-->
ന്യൂഡല്‍ഹി: വെള്ളവും കശ്മീരും തീവ്രവാദവും വ്യാപാരവുമടക്കം പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അയല്‍ക്കാര്‍ സമ്മര്‍ദ്ദപ്പെടുത്തിയിരിക്കുന്ന എല്ലാക്കാര്യത്തിലും ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. യാഥാര്‍ത്ഥ്യമായാല്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സംഘത്തെ നയിക്കുമെന്നും പാക്പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.
പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് സൗദി ഗസറ്റാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഇനി പാകിസ്താനുമായി ചര്‍ച്ചയുണ്ടെങ്കില്‍ അത് തീവ്രവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം സൈനികകേന്ദ്രം സന്ദര്‍ശിച്ച ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ വ്യക്തമാക്കിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താന്‍ വ്യക്തമാക്കിയത്. വെടിനിര്‍ത്തലിന് പിന്നാലെ ഇന്ത്യയുമായി ഉന്നതതല ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന നിലപാടുമായി പാകിസ്ഥാന്‍ രംഗത്ത് എത്തിയിരുന്നെങ്കിലൂം ഇന്ത്യ പ്രതികരിച്ചിട്ടില്ല. നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താനും തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ് ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.
അതേസമയം വെടിനിര്‍ത്തലിന് ശേഷം അതിര്‍ത്തികള്‍ സാധാരണനിലയിലേക്ക് വരുമ്പോള്‍ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതല്‍ നടപടി കൈക്കൊള്ളാന്‍ രണ്ടു സേനകളും ധാരണയിലെത്തിയിട്ടുണ്ട്. ഡിജിഎംഒ തലത്തില്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കാനും ഒരുങ്ങുകയാണ്. അതിര്‍ത്തിയില്‍ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് കരസേനാ വൃത്തങ്ങളുടെ അറിയിപ്പ്.