-->
ആലപ്പുഴ : ലപ്പുഴയില്‍ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ എക്‌സൈസ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ദമ്പതികളും സഹായിയും പ്രതിയായ കേസില്‍ സിനിമാതാരം ശ്രീനാഥ് ഭാസി 21-ാം സാക്ഷി. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെയാണ് രണ്ടായിരത്തോളം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
തമിഴ്‌നാട് തിരുവെല്ലൂര്‍ കത്തിവാക്കം ഉലകനാഥപുരം എണ്ണൂര്‍ ഫോര്‍ത്ത് സ്ട്രീറ്റ് നമ്പര്‍ 85ല്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനി തസ്‌ലിമ സുല്‍ത്താന (ക്രിസ്റ്റീന- 41), സഹായി ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്‌ലിമയുടെ ഭര്‍ത്താവ് ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്ത് നഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലി (43) എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഇവര്‍ റിമാന്‍ഡിലാണ്.
ഏപ്രില്‍ രണ്ടിനാണ് മൂന്നു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴ ഓമനപ്പുഴയിലെ ഗാര്‍ഡന്‍ റിസോര്‍ട്ടില്‍നിന്ന് തസ്‌ലിമയും ഫിറോസും പിടിയിലായത്. എറണാകുളത്തും ആലപ്പുഴയിലും കഞ്ചാവ് എത്തിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ എക്‌സൈസിന്റെ വലയിലായത്. വൈകാതെ സുല്‍ത്താനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ആദ്യഘട്ടത്തില്‍ വിട്ടയച്ചു. എട്ട് ദിവസത്തിനുശേഷം സുല്‍ത്താനെ ചെന്നൈയില്‍നിന്ന് പിടികൂടി. വാട്ട്‌സ്ആപ്പില്‍ അയച്ചു നല്‍കിയ ചിത്രത്തിലൂടെയാണ് സുല്‍ത്താന്‍ കുടുങ്ങിയത്.
കഞ്ചാവ് ചെന്നൈയില്‍ കൊണ്ടുവന്ന ശേഷം തസ്ലിമയ്ക്ക് ഇയാള്‍ ചിത്രം അയച്ചു നല്‍കിയിരുന്നു. ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തസ്‌ലിമ കൊച്ചി കേന്ദ്രീകരിച്ച് സിനിമാ താരങ്ങള്‍ക്കും മോഡലുകള്‍ക്കും ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളും എത്തിച്ചുനല്‍കിയതായി മൊഴി നല്‍കിയിരുന്നു. ഇത് വ്യക്തമാക്കുന്ന ചാറ്റുകളും യു.പി.ഐ. പണമിടപാടുകളുടെ വിവരങ്ങളും ലഭിച്ചു. പിന്നാലെ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍നിന്നുള്ള അഞ്ചു പേരെ ചോദ്യം ചെയ്തു.
ഇവര്‍ക്ക് കേസില്‍ പങ്കുള്ളതായി തെളിഞ്ഞില്ലെങ്കിലും ശ്രീനാഥിന് തസ്ലീമയുമായുള്ള ബന്ധം കണ്ടെത്താനായി. മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍ ശ്രീനാഥ് ഭാസി 21-ാം സാക്ഷിയായി. ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി ചേര്‍ത്തല കോടതിയില്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. 55 സാക്ഷികളാണ് ആകെയുള്ളത്. അതില്‍ തസ്ലീമ, സുല്‍ത്താന്‍ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളും ഉള്‍പ്പെടുന്നു.