-->
ചാള്‍സ്റ്റണ്‍ (വെസ്റ്റ് വിര്‍ജീനിയ): വെസ്റ്റ് വിര്‍ജീനിയയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന 29 കാരനായ ഇന്ത്യന്‍ പൗരന്‍ ആകാശ് പ്രകാശ് മക്വാന വ്യാജ വിവാഹം നടത്തി യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ താമസിക്കാന്‍ ശ്രമിച്ചതായി കുറ്റസമ്മതം നടത്തി. 2025 സെപ്റ്റംബര്‍ 26 ന് മക്വാനക്കു ശിക്ഷ വിധിക്കും . മക്വാനക്കു ജയില്‍ ശിക്ഷയും പിഴയും നാടുകടത്തലും നേരിടേണ്ടിവരും.
മക്വാന റോണ്‍സെവെര്‍ട്ടില്‍ താമസിക്കുകയും അനുമതിയില്ലാതെ ജോലി ചെയ്യുകയും ചെയ്തു. 2019 നവംബറില്‍ ജെ-1 വിസയില്‍ യുഎസില്‍ എത്തിയെങ്കിലും 2020 ല്‍ അത് കാലഹരണപ്പെട്ടതിന് ശേഷം നിയമവിരുദ്ധമായി താമസിച്ചു.
2021 ഓഗസ്റ്റില്‍, ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഒരു യുഎസ് പൗരയെ വിവാഹം കഴിക്കാന്‍ മക്വാന $10,000 നല്‍കാന്‍ സമ്മതിച്ചു. 2021 സെപ്റ്റംബര്‍ 3 ന് അവര്‍ വിവാഹിതരായി. വിവാഹം യഥാര്‍ത്ഥമാണെന്ന് വരുത്തിത്തീര്‍ക്കാന്‍, മക്വാന ഒരു പാട്ടക്കരാര്‍ വ്യാജമായി ഉണ്ടാക്കി, പൗരന്റെ പേര് യൂട്ടിലിറ്റി ബില്ലുകളിലും ബാങ്ക് അക്കൗണ്ടുകളിലും ചേര്‍ത്തു. അനുമതിയില്ലാതെ പാട്ടക്കരാറിലുള്ള ഒരു പ്രോപ്പര്‍ട്ടി മാനേജരുടെ പേരും ഒപ്പും വ്യാജമായി ഉണ്ടാക്കിയതായി അദ്ദേഹം സമ്മതിച്ചു.
വ്യാജ വിവാഹ പദ്ധതി ഫലിക്കാതെ വന്നപ്പോള്‍, യു.എസ്. പൗരനായ പങ്കാളി തന്നെ പീഡിപ്പിച്ചുവെന്ന് അവകാശപ്പെട്ട് മക്വാന യു.എസ്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു പരാതി നല്‍കി. രാജ്യത്ത് തുടരാനും ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനും വേണ്ടിയുള്ള നുണയാണിതെന്ന് അദ്ദേഹം പിന്നീട് സമ്മതിച്ചു.
പി പി ചെറിയാന്‍