-->
മലപ്പുറം : മുസ്‌ലിം ലീഗ് നേതാക്കളെ സന്ദര്‍ശിച്ച് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍. വ്യക്തിപരമായ സന്ദര്‍ശനമാണുണ്ടായതെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയോട് പറയാനുള്ളത് പറഞ്ഞുവെന്നും അന്‍വര്‍ വ്യക്തമാക്കി.
യുഡിഎഫ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വേണമെന്ന് പിവി അന്‍വര്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. പ്രഖ്യാപനം നടത്തിയില്ലെങ്കില്‍ മത്സരിക്കേണ്ടി വരുമെന്നും അന്‍വര്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും വ്യക്തിപരമായി ഞാനുമെടുത്ത നിലപാടിലും സൗഹാദര്‍മായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ലീഗ്. ഇപ്പോഴുണ്ടായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തോട് പറയുകയെന്നത് ധാര്‍മിക ഉത്തരവാദിത്തമാണെന്ന്അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു .
പാര്‍ട്ടിയും തങ്ങള്‍ കുടുംബവും കുഞ്ഞാലിക്കുട്ടിയും താനെടുത്ത പൊളിറ്റിക്കല്‍ നിലപാടിനോട് പോസിറ്റീവായാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കുഞ്ഞാലിക്കുട്ടി തന്ന പിന്തുണക്ക് എന്നും കടപ്പാടുണ്ട്. സ്‌നേഹവും താല്‍പര്യവും പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം അറിയാം. അന്‍വര്‍ പറഞ്ഞു. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് യുക്തമായ തീരുമാനം എടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കിയതായാണ് വിവരം.
അതേസമയം അന്‍വര്‍ വിഷയത്തില്‍ ലീഗ് മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അന്‍വറുമായി നിലവിലെ വിഷയങ്ങള്‍ സംസാരിച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ പക്ഷം പറഞ്ഞു. മുന്നണിയിലെ എല്ലാ ഘടകകക്ഷികളോടും സംസാരിക്കുന്നതുപോലെ ലീഗിനോടും അന്‍വര്‍ സംസാരിക്കുന്നു എന്നേയുള്ളൂ അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.