-->
ന്യൂഡല്‍ഹി: ബിജെപിയുമായി അടുക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ശശി തരൂര്‍ കോണ്‍ഗ്രസിന് വീണ്ടും തലവേദനയുണ്ടാക്കുന്നു. പ്രധാനമന്ത്രിയുമായി ശശിതരൂര്‍ ഇന്നലെ വീണ്ടും കൂടിക്കാഴ്ച നടത്തിയത് വലിയ ഊഹാപോഹങ്ങള്‍ക്ക് കാരണമാകുന്നു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തിന്റെ ഭാഗമല്ലാതെയുള്ള കൂടിക്കാഴ്ചയാണ് പുതിയ അഭ്യുഹങ്ങള്‍ സൃഷ്ടിക്കുന്നത്.
കഴിഞ്ഞദിവസം പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി അതിന് ശേഷം ഇന്നലെ വൈകിട്ട് ശശി തരൂരിനെ വീണ്ടും തന്റെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇന്നലെ രാത്രി ഇരുവരും കൂടിക്കാഴ്ച നടത്തിയതായി വിവരമുണ്ട്. അതേസമയം എന്ത് കാര്യമാണ് ചര്‍ച്ച നടത്തിയതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി പ്രധാനമന്ത്രിയെ രാജ്യത്തിനകത്തും പുറത്തും പുകഴ്ത്തുന്ന നടപടി തുടരുന്ന തരൂരിനോട് കോണ്‍ഗ്രസില്‍ നിന്നും വലിയ അതൃപ്തി പുകയുന്നുണ്ട്.
കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങള്‍ തെറ്റിച്ചുകൊണ്ടിരിക്കുന്ന തരൂര്‍ ബിജെപിയോട് അടുക്കുകയാണോ എന്നാണ് സംശയം. എന്നാല്‍ അത് ശശി തരൂരിന്റെ വ്യക്തിപരമായ അഭിപ്രായമായിട്ടാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. എന്നാല്‍ തരൂര്‍ ബിജെപിയിലേക്ക് പോകുമോ എന്ന ഊഹാപോഹങ്ങള്‍ക്ക് ഇടയില്‍ പുതിയ കൂടിക്കാഴ്ച നിര്‍ണ്ണായകമാണെന്നാണ് കരുതുന്നത്. കേന്ദ്രത്തെ ആവര്‍ത്തിച്ച് പുകഴ്ത്തുന്ന ശശി തരൂര്‍ കോണ്‍ഗ്രസുമായി അകലുകയാണോ തരൂര്‍ പുറത്തേക്ക് പോകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
തരൂരുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പുകയുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള ഡിപ്‌ളോമാറ്റിക് പദവി നല്‍കുന്നതിന് വേണ്ടിയാണോ കൂടിക്കാഴ്ചയെന്നും കോണ്‍ഗ്രസ് ആശങ്കപ്പെടുന്നുണ്ട്. അതിനിടയില്‍ ശശി തരൂര്‍ ഇന്ന് വിദേശത്തേക്ക് പോകുകയാണ്. പ്രതിനിധി സംഘവുമായി ബന്ധപ്പെട്ട ദൗത്യം പൂര്‍ത്തിയാക്കിയ തരൂര്‍ ഇന്ന് ലണ്ടനിലേക്ക് പോകുകയാണ്.