-->
തിരുവനന്തപുരം: ഹൈവേ നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി നടന്നെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിര്‍മ്മാണ കമ്പനികള്‍ക്ക് ഫേവറബിളാകുന്ന നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നതെന്നും ഹൈവേ നിര്‍മ്മാണത്തില്‍ വ്യാപകമായ പിഴവുകള്‍ ഉണ്ടായെന്നും എഞ്ചിനീയറിംഗ് - മണ്ണ് പരിശോധനാ പിഴവുവകള്‍ വന്നെന്നും നിര്‍മ്മിതികള്‍ ചീട്ടുകൊട്ടാരം പോലെ തകരുകയാണെന്നും കൂരിയാട് പോലെയുള്ള പ്രദേശത്ത് റീ കണ്‍സ്ട്രക്ഷന്‍ നടക്കണമെങ്കില്‍ കോടികള്‍ വേണമെന്നും പറഞ്ഞു.
പാലാരിവട്ടം പാലത്തിന് എഞ്ചിനീയറിംഗ് അപകാതയുണ്ടെന്ന റിപ്പോര്‍ട്ട് മാത്രം പുറത്തുവന്നതിന്റെ പേരില്‍ അന്നത്തെ മന്ത്രിക്കെതിരേ വിജിലന്‍സ് കേസെടുത്ത ജയിലില്‍ അയയ്ക്കാന്‍ നോക്കിയവരാണ് ഇവര്‍. എന്നാല്‍ അവര്‍ക്ക് ഇപ്പോള്‍ ആയിരക്കണക്കിന് കോടികള്‍ അഴിമതി നടത്തിയാല്‍ പോലും പരാതിയില്ലെന്നും മോദി സര്‍ക്കാരിന് മുന്നില്‍ പഞ്ചപുഛമടക്കി നില്‍ക്കുകയാണെന്നും പറഞ്ഞു. സാമൂഹ്യപെന്‍ഷന്‍ കാര്യത്തില്‍ വേണുഗോപാല്‍ നടത്തിയ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് പിന്തുണയ്ക്കുകയും ചെയ്തു.
ശമ്പളം കൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വെട്ടിച്ചുരുക്കി സര്‍ക്കാര്‍ പട്ടിണിക്കിട്ട് കൊല്ലുകയാണെന്നും മോദി സര്‍ക്കാരിന്റേ അതേ മനോഭാവമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്നും വിമര്‍ശിച്ചു.
കെ.സി പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും പറഞ്ഞു. നല്‍കിവരുന്ന സാമൂഹ്യപെന്‍ഷനില്‍ കുടിശ്ശിക വരുത്തും അത് തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടു മുമ്പ് നല്‍കുന്നത് നാട്ടുകാരെ പറ്റിക്കുകയാണ്. പാവപ്പെട്ടവന്റെ ദൈന്യതയെ സര്‍ക്കാര്‍ മുതലെടുക്കുകയാണ്്. ഖജനാവില്‍ പൈസയില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ നടത്തുന്നത് ആളെ പറ്റിക്കുന്ന പരിപാടിയാണ്. കെ.സി.പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. ഈ സര്‍ക്കാര്‍ ക്ഷേമനിധിയെ തകര്‍ത്തു. അംശാദായം വാങ്ങിയവരുടെ 20 മാസത്തെ പെന്‍ഷനാണ് തടഞ്ഞുവെച്ചത്. ക്ഷേമനിധിയോ പെന്‍ഷനോ ഒരെണ്ണം മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഇതുരണ്ടും നല്‍കിയിരുന്നതായും വി.ഡി. സതീശന്‍ പറഞ്ഞു.
ദി ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. മലപ്പുറത്തെ ജനങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് മുഖ്യമന്ത്രിയാണ്. സംഘപരിവാറിന്റെ ഈ അജണ്ഡ നടപ്പാക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. കേന്ദ്രത്തിനെതിരേ പ്രതികരിക്കാന്‍ ഈ സര്‍ക്കാരിന് ഭയമാണ്. തെറ്റായ മനോഭാവം തിരുത്തണം. മുഖ്യമന്ത്രിയും സംഘപരിവാരും ഒരേ പാതയിലാണ്. മലപ്പുറം മുഴുവന്‍ തീവ്രവാദികളാണെന്ന നിലപാടില്‍ നിങ്ങള്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നും ചോദിച്ചു.
മുമ്പ് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും വയനാട്ടില്‍ നിന്നും ജയിച്ചപ്പോള്‍ വര്‍ഗ്ഗീയവാദികള്‍ വോട്ടു ചെയ്താണ് ജയിച്ചതെന്നാണ് ആരോപണം. പ്രിയങ്കയ്ക്ക് വന്‍ ഭൂരിപക്ഷം നല്‍കിയവര്‍ തീവ്രവാദികളാണെന്നായിരുന്നു മുമ്പ് എ വിജയരാഘവന്‍ പറഞ്ഞത്. മലപ്പുറത്ത് നിന്നും എല്‍ഡിഎഫിന് കിട്ടിയ വോട്ടുകള്‍ തീവ്രവാദികളുടേതാണോ എന്ന് ചോദിച്ച അദ്ദേഹം ഇവിടെ ഇടതുപക്ഷത്തിന്റെ 40,000 ,50000 വോട്ടുകള്‍ തീവ്രവാദികളുടേതാണോ എന്ന് എല്‍ഡിഎഫ് വ്യക്തമാക്കണമെന്നും പറഞ്ഞു.
നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് സിപിഎമ്മുമായുള്ള കൂട്ടുകെട്ടാണ്. അത് തകര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.
അന്‍വര്‍വിഷയം അടഞ്ഞ അദ്ധ്യായം അതില്‍ പ്രതികരിക്കാനില്ലെന്ന് വി.ഡി. സതീശന്‍. തങ്ങള്‍ക്ക് കിട്ടേണ്ട ഒരു വോട്ടും പുറത്തുപോകില്ല.