Tuesday, March 24, 2026 Last Updated 54 Min 53 Sec ago English Edition
Todays E paper
Ads by Google
വിനോദ് കണ്ണോളി
Thursday 05 Jun 2025 12.48 PM

ഇന്‍ടേക് ഡിസൈനിലെ പാളിച്ച ; പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ പദ്ധതിയില്‍ തിരിച്ചടി

uploads/news/2025/06/784786/pallivasal.jpg

ഇടുക്കി: ഇന്‍ടേക് ഡിസൈനിലെ പാളിച്ചകാരണം പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ പദ്ധതിയില്‍ തിരിച്ചടി. കെ.എസ്.ഇ.ബിയുടെ 60 മെഗാവാട്ട് പദ്ധതിയായ ഇതിലൂടെ ലഭ്യമാകുന്നത് 36 മെഗാവാട്ട് മാത്രമെന്നാണ് ആക്ഷേപം. നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രവര്‍ത്തനസജ്ജമായ പദ്ധതിയിലെ ഇന്‍ടേക് ഡിസൈനില്‍ വന്ന പാളിച്ചയാണ് വിനയായതെന്നാണു സൂചന. ടണല്‍ ഇന്‍ടേക്കില്‍ തുടര്‍ച്ചയായി മാലിന്യം അടിയുന്നതുമൂലം ഫുള്‍ലോഡ് ചെയ്യാനുള്ള വെള്ളം പെന്‍സ്‌റ്റോക്കിലേക്ക് എത്തുന്നില്ല. ഇതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ട്രാഷ് റാക്കില്‍നിന്നു തുടര്‍ച്ചയായി മാലിന്യം നീക്കംചെയ്യുന്നുണ്ടെങ്കിലും ജനറേറ്ററുകള്‍ പൂര്‍ണതോതില്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. മഴക്കാലമായാല്‍ കൂടുതല്‍ മണലും ചെളിയും തടിക്കഷണങ്ങളും ഒഴികിയെത്തും. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴ പ്രതിസന്ധി രൂക്ഷമാക്കിയതായും സൂചനയുണ്ട്. പുതിയ പെന്‍സ്‌റ്റോക്കുമായി ബന്ധിപ്പിച്ച് പഴയ പള്ളിവാസല്‍ പവര്‍ഹൗസിന്റെ ശേഷി കൂട്ടാനുള്ള പദ്ധതിയും ഇതോടെ നിര്‍ത്തിവച്ചതായാണു വിവരം.

രണ്ടു പവര്‍ ഹൗസുകളും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ 97.5 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിനു ലഭിക്കും. എന്നാല്‍ 60 മെഗാവാട്ട് പോലും പ്രവര്‍ത്തിപ്പിക്കാന്‍ വെള്ളമെത്താത്ത സാഹചര്യത്തില്‍ ഇന്റര്‍കണക്ഷന്‍ പദ്ധതിയും അനിശ്ചിതത്വത്തിലായി. മൂന്നാര്‍ ബ്ലോസം പാര്‍ക്കിനു സമീപം പുഴയില്‍നിന്നു നേരിട്ട് വെള്ളം കടത്തിവിടുന്ന രീതിയിലാണ് ഇന്‍ടേക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 500 മീറ്ററെങ്കിലും റിവേഴ്‌സ് ഫ്‌ളോ ഉണ്ടാകുന്ന രീതിയില്‍ ഇതു ഡിസൈന്‍ ചെയ്തിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്‍ടേക്കിന്റെ ചരിവിലും പ്രശ്‌നമുണ്ട്. ഇതു മാറ്റിസ്ഥാപിക്കണമെങ്കില്‍ 50 കോടിക്കു മുകളില്‍ ചെലവിടേണ്ടി വരുമെന്നാണു വിലയിരുത്തല്‍.

2010 ല്‍ തുടക്കംകുറിച്ച കുറ്റ്യാടി അഡീ. എക്‌സ്റ്റന്‍ഷനു ശേഷം സംസ്ഥാനത്ത് കമ്മിഷനിങ്ങിനു തയാറായ ഏറ്റവും വലിയ പദ്ധതിയാണു പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍. ഒന്നാം നമ്പര്‍ ജനറേറ്റര്‍ നവംബര്‍ അഞ്ചിനും രണ്ടാം നമ്പര്‍ നവംബര്‍ 24 നും 72 മണിക്കൂര്‍ ടെസ്റ്റ് റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പുതുവര്‍ഷ സമ്മാനമായി പദ്ധതി മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. പദ്ധതിയില്‍ 50 ദശലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഇതുവരെ ഉത്പാദിപ്പിച്ചിട്ടുണ്ട്. 2006 ഡിസംബര്‍ 26 ന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച പദ്ധതിയാണിത്. 268.01 കോടി രൂപ എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതിക്ക് ഇപ്പോള്‍ 600 കോടിയോളം മുടക്കിയിട്ടുണ്ട്.

Ads by Google
വിനോദ് കണ്ണോളി
Thursday 05 Jun 2025 12.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW