-->
മലയാളത്തിലെ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. നടൻ തന്റെ മാനേജർ ആയിരുന്ന വിപിൻ കുമാറിനെ മർദിച്ചെന്ന പരാതി ചൂടുപിടിക്കുകയാണ്. മറ്റൊരു സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദൻ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി തല്ലിയെന്ന പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദൻ വധഭീഷണി മുഴക്കിയെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നടൻ മുഖത്തടിക്കുകയും തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ അവസരത്തില്‍ നടനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഉണ്ണി മുകുന്ദനിലെ നടനേക്കാൾ തനിക്ക് ഇഷ്ടം അദ്ദേഹത്തിലെ വ്യക്തിയെയാണന്നും വന്ന വഴി മറക്കാത്ത താരമാണെന്നും അതിനാൽ നടൻ വിജയിക്കുമെന്നുമാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്. എനിക്ക് ഉണ്ണിമുകുന്ദൻ എന്ന നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് കൂടുതൽ ഇഷ്‌ടം. ഞാന്‍ കണ്ട സിനിമാക്കാരിൽ വല്ല്യ കള്ളത്തരം ഒന്നും ഉള്ളിൽ ഒളിപ്പിക്കാത്ത മുഖത്ത് നോക്കി കാര്യം പറയുന്ന വളരെ ജെനുവിനായ ഒരു മനുഷ്യൻ.
ഒരു വിജയം വന്നാൽ സ്വന്തം അപ്പനോട് പോലും 'കോൻ ഏ തൂ?' എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാൽ പോലും എല്ലാം മറക്കുന്ന സിനിമാക്കാരിൽ വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യൻ... അയാൾ വിജയിച്ചിരിക്കും എന്നായിരുന്നു ഒമർ ലുലുവിന്റെ വാക്കുകൾ.