-->
ന്യൂയോര്‍ക്ക് : ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വ്യാഴാഴ്ച ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാമിന് കീഴിലുള്ള സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കിയതോടെ ദുരിതത്തിലാകുന്നത് 788 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഇവര്‍ ഉള്‍പ്പെടെ 6,800 വിദേശ വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്. ഇവിടെ ചേരാന്‍ കാത്തുനില്‍ക്കുന്ന അനേകര്‍ക്കും തിരിച്ചടിയായി.
നിലവില്‍ യൂണിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്തിട്ടുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ ഭാവിയാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. ഇത് രാജ്യത്തുടനീളമുള്ള എല്ലാ സര്‍വകലാശാലകള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ഒരു മുന്നറിയിപ്പാണെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.
ഹാര്‍വാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഓരോ വര്‍ഷവും 500-800 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയുടെ ഭാഗമാകുന്നത്. ബിരുദം പൂര്‍ത്തിയാക്കാത്തവര്‍ മറ്റൊരു സര്‍വ്വകലാശാലയിലേക്ക് മാറേണ്ടതുണ്ടെന്നും അല്ലെങ്കില്‍ യുഎസില്‍ തുടരാനുള്ള നിയമപരമായ അനുമതി നഷ്ടപ്പെടുമെന്നും നോം പറഞ്ഞതോടെ വിദേശ വിദ്യാര്‍ത്ഥികള്‍ എന്തു ചെയ്യണമെന്ന് അറിയാതെ ഇപ്പോള്‍ പരക്കം പായുന്നു.
'അക്രമം, യഹൂദവിരുദ്ധത, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കാമ്പസില്‍ ഏകോപിപ്പിക്കല്‍ എന്നിവയെല്ലാം രാജ്യത്ത് വളരുന്നതിന് ഭരണകൂടം ഹാര്‍വാര്‍ഡിനെയാണ് ഉത്തരവാദികളാക്കുന്നത്. നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി അവര്‍ക്ക് സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷന്‍ നഷ്ടപ്പെട്ടു. ഇത് രാജ്യത്തുടനീളമുള്ള എല്ലാ സര്‍വകലാശാലകള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ഒരു മുന്നറിയിപ്പാകട്ടെ എന്നാണ് ട്രംപ് ഭരണകൂടം കണക്കാക്കുന്നത്.