-->
കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. നടി അഭിരാമി ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ അഭിരാമിയ്ക്കും കമല്‍ ഹാസനും നേരെ വന്‍ തോതില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. കമല്‍ഹാസന്റെ കഥാപാത്രവും അഭിരാമിയുടെ കഥാപാത്രവും തമ്മിലുളള ചുംബന രംഗമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഇപ്പോഴിതാ വിവാദമായി മാറിയ ആ ചുംബന രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമി.
തഗ് ലൈഫ് പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ചിത്രത്തിന്റെ പേരില്‍ ഉയരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും അഭിരാമി പറഞ്ഞു.
'നോക്കൂ, ഇന്നത്തെക്കാലത്ത് എന്ത് ചെയ്താലും അതൊരു വിവാദമായി മാറും, അതില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. മണി സാറിന്റെ ലോജിക്കിനെയും അതുപോലെ എന്നെ അങ്ങനെയൊരു കഥാപാത്രത്തിലേക്ക് തിരഞ്ഞെടുത്തതിനെയും ജഡ്ജ് ചെയ്യാന്‍ എനിക്ക് കഴിയില്ല.
അദ്ദേഹത്തിന്റെ ലോജിക് എന്തു തന്നെയായാലും, ഞാന്‍ അതിനോട് യോജിക്കുന്നു. മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ചുംബന രംഗമാണത്. ട്രെയ്ലറില്‍ അത് മാത്രമേ കാണിച്ചിട്ടുള്ളൂ, അതുകൊണ്ടാണ് ആളുകള്‍ തെറ്റിദ്ധരിക്കുന്നത്. സിനിമ കാണുമ്പോള്‍ ആ രംഗവും ചുംബനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളുമൊക്കെ വരുമ്പോള്‍ നിങ്ങള്‍ക്ക് അതൊട്ടും മോശമായ ഒന്നായി തോന്നില്ല. ആ രംഗത്തോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണത്.
ഇത് ഇത്രയധികം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അത് അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയ്ക്ക് മാര്‍ക്കറ്റിങിന് ഗുണകരമായത് എന്തും ആളുകള്‍ ചെയ്യും. ആ വശം എനിക്ക് മനസിലായതാണ്. പക്ഷേ ഒരു നിഗമനത്തില്‍ എത്തുന്നതിന് മുന്‍പ് സിനിമ കാണണമെന്നാണ് എനിക്ക് ആളുകളോടെ പറയാനുള്ളത്'. - അഭിരാമി പറഞ്ഞു.
അതോടൊപ്പം മണിരത്‌നം, കമല്‍ ഹാസന്‍, എആര്‍ റഹ്മാന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ബഹുമതിയായി കരുതുന്നുവെന്നും അഭിരാമി പറഞ്ഞു. ശക്തമായ, ആത്മവിശ്വാസമുള്ള വളരെ മനോഹരമായ കഥാപാത്രമാണ് തഗ് ലൈഫിലെ തന്റേതെന്നും അതുകൊണ്ട് ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ മണി സാറിനോട് യെസ് പറയാന്‍ തനിക്ക് എളുപ്പമായിരുന്നുവെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.