നു... വ്യക്തമായി കാണാൻ: ഒന്നും ഉറപ്പില്ല. ഈ ശ്വാസമല്ലാതെ. ഈ സ്നേഹവും....ദുഃഖം നമ്മെ ഓർമ്മിപ്പിക്കാൻ കാത്തിരിക്കരുത്....ഇപ്പോൾ ഓർക്കാം...നേരത്തെ എത്തുക. ക്ഷമിക്കുക. സൗമ്യമായി സംസാരിക്കുക. ദയയോടെ ജീവിക്കുക....’’ എന്ന ക്യാപ്ഷനും നല്‍കിയാണ് രാഗേശ്വരിയുടെ വീഡിയോ.
വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171 ബോയിങ് ഡ്രീംലൈനർ 787-8 വിമാനം ഉയര്‍ന്നു പൊങ്ങി മിനിറ്റുകള്‍ക്കകം തകർന്നുവീണു കത്തിയമര്‍ന്നത്. വിമാനത്തിലെ ഒരാളൊഴികെ മുഴുവൻ യാത്രക്കാർക്കും ക്രൂ അംഗങ്ങള്‍ക്കും ജീവൻ നഷ്ടമായി. പറന്നുയർന്നയുടൻ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിനുമുകളിലേക്കാണ് വിമാനം തകർന്നുവീണ് കത്തിയത്. മെസ്സില്‍ ഭക്ഷണം കഴിക്കാനെത്തിയ ഏതാനും എംബിബിഎസ് വിദ്യാർഥികളും മരിച്ചു, കുറേ പേരെ കാണാതാവുകയും ചെയ്തു.