-->
തിരുവനന്തപുരം : ദേശീയപാത നിർമ്മാണത്തിലെ ദൗർഭാഗ്യകമായ സംഭവങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുമായുള്ള ചർച്ചയിലുയർന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 360 മീറ്റർ വയഡക്ട് നിർമ്മിക്കുമെന്ന് ഉറപ്പ് നൽകി. നിർമ്മാണത്തിലെ അപാകതകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്നും റിയാസ് വാർക്കാ സമ്മേളനത്തിൽ വ്യക്തമാക്കി.
എൻഎച്ച് 66 യാഥാർത്ഥ്യമാകില്ലെന്ന വാദങ്ങളെ സർക്കാർ നിഷ്പ്രഭമാക്കി. സംസ്ഥാന സർക്കാറും, മുഖ്യമന്ത്രിയും സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. 2025 ഡിസംബറിൽ തന്നെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന ഉറപ്പ് കിട്ടി. 2026 ലെ പുതുവർഷ സമ്മാനമാകും. സർക്കാരിനൊപ്പം കേന്ദ്രമുണ്ടാകുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാത 66 നിർമാണം ഈ വർഷം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകുന്നു. ബുധനാഴ്ച ഡൽഹിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂരിയാട് ദേശീയ പാത നിർമ്മാണം തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അധികം ആളുകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ദേശീയപാത നിർമാണത്തിൻ്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാർ നൽകിയ തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.