-->
ബെംഗളൂരു: ഇന്ത്യയില്‍ ഏറെ പഴക്കമുള്ള കര്‍ണാടകാസര്‍ക്കാരിന്റെ അധീനതയിലുള്ള മൈസൂര്‍ സാന്‍ഡല്‍ സോപ്പ് വിവാദത്തില്‍. ഇതിന്റെ പരസ്യത്തിലേക്ക് നടി തമന്നയെ കരാര്‍ ചെയ്തത് വലിയ വിവാദമായി മാറുകയാണ്. കര്‍ണാടകാസര്‍ക്കാരിന്റെ ഉല്‍പ്പന്നത്തിന്റെ പരസ്യത്തിന് മുംബൈയില്‍ ജനിച്ച ബോളിവുഡില്‍ നിന്നുള്ള ഒരാളെ നിയോഗിച്ചതാണ് വിവാദമായി മാറിയിരിക്കുന്നത്.
മൈസൂര്‍ സാന്‍ഡല്‍ സോപ്പ് നിര്‍മ്മിക്കുന്നത് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡാണ്. ആദ്യത്തെ മൈസൂര്‍ സാന്‍ഡല്‍ സോപ്പ് നിര്‍മ്മിച്ചത് 1916-ലാണ്. ഏകദേശം 110 വര്‍ഷങ്ങള്‍ക്ക് ശേഷം, ഐക്കണിക് സോപ്പ് ബ്രാന്‍ഡിന്റെ പ്രധാന പ്രമോട്ടര്‍ ആരായിരിക്കണമെന്നതിനെച്ചൊല്ലി കര്‍ണാടകയില്‍ രാഷ്ട്രീയവും സാംസ്‌കാരികവുമായ തര്‍ക്കം ഉയര്‍ന്നുവന്നിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ രണ്ടുവര്‍ഷ കാലയളവില്‍ 6.2 കോടി രൂപയുടെ പരസ്യക്കരാറാണ് തമന്നയുമായി ഒപ്പുവെച്ചിരിക്കുന്നത്. ഈ നീക്കത്തിനെതിരെ കന്നഡ അനുകൂല ഗ്രൂപ്പുകള്‍, പ്രാദേശിക പ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുകയായിരുന്നു. പ്രതിപക്ഷമായ ഭാരതീയ ജനതാ പാര്‍ട്ടി തീരുമാനത്തെ ചോദ്യം ചെയ്തു.
ഈ വിവാദം പ്രാദേശിക സ്വത്വത്തെയും പ്രാതിനിധ്യത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. കര്‍ണാടകയുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒരു ബ്രാന്‍ഡിനെ പ്രതിനിധീകരിക്കാന്‍ സര്‍ക്കാര്‍ ഒരു കന്നഡ നടിയെയാണ് തിരഞ്ഞെടുക്കേണ്ടത് എന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന പ്രധാനവാദം. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഔദ്യോഗികമായി കത്തയച്ചു. കര്‍ണാടക ഡിഫന്‍സ് ഫോറം സംസ്ഥാന പ്രസിഡന്റ് നാരായണ ഗൗദ്രു ഒരു പൊതു കത്തില്‍, തീരുമാനത്തെ അധാര്‍മ്മികവും നിരുത്തരവാദപരവും കന്നഡക്കാരുടെ വികാരങ്ങളില്‍ നിന്ന് വിച്ഛേദിക്കുന്നതുമാണ്. എന്നായിരുന്നു വിശേഷിപ്പിച്ചത്.
1916ല്‍ മൈസൂര്‍ മഹാരാജാവ് കൃഷ്ണരാജ വോഡയാര്‍ സ്ഥാപിച്ച മൈസൂര്‍ സാന്‍ഡല്‍ സോപ്പ്, കര്‍ണാടകയുമായി ജൈവബന്ധമുള്ള ഒരാള്‍ പ്രതിനിധീകരിക്കേണ്ട ഒരു പാരമ്പര്യം വഹിക്കുന്നുണ്ടെന്ന് ഗൗഡ അവകാശപ്പെട്ടു. അംഗീകാരത്തിനായി അനുവദിച്ച 6.2 കോടി, വിദ്യാഭ്യാസം, ആരോഗ്യം അല്ലെങ്കില്‍ തൊഴില്‍ തുടങ്ങിയ പൊതുക്ഷേമ സംരംഭങ്ങള്‍ക്കായി ചെലവഴിക്കാന്‍ കഴിയുമായിരുന്നു. കഴിവുള്ളവരും ജനപ്രിയരുമായ കന്നഡ നടിമാരെയാണ് ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിക്കേണ്ടത്. അത് കന്നഡക്കാരുടെ ഹൃദയത്തോട് കൂടുതല്‍ അടുക്കുകയും പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ കന്നഡ സര്‍ക്കാരും മൈസൂര്‍ സോപ്സ് കമ്പനിയും കന്നഡ നടികളെ അവഗണിച്ച് ബോളിവുഡ് നടിയെ തിരഞ്ഞെടുത്തത് കന്നഡക്കാരുടെ വികാരം വ്രണപ്പെടുത്തുന്നതായും പറഞ്ഞു.
അതേസമയം മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ വ്യാപനം കര്‍ണാടകയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുകയും ദേശീയ, ആഗോള ബ്രാന്‍ഡായി അതിനെ ഉയര്‍ത്തുകയും ചെയ്യുക ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് അധികൃതര്‍ പറയുന്നത്. ദീപിക പദുക്കോണ്‍, രശ്മിക മന്ദാന, പൂജ ഹെഗ്ഡെ, കിയാര അദ്വാനി എന്നിവരുള്‍പ്പെടെ നിരവധി പ്രശസ്തരായ താരങ്ങളെ വിലയിരുത്തിയിരുന്നു എന്നും തമന്നയുടെ പാന്‍-ഇന്ത്യ അപ്പീല്‍, 28 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്‍പ്പെടുന്ന ഡിജിറ്റല്‍ കാല്‍പ്പാട് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുത്തതെന്നും പറഞ്ഞു. 2028 ഓടെ 5,000 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.