-->
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസിനു മൊഴി നല്‍കിയവരാരും പ്രത്യേക അന്വേഷണസംഘത്തിനു (എസ്.ഐ.ടി) മുന്നില്‍ കേസെടുക്കാവുന്ന മൊഴി നല്‍കിയില്ല. പോലീസിനു പലരും നല്‍കിയ മൊഴികളില്‍ കേസെടുക്കാന്‍ കഴിയുന്നവയില്ലെന്ന് എസ്.ഐ.ടി. പറയുന്നു. അതിനാല്‍, എസ്.ഐ.ടി. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എഴുതിത്തള്ളാന്‍ കോടതിയില്‍ അപേക്ഷ നല്‍കും.
ലൈംഗികപീഡനം സംബന്ധിച്ചു മൊഴിനല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്നു ഹൈക്കോടതിയും സുപ്രീം കോടതിയും നിര്‍ദേശിച്ചതോടെയാണ് അന്വേഷണം വഴിമുട്ടിയത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മൊഴി നല്‍കാനും പരാതിപ്പെടാനും ചലച്ചിത്രപ്രവര്‍ത്തകര്‍ പൊതുവേ വിസമ്മതിച്ചിരുന്നു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. അതില്‍ നാലെണ്ണത്തില്‍ മാത്രമാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നോട്ടീസ് കിട്ടിയവര്‍ മജിസ്‌ട്രേറ്റിനു മൊഴിനല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താത്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം, കേസിനു താത്പര്യമില്ലെന്നാണു കമ്മറ്റി മുമ്പാകെ മൊഴിനല്‍കിയവരെല്ലാം അറിയിച്ചത്.
പരാതി നല്‍കാത്തവരുടെ മൊഴികളില്‍ എസ്.ഐ.ടി. കേസെടുക്കുന്നതു വിചിത്രമാണെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷണം. ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയെങ്കിലും തങ്ങള്‍ പീഡനപരാതി നല്‍കിയിട്ടില്ലെന്നും എന്നാല്‍, എസ്.ഐ.ടി. കേസ് രജിസ്റ്റര്‍ ചെയ്ത് ബുദ്ധിമുട്ടിക്കുകയാണെന്നുമാണ് നടി മാലാ പാര്‍വതി ഹര്‍ജിയില്‍ ആരോപിച്ചത്.
ജെബി പോള്‍