-->
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 'പൂവും പുല്ലും' ചിഹ്‌നത്തില്‍ മത്സരിക്കും. നിലമ്പൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അന്‍വര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയാണ് അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചത്.
താന്‍ മത്സരിച്ചാല്‍ മമതയും 10 മന്ത്രിമാരും പ്രചാരണത്തിനെത്തുമെന്ന് അന്‍വര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. വി.ഡി. സതീശന്റെ കാലുനക്കി മുന്നോട്ടുപോകാനില്ലെന്നും പോരാടി മരിക്കാന്‍ തയാറാണെന്നും അന്‍വര്‍ പറഞ്ഞു. സതീശനില്‍ ഹിറ്റ്ലറുടെ രൂപമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസില്‍ നടക്കുന്നതു ഹിറ്റ്‌ലറിസമാണ്. സതീശനു പിന്നില്‍ പിണറായി വിജയനാണ്. അന്‍വറിനെ അടുപ്പിക്കരുതെന്നാണ് നിര്‍ദേശം.
പിണറായിയുടെ സഹായമില്ലെങ്കില്‍ പറവൂരില്‍ സതീശന്‍ ജയിക്കില്ല. സതീശനും ചില ഹരിത എം.എല്‍.എമാരും കോണ്‍ഗ്രസിനെ കുട്ടിച്ചോറാക്കി. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുത്താല്‍ കേരളത്തില്‍ യു.ഡി.എഫിന്റെ അവസാനമാണെന്നു പറഞ്ഞയാളാണ് സതീശന്‍. ലീഗുകാര്‍ ഈ നേതൃത്വം അംഗീകരിക്കുമോ? കെ. സുധാകരന്‍ അറിയാതെയായിരുന്നു നിലമ്പൂരിലെ സ്ഥാനാര്‍ഥി നിര്‍ണയം.
യു.ഡി.എഫ്. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരേ ജനവികാരം ശക്തമാണ്. വ്യാപാരി വ്യവസായി സമൂഹവും എതിരാണ്. ഷൗക്കത്തിന് മുസ്ലിം സമുദായത്തിന്റെ പിന്തുണയില്ല. എം.എല്‍.എ. പദവി രാജിവയ്ക്കുമ്പോള്‍ വീണ്ടും മത്സരിക്കുമെന്ന് പറയാമായിരുന്നെങ്കിലും താനത് ചെയ്തില്ല. മലയോരമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫിന് വഴിതുറക്കുകയാണ് ചെയ്തത്. കുടിയേറ്റ കര്‍ഷകനെ സ്ഥാനാര്‍ഥിയാക്കിയാല്‍ യു.ഡി.എഫിന് ഗുണമാകുമായിരുന്നു. അതിനാലാണ് ഡി.സി.സി. പ്രസിഡന്റിനെ മത്സരിപ്പിക്കണമെന്നു പറഞ്ഞത്.
ഷൗക്കത്തിന് ജയിക്കാനാവില്ല. ശബരിമല വിഷയത്തില്‍ ഇടതുസ്ഥാനാര്‍ഥി എം. സ്വരാജിന്റെ നിലപാട് ജനം മറന്നിട്ടില്ല. പാലക്കാട്ട് മത്സരിക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിനു പൂര്‍ണപിന്തുണ കൊടുത്തിരുന്നു. അദ്ദേഹം സ്വകാര്യമായി തന്നെ വന്നുകണ്ടിരുന്നു. കെ. സുധാകരന്‍ മഞ്ചേരിയില്‍ വന്ന് കണ്ടിട്ടുണ്ട്. തന്റെ ജീവന്‍ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളുടെ കൈകളിലാണ്. 2026-ലെ തെരഞ്ഞെടുപ്പുവരെ ഒരുപക്ഷേ, ജീവിച്ചിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.