Friday, March 13, 2026 Last Updated 16 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 29 May 2025 01.23 PM

കൊച്ചിയില്‍നിന്ന് കാണാതായ 14 കാരന്‍ തൊടുപുഴയില്‍ കൈനോട്ടക്കാരനൊപ്പം ; തട്ടിക്കൊണ്ടുപോയതിനും ഉപദ്രവിച്ചതിനും 55 കാരനെതിരേ കേസ്

uploads/news/2025/05/783658/child-abduction.jpg

തൊടുപുഴ: ചൊവ്വാഴ്ച കൊച്ചിയില്‍നിന്ന് കാണാതായ 14 കാരനെ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്നു കൈനോട്ടക്കാരനൊപ്പം പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. വര്‍ഷങ്ങളായി തൊടുപുഴ നഗരത്തിനു സമീപം താമസിക്കുന്ന കൈനോട്ടക്കാരനായ മാഫിയ ശശി എന്നു വിളിക്കുന്ന ശശികുമാറിന്റെ (55) ഒപ്പമാണ് കുട്ടി രാത്രി കഴിഞ്ഞത്.

ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് എളമക്കര പോലീസിനു കൈമാറി. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ഉപദ്രവിച്ചതിനും ഇയാളുടെ പേരില്‍ പോക്‌സോ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസിന്റെ സേ പരീക്ഷയെഴുതാന്‍ കുട്ടി പോയത്. പരീക്ഷയെഴുതിയശേഷം പത്തോടെ സ്‌കൂളില്‍നിന്ന് പോയ കുട്ടി ഉച്ചയായിട്ടും വീട്ടിലെത്താതായതോടെ രക്ഷിതാക്കള്‍ അന്വേഷണം ആരംഭിക്കുകയും എളമക്കര പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മൂവാറ്റുപുഴ ഭാഗത്തേക്ക് പോയതായി വ്യക്തമായി. എന്നാല്‍ പോലീസും ബന്ധുക്കളും ചേര്‍ന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും ചൊവ്വാഴ്ച രാത്രി വൈകിയും കുട്ടിയെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ശശികുമാര്‍ കുട്ടിയുടെ ബന്ധുവിനെ വിളിച്ച് കുട്ടി തന്നോടൊപ്പമുണ്ടെന്ന് അറിയിക്കുകയായിരുന്നു.

എളമക്കര പോലീസ് അറിയിച്ചതനുസരിച്ച് തൊടുപുഴ പോലീസെത്തി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്ന് ശശികുമാറിനെയും കുട്ടിയെയും കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശിയായ യൂട്യൂബറിന്റെ ആരാധകനായ കുട്ടി ഇയാളുടെ വ്‌ളോഗ് കണ്ടാണ് നഗരത്തിലെത്തിയത്. അച്ഛന്‍ പലപ്പോഴായി നല്‍കിയ 60 രൂപയാണ് കുട്ടിയുടെ കൈയിലുണ്ടായിരുന്നത്. അമ്പലം റോഡിലെ ബസ് സ്‌റ്റോപ്പില്‍ കുട്ടി തനിച്ചിരിക്കുന്നതു കണ്ട ശശികുമാര്‍ അടുത്തു കൂടി ഓട്ടോയില്‍ കയറ്റി കോലാനി മാനാന്തടംപാറയിലെ വീട്ടിലെത്തിക്കുകയായിരുന്നു.

ഇവിടെ വച്ച് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി എതിര്‍ത്തതിനാല്‍ പിന്തിരിഞ്ഞു. ഇന്നലെ രാവിലെയാണ് ഇയാള്‍ ബന്ധുക്കളെ വിളിച്ച് കുട്ടി തന്നോടൊപ്പമുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്ന് എളമക്കര പോലീസും രക്ഷിതാക്കളും സ്‌റ്റേഷനിലെത്തി.

പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച കുട്ടിയെ ഇവര്‍ക്കു കൈമാറി. വിവിധ സ്ഥലങ്ങളിലായി മാറി താമസിക്കുന്ന ശശികുമാര്‍ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നതെന്ന് സി.ഐ: എസ്. മഹേഷ്‌കുമാര്‍ പറഞ്ഞു. തൊടുപുഴയില്‍ സുനില്‍കുമാര്‍ എന്നാണ് ഇയാള്‍ പേരു പറഞ്ഞിരുന്നത്. നേരത്തെ സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്നും സി.ഐ. പറഞ്ഞു. ശശികുമാറിനെ കോടതിയില്‍ ഹാജരാക്കുമെന്ന് എളമക്കര എസ്.എച്ച്.ഒ. പറഞ്ഞു.

Ads by Google
Thursday 29 May 2025 01.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW