-->
തിരുവനന്തപുരം: വിവാഹത്തട്ടിപ്പ് കേസിലെ രേഷ്മയുടെ ലക്ഷ്യം പണമായിരുന്നില്ലെന്ന് പോലീസ്. നിരവധിപ്പേരെ വിവാഹം കഴിച്ചെങ്കിലും അവരില്‍നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലന്ന് അന്വേഷണ സംഘം പറഞ്ഞു.എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35),ആര്യനാട് ഗ്രാമപഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാന്‍ ഒരുങ്ങുമ്പോഴാണ് ആര്യനാട് പോലീസിന്റെ പിടിയിലാകുന്നത്.
പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി പിടിയിലായത്. ബാഗില്‍ സൂക്ഷിച്ചിരുന്ന മുന്‍ വിവാഹങ്ങളുടെ രേഖകളാണ് രേഷ്മയെ കുടുക്കിയത്. പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ വിവാഹത്തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. തന്നെ വിവാഹം കഴിച്ച പലരും വിവാഹത്തിന് താലി മാത്രമാണ് കെട്ടിയത്. സ്വര്‍ണമാല ഉണ്ടായിരുന്നില്ല. നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വിവാഹം കഴിച്ചവരില്‍നിന്ന് വാങ്ങിയത്.
കൃത്യമായ സമയക്രമം തയാറാക്കി ഇവര്‍ ഭര്‍ത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. 2014-ല്‍ പ്രണയിച്ചാണ് ആദ്യ വിവാഹം കഴിച്ചത്. എന്നാല്‍ ഇയാളുമായി പിരിഞ്ഞു. പിന്നീട് പഠനം തുടര്‍ന്നു. 2022-ല്‍ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹം വിദേശത്തേക്കു പോയി. ശേഷം 2022-ല്‍ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സര്‍വകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തില്‍ താത്കാലിക ജോലിക്കു വരുന്നതിനിടയില്‍ ട്രെയിനില്‍വച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് 2023-ല്‍ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായി വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ ഇവര്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിലാണ് ഒരാണ്‍കുഞ്ഞുള്ളത്.
പിന്നീട് ബിഹാറില്‍ അധ്യാപികയായി ജോലി നോക്കി. 2024-ല്‍ കേരളത്തില്‍ തിരിച്ചെത്തിയശേഷമാണ് രണ്ടുപേരെ വിവാഹം കഴിച്ചത്. പിന്നീട് മൂന്നുപേരുമായി വിവാഹം നിശ്ചയിച്ചു. യു.എസില്‍ നഴ്‌സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-ന് വിവാഹം കഴിച്ചു. മാര്‍ച്ച് ഒന്നിന് വാളകം സ്വദേശിയെ വിവാഹം കഴിച്ചു. ശേഷം കോട്ടയം സ്വദേശിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ആര്യനാട്ടുള്ള പഞ്ചായത്തംഗവും തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹം തീരുമാനിച്ചത്.ഇവരെയെല്ലാം രേഷ്മ പരിചയപ്പെട്ടത് മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ്. വിവാഹം കഴിച്ച രണ്ടുപേരുമായും കോട്ടയം സ്വദേശിയുമായും ഒരേസമയം നല്ല സൗഹൃദമാണ് രേഷ്മ പുലര്‍ത്തിയിരുന്നത്.
രേഷ്മയുടെ അമ്മയും കുഞ്ഞും വാളകം സ്വദേശിക്കൊപ്പമാണ് താമസിക്കുന്നത്. രേഷ്മ കൂടുതലായും താമസിച്ചിരുന്നത് തൊടുപുഴയിലെ വീട്ടിലാണ്. തൊടുപുഴ സ്വദേശി വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളില്‍ തിരിച്ച് വിദേശത്തേക്കു പോയി. ഇയാളുടെ കുടുംബവുമായും അടുത്ത സൗഹൃദം. കോട്ടയം സ്വദേശിയാണ് രേഷ്മയെ ഇരു വീടുകളിലേക്കും കൊണ്ടാക്കിയിരുന്നത്. ആര്യനാട്ടെ കല്യാണത്തിന്റെ തലേദിവസം ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ക്ഷേത്രം അടച്ചതിനാല്‍ നടന്നില്ല. ആര്യനാട്ടെ കല്യാണത്തിനായി രേഷ്മയെ വെമ്പായത്ത് കൊണ്ടുവിട്ടതും കോട്ടയം സ്വദേശിയായ യുവാവാണ്. വിവാഹങ്ങള്‍ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്‌നേഹത്തിനു വേണ്ടിയായിരുന്നു എന്നുമാണ് രേഷ്മ പോലീസിനോട് പറഞ്ഞത്. വിശദമായ അന്വേഷണത്തില്‍ ഇതു സത്യമാണെന്നാണ് പോലീസ് പറയുന്നത്. തന്നെ ജയിലില്‍ അടയ്ക്കണമെന്നും പുറത്തിറങ്ങിയാല്‍ തട്ടിപ്പ് ആവര്‍ത്തിക്കുമെന്നും രേഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.