Sunday, March 15, 2026 Last Updated 6 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 11.07 AM

ജാതീയമായ അധിക്ഷേപത്തോടെയുള്ള ആദ്യ കമന്റ് ; പിന്നാലെ അശ്‌ളീലച്ചുവയോടെ അടുത്ത കമന്റും ; രഞ്ജിതയ്ക്ക് റവന്യൂ ഉദ്യോഗസ്ഥന്റെ ആക്ഷേപം

uploads/news/2025/06/786126/deputy-thaasildar.jpg

കാസര്‍ഗോഡ്/തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി. നായരെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച റവന്യു ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രനെതിരേയാണ് അന്വേഷണവിധേയമായി വകുപ്പുതലനടപടി. സ്ത്രീത്വത്തെയും നായര്‍ സമുദായത്തെയും അപമാനിച്ചതിനു രജിസ്റ്റര്‍ ചെയ്ത കേസില്‍ പവിത്രനെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.

മുമ്പും സമാനരീതിയിലുള്ള പെരുമാറ്റത്തിന് വകുപ്പുതലനടപടിക്കു പവിത്രന്‍ വിധേയനായിട്ടുണ്ട്. രഞ്ജിതയെക്കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്നാണ് പവിത്രന്‍ അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ കമന്റിട്ടത്. എതിര്‍പ്പ് ഉയര്‍ന്നതോടെ കമന്റ് നീക്കിയെങ്കിലും നിരവധിപേര്‍ ഇയാളെ വിമര്‍ശിച്ച് രംഗത്തെത്തി. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.

എന്‍.എസ്.എസ്. ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് പ്രഭാകരന്‍ മാവുങ്കലിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാര്‍ ഇന്നലെ ഉച്ചയോടെ പവിത്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.

സര്‍ക്കാര്‍ ജോലിയില്‍നിന്ന് അവധിയെടുത്തു വിദേശത്തേക്കു പോയതു കൊണ്ടാണ് ദുരന്തത്തിനിരയായത് എന്നായിരുന്നു ജാതീയമായ അധിക്ഷേപത്തോടെയുള്ള ആദ്യ കമന്റ്. പിന്നാലെ അശ്‌ളീലച്ചുവയോടെ അടുത്ത കമന്റും രേഖപ്പെടുത്തി. ഇതോടെ ഒട്ടേറെപ്പേര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണ്‍ലൈനായി പരാതി നല്‍കി. പിന്നാലെ കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖരന്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി. ഇതാദ്യമായല്ല, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപ പരാമര്‍ശത്തിന് പവിത്രന്‍ നടപടിക്കു വിധേയനാകുന്നത്.

2023 ഓഗസ്റ്റില്‍ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകര്‍മ ക്ഷേത്രം പ്രസിഡന്റിനെതിരായ അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് പവിത്രന് എ.ഡി.എം. താക്കീത് നല്‍കിയിരുന്നു. 2024 ഫെബ്രുവരിയില്‍ വി. ഭുവനചന്ദ്രന്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയിലും നടപടി നേരിട്ടു.

മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ. ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച പോസ്റ്റിന്റെ പേരില്‍ പവിത്രനെ 2024 സെപ്റ്റംബറില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേവര്‍ഷം നവംബര്‍ ഏഴിനാണ് സര്‍വീസില്‍ പുനഃപ്രവേശിച്ചത്.

ദുരന്തവേളയില്‍ പ്രകടിപ്പിക്കേണ്ട സാമാന്യമര്യാദ പവിത്രന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നു റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. ഗവ. ജീവനക്കാര്‍ മാത്രമല്ല ഒരു മലയാളിയും സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശവും ഇടപെടലും നടത്തരുതെന്നാണു സര്‍ക്കാരിന്റെ അഭിപ്രായം. പവിത്രന്റെ മുന്‍കാല പ്രവൃത്തികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അതിന്മേലും തുടര്‍നടപടി സ്വീകരിക്കും-മന്ത്രി പറഞ്ഞു.

Ads by Google
Saturday 14 Jun 2025 11.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW