-->
മുന്‍ ലോകസുന്ദരി ഐശ്വര്യറായ്ക്ക് അന്നുമിന്നും ആരാധകര്‍ ഏറെയാണ്. താരമെത്തുന്ന പൊതുവേദികളിലും റെഡ് കാര്‍പ്പറ്റുകളിലും സിനിമകളിലും പോലും സെന്റര്‍ ഓഫ് അട്രാക്ഷന്‍ ഐശ്വര്യയാകും. കാന്‍സ് ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യയുടെ അഭിമാനമാണ് ഐശ്വര്യ റായ് ബച്ചൻ. ഓരോ തവണയും താരം കാന്‍ ഫെസ്റ്റിവലില്‍ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. ഓരോ തവണയും ആരേയും വിസ്മയിപ്പിക്കുന്ന വിധത്തിലാണ് ഐശ്വര്യ കാനിലെത്താറുള്ളത്. താരത്തിന്റെ ഔട്ട്ഫിറ്റുകളും ഓരോ തവണയും ട്രെന്‍ഡ് ലിസ്റ്റില്‍ ഒന്നാമതായി മാറാറുണ്ട്.
ഇപ്പോഴിതാ ഇത്തവണയും ഇന്ത്യന്‍ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയാണ് ചുവന്ന പരവതാനിയില്‍ ഐശ്വര്യ തിളങ്ങിയത്. സീമന്ത രേഖയില്‍ കടുപ്പത്തില്‍ സിന്ദൂരമണിഞ്ഞ് ഐവറിയും റോസ് ഗോള്‍ഡും സില്‍വറും കലർന്ന മനോഹരമായ കാഡ്‌വ ഐവറി ബനാറസി സാരി ഉടുത്താണ് ഐശ്വര്യ ഇത്തവണ കാൻസില്‍ എത്തിയത്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സാരി ഇന്ത്യൻ നെയ്ത്തുകാരുടെ കലാവിരുത് എടുത്തു കാണിക്കുന്നതാണ്.കൈകൊണ്ട് നെയ്ത കദ്വ ഐവറി ബനാറസി കൈത്തറി സാരിയാണ് ഐശ്വര്യ ധരിച്ചിരുന്നത്. ബനാറസി സാരിയുടെ ഒരു തോളില്‍ കൈകൊണ്ട് നെയ്ത ടിഷ്യു വൂവൻ ദുപ്പട്ട ഉപയോഗിച്ചും സ്റ്റൈല്‍ ചെയ്തിട്ടുണ്ട്.
ദുപ്പട്ടയില്‍ ഗോള്‍ഡ്, സില്‍വർ സർദോഗി എംബ്രോയിഡറി കൂടി നല്‍കിയപ്പോള്‍ അതിന് ഏഴഴകായി. 500 കാരറ്റ് മൊസാമ്പിക് റൂബിയും 18 കാരറ്റ് സ്വർണത്തില്‍ അണ്‍കട്ട് ഡയമണ്ടും ചേർന്ന മാലയും റൂബി സ്റ്റേറ്റ്മെന്‍റ് മോതിരവുമാണ് ഐശ്വര്യ അണിഞ്ഞിരുന്നത്. റെഡ് കാർപ്പറ്റില്‍ കാണപ്പെടുന്ന ഫാഷൻ സ്റ്റേറ്റ്മെന്‍റുകളില്‍ നിന്ന് വ്യത്യസ്തമായി ഐശ്വര്യ കാന്‍ ഫെസ്റ്റിവലില്‍ ഒരു രാജ്ഞിയെപ്പോലെ തിളങ്ങി.
ഔട്ട്ഫിറ്റിനൊപ്പം ഏറെ ശ്രദ്ധിക്കപ്പെട്ടത് ഐശ്വര്യയുടെ നെറുകയിലെ സിന്ദൂരമാണ്. തലമുടി നടുവെ വകഞ്ഞ് അഴിച്ചിട്ട്, നെറുകയില്‍ നീളത്തില്‍ സിന്ദൂരമണിഞ്ഞിരുന്നു ഐശ്വര്യ.ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ആദരവ് നല്‍കിക്കൊണ്ടാണ് ഐശ്വര്യ നെറുകയില്‍ സിന്ദൂരമണിഞ്ഞ് എത്തിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അതേ സമയം വിവാഹമോചന വാർത്തകള്‍ക്ക് മറുപടിയായാണ് ഐശ്വര്യ കടുപ്പത്തില്‍ സിന്ദൂരം അണിഞ്ഞതെന്ന് കുറിക്കുന്നവരും കുറവല്ല.
കാനിലെ റെഡ് കാര്‍പെറ്റില്‍ ഒരു ഇന്ത്യന്‍ വധുവായി അണിഞ്ഞൊരുങ്ങിയ ഐശ്വര്യയെ പ്രശംസിച്ച് ഒരുപാട് കമന്റുകളും വരുന്നുണ്ട്. ‘ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച്, ഭീകരതയെ തുടച്ചുനീക്കുമെന്ന രാജ്യത്തിന്റെ നിലപാട് ലോകത്തെ അറിയിക്കുകയായിരുന്നു കാനിലെ വേദിയില്‍ ഐശ്വര്യ’, ലോകസൗന്ദര്യമത്സര വേദി മുതല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഐശ്വര്യ കാനിലും ഇന്ത്യയുടെ സാംസ്‌കാരിക അംബാസഡറായി മാറി, കാനില്‍ ഐശ്വര്യ അണിഞ്ഞ സിന്ദൂരം ഓപ്പറേഷന്‍ സിന്ദൂറിനുള്ള ട്രിബ്യൂട്ടാണ്, ചാരുതയും ശക്തിയും കൊണ്ട് ഒരു സാമ്രാജ്യം എങ്ങനെ കെട്ടിപ്പടുക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവര്‍...’ എന്നതടക്കമാണ് കമന്റുകള്‍.
2002ലാണ് കാനിലെ റെഡ് കാര്‍പെറ്റില്‍ ഐശ്വര്യ ആദ്യമായി ചുവടുവയ്ക്കുന്നത്. ബോളിവുഡ് കിങ് ഷാരൂഖ് ഖാനും സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്കുമൊപ്പം മഞ്ഞ നിറത്തിലുള്ള സാരിയും സ്വര്‍ണ നിറത്തിലുള്ള ഹെവി ആഭരണങ്ങളുമണിഞ്ഞാണ് അന്ന് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്.