Friday, March 13, 2026 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 01.09 PM

കേരളത്തില്‍ കാലവര്‍ഷം ഇത്തവണ വളരെ നേരത്തേ ; ഒരാഴ്ച മുമ്പേയെത്തുന്നത് 16 വര്‍ഷത്തിനിടെ ആദ്യം

uploads/news/2025/05/782730/rain.gif

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ഇത്തവണ നേരത്തേയെത്തി. സാധാരണഗതിയില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന മണ്‍സൂണ്‍ ഇന്ന് മുതല്‍ കേരളത്തില്‍ ആരംഭിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യക്തമാക്കിയിരിക്കുന്നത്. ഇത്തവണ എട്ട് ദിവസം മുമ്പാണ് കാലവര്‍ഷം എത്തിയിരിക്കുന്നതെന്നും കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ ആദ്യമായിട്ടാണ് ഈ രീതിയില്‍ മണ്‍സൂണ്‍ എത്തുന്നത്.

2009 ലും 2001 ലും മെയ് 23 ന് സംസ്ഥാനത്ത് എത്തിയ കാലവര്‍ഷമാണ് അവസാനമായി സംസ്ഥാനത്ത് ഇത്രയും നേരത്തെ എത്തിയത്. ഏറ്റവും നേരത്തെ രേഖപ്പെടുത്തിയ വരവ് 1918 മെയ് 11 നായിരുന്നു. മറുവശത്ത്, വൈകി ആരംഭിച്ചതിന്റെ റെക്കോര്‍ഡ് 1972 ല്‍ ആയിരുന്നു, ജൂണ്‍ 18 നായിരുന്നു കാലവര്‍ഷം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മെയ് 30 നാണ് മണ്‍സൂണ്‍ എത്തിയത്.

മെയ് 29 വരെ കേരളത്തിലും കര്‍ണാടക തീരപ്രദേശങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്, കാറ്റ് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ എത്തും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍, മണ്‍സൂണ്‍ ആരംഭിക്കുന്നതിനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും സംസ്ഥാനത്ത് വികസിച്ചു, ന്യൂനമര്‍ദവും മുന്നേറുന്ന മണ്‍സൂണ്‍ സംവിധാനവും ചേര്‍ന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു.

കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം. മലയോര മേഖലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കുമരകത്ത്. കുമരകത്ത് 12 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്.

എറണാകുളം ചുണ്ടിയില്‍ 11 സെന്റീമീറ്റര്‍ മഴ ലഭിച്ചു. കേരളത്തില്‍ 40 സ്ഥലങ്ങളില്‍ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് ഉടനീളം മഴക്കെടുതിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ കണ്ണൂരിലെ പിണറായിയില്‍ സ്‌കൂട്ടര്‍ യാത്രികന്റെ മേലേക്ക് തെങ്ങ് കടപുഴകി വീണ് പരിക്കേറ്റു. എടക്കടവ് സ്വദേശി ഷിജിത്തിന്റെ നട്ടെല്ലിന് പരിക്കേറ്റു. കനത്ത മഴയിലും കാറ്റിലും 33 കെ വി ലൈനിലേയ്ക്ക് മരം വീണ് കഴിഞ്ഞ 24 മണിക്കൂറായി അട്ടപ്പാടിയില്‍ വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. ലൈനില്‍ മരം വീണ് ചാലിശ്ശേരിയിലും വൈദ്യൂതി മുടങ്ങി.

രണ്ടിടങ്ങളിലെയും പ്രശ്‌നം പരിഹരിക്കാനായി വൈദ്യുതി പുനസ്ഥാപിക്കാന്‍ കെഎസ്ഇബി ശ്രമം തുടരുകയാണ്. വെങ്ങാനൂര്‍ചാവടിനടയിലുള്ള വയലില്‍ കൃഷി ചെയ്തിരുന്ന 5000ത്തിലധികം വാഴ മഴയിലും കാറ്റിലും നശിച്ചു. 25 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW