-->
ഹൂസ്റ്റണ്‍ : മെയ് 24 ശനിയാഴ്ച ഹൂസ്റ്റണില്‍ നടന്ന ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റില്‍ വച്ച് കേരളത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ മേഖലയിലെ സജീവ സാന്നിദ്ധ്യവുമായ കെ.പി വിജയനെ 'സേവനശ്രീ' പുരസ്‌കാരം നല്‍കി ആദരിച്ചു.
മുന്‍ പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല എംഎല്‍എ യില്‍ നിന്നാണ് അദ്ദേഹം പൊന്നാടയും മെമെന്റോയും ഏറ്റുവാങ്ങിയത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിന്റെ ആഭിമുഖ്യത്തില്‍ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍, ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ജഡ്ജ് ജൂലി മാത്യു, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഈപ്പന്‍ കുര്യന്‍ തിരുവല്ല തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
കേരളത്തില്‍ കെപിവി ചാരിറ്റബിള്‍ ട്രസ്റ്റില്‍ കൂടി നൂറു കണക്കിന് കുടുംബങ്ങള്‍ക്കു ആശ്രയമായി മാറിയ പ്രമുഖ ബിസിനസ് സംരംഭകനും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി പാര്‍ട്ണറുമായ കെ.പി വിജയന് സേവനശ്രീ പുരസ്‌കാരം നല്‍കി ആദരിക്കും. കേരളത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്ന്യ തിരുവല്ല വിജയ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്റര് ഉടമകൂടിയാണ് വിജയന്‍.
പ്രവാസി വ്യവസായിയായ കെ.പി വിജയന്‍ തിരക്കുകള്‍ക്കിടയിലും കെ.പി.വി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി പാര്‍ട്ട്‌നര്‍, വിജയ ഇന്റെര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഡയറക്റ്റര്‍, കാര്‍ത്തിക റസിഡന്‍സി എറണാകുളം ഡയറക്റ്റര്‍, എറണാകുളം ശ്രീനാരായണ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്റ്റര്‍, എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍, തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഉപദേശകസമിതി രക്ഷാധികാരി തുടങ്ങി വിവിധ രംഗങ്ങളിലും കര്‍മ്മനിരതനാണ്.
തിരുവല്ലയിലെ കാര്‍ഷികഗ്രാമമായ വെണ്‍പാലയിലെ കളത്തിപ്പറമ്പില്‍ വീട്ടില്‍ കെ.പി വിജയന്‍, സ്വന്തം വരുമാനത്തിന്റെ നല്ലൊരുപങ്കും മറ്റുള്ളവരുടെ കണ്ണീരൊപ്പാനും തുണയേകാനുമാണ് ചെലവിടുന്നത്. വിദേശത്തെ ബിസിനസുകള്‍ക്കൊപ്പം മൂന്ന് പതിറ്റാണ്ടിലേറെയായി നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും തുടരുന്നു. നാടിന്റെ ഉന്നതിക്കും ഉത്ഥാനത്തിനുമായി കെ.പി. വിജയന്‍ ചാരിറ്റബിള്‍ ട്രസ്റ്റും രൂപീകരിച്ചു. നിര്‍ധനര്‍ക്ക് നിര്‍ലോഭം സഹായങ്ങള്‍ നല്‍കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവല്ലയിലും സമീപസ്ഥലങ്ങളിലും കാരുണ്യം ചൊരിയുകയാണ്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നതും രോഗദുരിതങ്ങള്‍ ബാധിച്ചതുമായ അഞ്ഞുറോളം നിര്‍ധന കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നതാണ് ട്രസ്റ്റിന്റെ പ്രധാന പദ്ധതി.
വര്‍ഷംതോറും ആയിരത്തിലധികം നിര്‍ധന കുട്ടികള്‍ക്കാണ് ബാഗും കുടയും മറ്റു പഠനോപകരണങ്ങളും നല്‍കുന്നത്. വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വിവാഹ- വൈദ്യ സഹായവും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലുണ്ട്. പഠിച്ച സ്‌കൂളുകള്‍ ഉള്‍പ്പെടെ സമീപപ്രദേശങ്ങളിലെ ഒട്ടേറെ സ്‌കൂളുകളുടെ ഉന്നതിക്കും ട്രസ്റ്റ് കരുതലാകുന്നു.
റെഡ്ക്രോസിന്റെ പാര്‍ട്ണറായ കെ.പി വിജയന്‍, തിരുവല്ല റെഡ്‌ക്രോസ് സൊസൈറ്റിയുടെയും മധുര അരവിന്ദ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ നൂറുകണക്കിന് ആളുകള്‍ക്ക് സൗജന്യ നേത്രചികിത്സാ സഹായവും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചെയ്തിട്ടുണ്ട്. കാഴ്ച നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അമ്പതിനായിരത്തോളം പേര്‍ക്ക് കാഴ്ച ലഭിക്കാന്‍ ഈപ്രവര്‍ത്തനം സഹായിച്ചു.
സ്വന്തം ഉടമസ്ഥതയിലുള്ള ദുബായിലെ കമ്പനിയിലും എറണാകുളത്ത് ഹോട്ടല്‍ കാര്‍ത്തിക റസിഡന്‍സിയിലും വിജയ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്ക് തൊഴില്‍ നല്‍കിവരുന്നു. പ്രവാസ ജീവിതത്തിനിടെ ഒട്ടേറെ യുവാക്കള്‍ക്ക് ഗള്‍ഫ് മേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിവാങ്ങി നല്‍കാനും വിജയന് സാധിച്ചു.
ജീമോന്‍ റാന്നി