-->
ഹൂസ്റ്റണ്: ഇന്‍ഡ്യന്‍ വോളീബോള്‍ ചരിത്രത്തിലെ ഇതിഹാസമായിരുന്ന, യശശരീരനായ ജിമ്മി ജോര്‍ജിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി അമേരിക്കയിലെ കായികപ്രേമികളുടെ സംഘടനയായ KVLNA ( കേരള വോളീബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക) യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 35 വര്‍ഷമായി നടത്തി വരുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വേളീബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മെയ് 24-25 തിയതികളില്‍ ഹൂസ്റ്റണ് സമീപമുള്ള ആല്‍വിന്‍സിറ്റിയിലെ Upside sports plex -ല്‍ ആണ് ടൂര്‍ണമെന്റ് നടക്കുന്നത്
ജോസ് കുന്നത് പ്രസിഡന്റും, ബിനോയ് ജോര്‍ജ് സെക്രട്ടറിയും തോമസ് ജോര്‍ജ് ട്രഷററുമായ ഹൂസ്റ്റണ്‍ ചാലഞ്ചേഴ്‌സ് ക്ലബാണ് ഈ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ ജോജി ജോസ് അറിയിച്ചു. ജോജി ജോസിനോടൊപ്പം, വിനോദ് ജോസഫ്, ബോസ് കുര്യന്‍ എന്നിവര്‍ ജനറല്‍ കോഡിനേറ്റേഴ്‌സായും നേതൃത്വം നല്‍കുന്ന പതിനഞ്ചോളം കമ്മിറ്റികളും ഈ ടൂര്‍ണമെന്റ് നടത്തിപ്പിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നു.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 12 ഓളം ടീമുകളാണ് ഇത്തവണ ഈ സൂപ്പര്‍ ട്രോഫി കരസ്ഥമാക്കാന്‍ കളത്തിലിറങ്ങുന്നത്. 40 വയസ്സിന് മുകളിലുള്ളവര്‍ക്കായുo 18 വയസ്സിന് താഴെയുള്ളവര്‍ക്കായും വേറെയും മത്സരങ്ങള്‍ നടത്തപ്പെടുന്നു. ഹ്യൂസ്റ്റനിലും പരിസരപ്രദേശത്തുള്ളവരും, മറ്റു സമീപ നഗരങ്ങളില്‍ നിന്നുമുള്ള കായിക പ്രേമികളും, ജിമ്മി ജോര്‍ജ് ആരാധകരുമായി , മത്സരങ്ങള്‍ കാണുന്നതിനായും കളിക്കാരെ പ്രോത്സാഹിപ്പിക്കാനുമായി എത്തുന്ന വന്‍ ജനാവലിയെ എതിരേല്‍ക്കുവാന്‍ ഹൂസ്റ്റണ്‍ ഒരുഞ്ഞിക്കഴിഞ്ഞു.
ഈ ടൂര്‍ണമെന്റിന്റെ എടുത്തു പറയേണ്ട സവിശേഷത ഇതിന്റെ ചെലവുകള്‍ക്കായി ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കുന്ന ഇതിന്റെ സ്‌പോണ്‍സേര്‍സ് ആണ്. ' വലിയ പണച്ചിലവുള്ള ഈ മഹാ മത്സരത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ടെക്‌സാസ് സ്റ്റേറ്റിന്റെ ആസ്ഥാന നഗരമായ ഓസ്റ്റിന്‍ സിറ്റിയില്‍ നിന്നുമുള്ള പി എസ് ജി ഗ്രൂപ്പ് ന്റെ ഉടമകളായ ജിബി പാറക്കലും അദ്ദേഹത്തിന്റെ പ്രിയ പത്‌നി ഷാനി പാറക്കലും ആണ്. പി എസ് ജി റിയല്‍റ്റി, പി എസ് ജി കണ്‍സ്ട്രക്ഷന്‍, പി എസ് ജി മൂവീസ്, പി എസ് ജി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ചാരിറ്റി ഐ എന്‍ സി, എന്നിങ്ങനെ അനേകം കമ്പനികളുടെ ഉടമകളാണ് ജിബി പാറക്കലും ഷാനി പാറക്കലും.
ഈ ടൂര്‍ണമെന്റിന്റെ രണ്ടാമത്തെ മെയിന്‍ സ്‌പോണ്‍സര്‍ , പ്ലാറ്റിനം സ്‌പോണ്‍സര്‍ ആയിട്ടുള്ള ക്വാര്‍ക്ക് ആന്‍ഡ് ഡാനിയല്‍ എന്ന പേഴ്‌സണല്‍ injury ലോ ഫേമാണ്. 150 ഓളം അഭിഭാഷകര്‍ ജോലി ചെയ്യുന്ന ഹ്യൂസ്റ്റനിലെ വളരെ പ്രസ്റ്റീജിയസ് ആയിട്ടുള്ള ഈ law firm ന്റെ മാനേജിങ് പാര്‍ട്‌ണേഴ്‌സ് റോബര്‍ട്ട് ക്വാക്കും തോമസ് ഡാനിയലും( Robert Kwok and Thomas Daniel) ആണ്. പേഴ്‌സണല്‍ ഇന്‍ജുറി ലോയേഴ്‌സ് ഗ്രൂപ്പില്‍ അഗ്രഗണ്യരായ ഇവരുടെ Firm ഇതേവരെ 100 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം ആയി കക്ഷികള്‍ക്ക് വാങ്ങിച്ചു കൊടുത്തു എന്നറിയപ്പെടുന്നു.
ഈ മത്സരത്തിന്റെ മൂന്നാമത്തെ വലിയ സ്‌പോണ്‍സറായ ഡയമണ്ട് സ്‌പോണ്‍സര്‍ അമേരിക്കയിലെ തന്നെ മികച്ച പ്ലാസ്റ്റിക് മാനുഫാക്ചറിങ് കമ്പനികളില്‍ ഒന്നായ കെംപ്ലാസ്റ്റ് ന്റെ CEO യും ജിമ്മി ജോര്‍ജിന്റെ ബന്ധുവും കൂടിയായ അലക്‌സാണ്ടര്‍ കുടക്കചിറയാണ്.ടൈം സര്‍ജന്‍സ് എന്ന ഓര്‍ത്തോപീഡിക് സ്‌പെഷ്യലിറ്റി ഗ്രൂപ്പിന്റെ സിഇഒ ആയ ഡോക്ടര്‍ അനീഷ് പോറ്റിയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമാണ് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ് ചെയ്യുന്നത്. പ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ജനായ ഡോക്ടര്‍ അനീഷ് പോറ്റി ക്ലബിന്റെ പ്രത്യേക അഭ്യര്‍ത്ഥനയെ മാനിച്ച് ടൂര്‍ണമെന്റിന്റെ രണ്ടു ദിവസങ്ങളിലും മെഡിക്കല്‍ ടീമിനെ നയിക്കുന്നതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ചെറുതും വലുതുമായി ഹ്യൂസ്റ്റണിലും സമീപത്തുമുള്ള അനേക സ്ഥാപനങ്ങളും വ്യക്തികളും ഈ മത്സരത്തിനു ചെലവിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.
എല്ലാ സ്‌പോണ്‍സേഴ്‌സിനോടും ഹ്യൂസ്റ്റന്‍ ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ പേരിലുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി ട്രഷറര്‍ തോമസ് ജോര്‍ജും കോര്‍ഡിനേറ്റര്‍ ബോസ് കുര്യനും അറിയിച്ചു. ഹ്യൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ കായിക പ്രേമികളെയും ജിമ്മി ജോര്‍ജിന്റെ ആരാധകരെയും ജിമ്മി ജോര്‍ജിന്റെ സ്മരണ നിലനിര്‍ത്താനുള്ള ഈ കായിക മാമാങ്കത്തിലേക്ക് സാദരം ക്ഷണിക്കുന്നതായി ഹ്യൂസ്റ്റന്‍ ചലഞ്ചേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു.
-പി പി ചെറിയാന്‍