-->
കപൂർ കുടുംബത്തിൽ നിന്നെത്തി പ്രേക്ഷകരുടെ മനസ്സ് കവർന്നെടുത്ത താരമാണ് രൺബീർ കപൂർ. ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു അനിമല്‍. ഈ സിനിമയിൽ വ്യത്യസ്ത ഭാവഭേദങ്ങളോടെ സീരിയസ് കഥാപാത്രമായി സ്ക്രീനിലെത്തിയ രണ്‍ബീറിന്റെ ഓരോ സീനിലെയും മികച്ച അഭിനയം ഇപ്പോഴും ആരാധകരുടെ മനസിലുണ്ട്. മാരകമായ വയലൻസിന്റെ പേരിലും ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ അനിമലിലെ 'കലിപ്പ'നെ പോലെയല്ല യഥാർഥ ജീവിതത്തില്‍ രണ്‍ബീറെന്നാണ് മുൻ മാധ്യമപ്രവർത്തകനും ധർമ്മ കോർണർസ്റ്റോണ്‍ ഏജൻസിയുടെ സിഒഒയുമായ രാജീവ് മസാന്ദ് പറയുന്നത്.
രണ്‍ബീറിന്റെ ലളിതമായ ജീവിതശൈലിയെ കുറിച്ചാണ് രാജീവ് മനസു തുറക്കുന്നത്. പരിവാരങ്ങളൊന്നുമില്ലാതെ ഒറ്റയ്ക്ക് നടക്കുന്നതാണ് രണ്‍ബീറിന്റെ ശീലമെന്നും വിമാനത്താവളത്തില്‍ ഒറ്റയ്ക്ക് വരിയില്‍ നില്‍ക്കുന്ന രണ്‍ബീറിനെ കണ്ട അനുഭവമുണ്ടെന്നും രാജീവ് പറയുന്നു.
"ഒരിക്കല്‍ ഞാൻ വിമാനത്താവളത്തില്‍ വരിനില്‍ക്കുകയായിരുന്നു. അപ്പോഴാണ് രണ്‍ബീറും അവിടെ ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടത്. താരങ്ങള്‍ ഇങ്ങനെ ഒറ്റയ്ക്ക് നില്‍ക്കുന്നത് പതിവുകാഴ്ചയല്ല. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, നിങ്ങളുടെ സംഘം എവിടെയെന്ന്. ഏത് സംഘം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി...
സാധാരണക്കാർക്ക് ഇത് വിചിത്രമായി തോന്നാം. താരങ്ങള്‍ ഒറ്റയ്ക്ക് നില്‍ക്കാറില്ല. അവരുടെ കൂടെ ഒരു 'സൈന്യം' ഒപ്പമുണ്ടാകും. വിമാനത്താവളത്തിന് പുറത്തെത്തിയ രണ്‍ബീറിനെ കാത്ത് ആരോ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ അദ്ദേഹം തീർത്തും ഒറ്റയ്ക്കായിരുന്നു...
രണ്‍ബീറിനെ കുറിച്ച് മറ്റ് പലരും സമാനമായ അനുഭവം പങ്കുവെച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ സിനിമാ ചിത്രീകരണത്തിനിടെ ഇടവേളസമയത്ത് ഏതെങ്കിലും കഫേയില്‍ പോയി ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്ന രണ്‍ബീറിനെയാണ് ഒപ്പമുള്ളവർ കാണാറ്. തന്റെ കഥാപാത്രങ്ങളെ മികച്ചരീതിയില്‍ അവതരിപ്പിക്കാൻ വേണ്ടി, യഥാർഥലോകവുമായി സമ്പർക്കം പുലർത്തണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്... " രാജീവ് പറഞ്ഞു.
രണ്‍ബീറിനെ കുറിച്ചുള്ള രാജീവിന്റെ വാക്കുകള്‍ ഇപ്പോള്‍ വൈറലാണ്. ഇന്ത്യ ടിവിയുടെ ഷോ ബിസ് എന്ന ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു രാജീവ്.