Wednesday, March 18, 2026 Last Updated 18 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 11.57 AM

' ടൈറ്റിലില്‍ അലസമായി വായിച്ചുപോകുന്ന ഈ പേരുകാര്‍ എന്താണ് സിനിമയില്‍ ചെയ്യുന്നത് എന്ന് പലര്‍ക്കും ഇന്നും അറിയില്ല ' ; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ ജോലിയെക്കുറിച്ച് സിദ്ധു പനയ്ക്കല്‍

about, of

ഒരു സിനിമ സെറ്റിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ ജോലികളെക്കുറിച്ച് വിശദീകരിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന ഒരു തസ്തികയേ സിനിമയില്‍ ആവശ്യമില്ല എന്ന് ആഴ്ചകള്‍ക്ക് മുമ്പ് ഒരു അഭിമുഖം കണ്ടിരുന്നെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു സിനിമയില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്തവരാണ് തങ്ങളെന്നും സിദ്ധു പനയ്ക്കല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

സിദ്ധു പനയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന ഒരു തസ്തികയേ സിനിമയില്‍ ആവശ്യമില്ല എന്ന് ആഴ്ചകള്‍ക്ക് മുമ്പ് ഒരു അഭിമുഖം കണ്ടിരുന്നു. എന്ത് പേരിട്ട് വിളിച്ചാലും ഈ ജോലി ചെയ്യുന്നവര്‍ സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്തവര്‍ തന്നെയാണ്. സിനിമയ്ക്ക് ആവശ്യമില്ല എന്ന് പറയുന്ന ഇക്കൂട്ടര്‍ ചെയ്യുന്ന ജോലികള്‍ എന്തൊക്കെയാണെന്ന് അറിയണ്ടേ..?

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ഡ്യൂട്ടി എന്താണ് ശരിക്കും. ഒരു സിനിമയുടെ ആലോചന മുതല്‍ റിലീസ് വരെ ആ സിനിമയുടെ നിര്‍മ്മാതാവിനോടും സംവിധായകനോടുമൊപ്പം യാത്ര ചെയ്യേണ്ട ആളാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും അസിസ്റ്റന്റ്മാരും.സിനിമയിലെ മറ്റു പ്രവര്‍ത്തകരെ പോലെ രാവിലെ അഞ്ചുമണി മുതല്‍ രാത്രി 12 വരെ ജോലി ചെയ്യേണ്ടവര്‍. രാവിലെ 5 മണിക്ക് എണീറ്റ് ആറുമണിക്ക് റൂമുകളില്‍ നിന്നിറങ്ങി രാത്രി ഒമ്പതര വരെ ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചു റൂമിലെത്തി പിറ്റേ ദിവസത്തെ പ്രോഗ്രാം എല്ലാവരോടും പറഞ്ഞു കുളിച്ച് ഭക്ഷണം കഴിച്ചു കിടക്കുമ്പോള്‍ ഓരോ സിനിമാ പ്രവര്‍ത്തകനും രാത്രി 12 മണിയാവും ഉറങ്ങാന്‍.

രാത്രി കിടക്കുമ്പോഴും എവിടെ നിന്നെങ്കിലും ഒരു വിളി പ്രതീക്ഷിച്ചാണ് ഞങ്ങളെപ്പോലുള്ളവര്‍ കിടക്കുക. അര്‍ദ്ധരാത്രിക്കും പുലര്‍ച്ചയ്ക്കും വിമാനത്തിലോ ട്രെയിനിലോ ബസ്സിലോ വന്നിറങ്ങുന്ന ആര്‍ട്ടിസ്റ്റുകളെയോ, എക്യുപ്‌മെന്റുകളോ, ഡാന്‍സെര്‍സ്, ഫൈറ്റേഴ്‌സ് തുടങ്ങിയവരെയോ പിക് ചെയ്യാന്‍ കറക്റ്റ് സമയത്ത് ഡ്രൈവര്‍മാര്‍ പോകുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാന്‍ ആ സമയത്തിന് അരമണിക്കൂര്‍ മുമ്പ് അലാം വെച്ച് എഴുന്നേല്‍ക്കും.

യൂണിറ്റില്‍ ജോലിചെയ്യുന്ന ആര്‍ക്കെങ്കിലും ഒരു അസുഖമോ അത്യാഹിതമോ വന്നാല്‍ ഏതു സമയത്തും വിളി പ്രതീക്ഷിക്കാം. ഏതെങ്കിലും ഹോട്ടലില്‍ കറന്റ് ഇല്ലെങ്കിലോ, വെള്ളം, ഭക്ഷണം സമയത്തു കിട്ടിയിയില്ലെങ്കിലോ വിളി വരും. ഇങ്ങനെയുള്ള ഓരോ കാര്യങ്ങള്‍ക്കും പ്രൊഡക്ഷന്‍ കണ്‍ട്രോളറോടൊപ്പം നിന്ന് ഉറക്കമൊഴിച്ച് ജോലി ചെയ്യുന്നവരാണ് സഹായികളായ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സും, പ്രൊഡക്ഷന്‍ മാനേജര്‍മാരും. ആര്‍ട്ടിസ്റ്റുകള്‍ അടക്കം 150 ഓ 200 ഓ(പടങ്ങള്‍ക്കനുസരിച്ച് ആളുകളുടെ എണ്ണത്തില്‍ മാറ്റം വരും ) വരുന്ന ആളുകളെ ഓരോ ദിവസവും കൃത്യമായി ലൊക്കേഷനില്‍ എത്തിക്കുകയും തിരിച്ചയക്കുകയും ചെയ്യണം.

തുടങ്ങാന്‍ പോകുന്ന സിനിമയിലെ ഏറ്റവും രസകരവും എന്നാല്‍ വിഷമം പിടിച്ചതുമായ ജോലിയാണ് ലൊക്കേഷന്‍ ഹണ്ടിങ്. കലാസംവിധായകനും അസിസ്റ്റന്റും ഞങ്ങളുടെ ഒരു ടീമും അസോസിയേറ്റ്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സും സംവിധായകന്‍ പറഞ്ഞിരിക്കുന്ന തരത്തിലുള്ള ലൊക്കേഷനുകള്‍ കണ്ടുപിടിച്ചതിനു ശേഷം, ഡയറക്ടറും ക്യാമറമാനും ലൊക്കേഷന്‍ കാണാന്‍ വരുമ്പോള്‍ OK ആകുമോ എന്നുള്ള ടെന്‍ഷന്‍. അദ്ദേഹം മനസ്സില്‍ ഉദ്ദേശിച്ച സ്ഥലങ്ങള്‍ തന്നെയാണ് നമ്മള്‍ കണ്ടുപിടിച്ചിരിക്കുന്നത് എന്ന്, ഡയറക്ടറും ക്യാമറമാനും തമ്മിലുള്ള ഡിസ്‌കഷന്‍ കഴിഞ്ഞ് കഴിഞ്ഞ് അറിയുമ്പോള്‍ ഉള്ള സന്തോഷം. അല്ലെങ്കില്‍ ഉണ്ടാകുന്ന നിരാശ.

വീണ്ടും അദ്ദേഹത്തിന്റെ മനസ്സിനിണങ്ങുന്ന സ്ഥലങ്ങള്‍ കണ്ടുപിടിക്കാനുള്ള യാത്രകള്‍. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സ്ഥലങ്ങളുടെ ഉടമസ്ഥന്മാരില്‍ നിന്ന് പെര്‍മിഷന്‍ വാങ്ങിയെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍. സമ്മതം കിട്ടിയാലും നമ്മള്‍ക്ക് ഷൂട്ടിങ്ങിന് ആവശ്യമുള്ള ഡേറ്റുകളില്‍ വീട്ടുകാര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നും അന്വേഷിക്കണം. സര്‍ക്കാര്‍, പോലീസ് ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആണെങ്കില്‍ അതിന്റെ പെര്‍മിഷന്‍ വാങ്ങിയെടുക്കാനുള്ള അലച്ചില്‍. ഷൂട്ടിംഗ് തുടങ്ങാന്‍ ആകുമ്പോഴേക്കും എല്ലാ പെര്‍മിഷനുകളും വാങ്ങിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം.

സെറ്റ് ഇട്ടു ഷൂട്ട് ചെയ്യേണ്ടതാണെങ്കില്‍ ആര്‍ട്ട് ഡയറക്ടറുടെ ആവശ്യങ്ങള്‍ സമയമാസമയത്തു ചെയ്തുകൊടുക്കണം. ഒരു പ്രൊഡക്ഷന്‍ മാനേജരെ സെറ്റ് പണിയുടെ മേല്‍നോട്ടത്തിന് നിര്‍ത്തണം. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ചേംബര്‍, ഫെഫ്ക, അവരവരുടെ യുണിയനുകള്‍ തുടങ്ങിയവരുമായുള്ള പേപ്പര്‍ വര്‍ക്കുകള്‍, അസോസിയേറ്റ് ഡയറക്ടര്‍ ചാര്‍ട്ട് തരുന്നതിനനുസരിച്ചു ആര്‍ട്ടിസ്റ്റുകളുടെ അടുത്തുനിന്നു ഡേറ്റുകള്‍ ഉറപ്പിക്കുക. അവരുടെ ശമ്പളം ഫിക്‌സ് ചെയ്യുക. ഡയറക്ടറുടെയും സ്‌ക്രിപ്റ്റ് റൈറ്ററിന്റെയും, അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെയും, DOP യുടെയുമൊക്കെ ശമ്പളം ആദ്യമേ ഫിക്‌സ് ചെയ്തിരിക്കും. അതിനുശേഷം യൂണിറ്റ്, ക്യാമറ, ജിമ്മി ജിബ്,ഗിമ്പല്‍, ഡ്രോണ്‍, ക്രെയിന്‍, ഫാന്റം ക്യാമറ, റോപ്പ് കാം, സ്ലിം കാം, പാന്തര്‍, തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കുക.

മെസ്സ്, പ്രൊഡക്ഷന്‍ ബോയ്‌സ്, ഡ്രൈവേഴ്‌സ് തുടങ്ങിയവരുമായും സംസാരിച്ച് ഡേറ്റുകള്‍ ഉറപ്പിക്കണം. ഷൂട്ടിംഗ് കാണാന്‍ വരുന്ന ആളുകളെ നിയന്ത്രിക്കുന്ന ബൗണ്‍സേഴ്‌സ്, ഇവരുടെ സേവനവും ഉറപ്പാക്കണം. കോസ്റ്റ്യൂമര്‍, മേക്കപ്പ് മാന്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍, സ്‌പോര്‍ട്ട് എഡിറ്റര്‍, സ്‌പോട്ട് സൗണ്ട് റെക്കോര്‍ഡിങ് തുടങ്ങിയ ടെക്‌നീഷ്യന്മാരുമായി സംസാരിക്കുകയും ഡേറ്റും ശമ്പളവും ഫിക്‌സ് ചെയ്യുകയും ചെയ്യണം . അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഒഴികെ മറ്റെല്ലാ വിഭാഗത്തിലെയും അസിസ്റ്റന്റ് മാര്‍ക്ക് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംയുക്തമായി തീരുമാനിച്ച ശമ്പളമാണ്.

ഏതു സ്ഥലത്താണ് ഷൂട്ടിംഗ്, പ്രത്യേകിച്ച് നഗരങ്ങളില്‍ ഷൂട്ട് ചെയ്യുമ്പോള്‍, ആ സ്ഥലത്തെ എസ്പി അല്ലെങ്കില്‍ കമ്മീഷണര്‍ അവരുടെ പെര്‍മിഷന്‍, ആ പെര്‍മിഷന്‍ പേപ്പര്‍ വച്ച് ഷൂട്ടിംഗ് ചെയ്യുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള അനുവാദം. റോഡിലാണ് ഷൂട്ട് ചെയ്യുന്നതെങ്കില്‍ റോഡ് ഫണ്ട് ബോര്‍ഡിന്റെ അധീനതയിലുള്ള റോഡ് ആണെങ്കില്‍ അവരുടെ പെര്‍മിഷന്‍,സ്ഥലത്തെ പഞ്ചായത്ത് ഓഫീസ് കോര്‍പ്പറേഷന്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഷൂട്ടിംഗ് വിവരം അറിയിക്കുകയും അവരുടെ അനുവാദം വേണ്ട സ്ഥലങ്ങളില്‍ ആണ് ഷൂട്ടിംഗ് ഏകില്‍ അത് വാങ്ങിക്കുകയും വേണം.

ഗവണ്‍മെന്റിന്റെ സ്ഥലങ്ങള്‍ ആണെങ്കില്‍ പ്രത്യേകം ഫീസ് അടച്ച് പെര്‍മിഷന്‍ വാങ്ങിക്കുക. ഞങ്ങളുടെ നാട്ടില്‍ ഒരു ചിത്രീകരണം നടക്കുമ്പോള്‍ ഞങ്ങളെ അറിയിച്ചില്ല എന്ന് തോന്നാതിരിക്കാന്‍ ഓരോ നാട്ടിലെയും രാഷ്ട്രീയ നേതാക്കളെയും പ്രമാണിമാരെയും കണ്ട് ഷൂട്ടിംഗ് വിവരം അറിയിക്കുക അങ്ങനെ കുറെ കാര്യങ്ങള്‍ അനുവാദവുമായി ബന്ധപ്പെട്ട്.

ഷൂട്ടിങ്ങിന് ആവശ്യമായ വാഹനങ്ങള്‍ ഏര്‍പ്പാടാക്കുക, എല്ലാവര്‍ക്കും താമസിക്കാനുള്ള റൂമുകള്‍ ബുക്ക് ചെയ്യുക, കാരവാന്‍ പോലുള്ള സൗകര്യങ്ങള്‍ ഒരുക്കുക. സിനിമയിലെ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍, ഡയറക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് കണ്ടെത്തുകയും ഷൂട്ടിംഗ് സ്ഥലത്ത് എത്തിക്കുകയും വേണം. ഇങ്ങനെയും കുറെ കാര്യങ്ങള്‍.

കൂടാതെ ഷൂട്ടിങ്ങിന് കണ്ടുപിടിക്കുന്ന വീടുകളുടെ മുന്നിലോ പരിസരത്തോ നമ്മളുടെ 35 ഓളം വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലമുണ്ടോ എന്നും ഈ കാലത്ത് പ്രത്യേകം നോക്കണം.(സിനിമയുടെ ക്രൂ അനുസരിച്ച് വാഹനങ്ങളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകും) ഫൈറ്റ് സീന്‍ എടുക്കുമ്പോള്‍ ഇന്‍ഡസ്ട്രിയല്‍ ക്രെയിന്‍, കംപ്രസ്സര്‍, ഇനിയും പലതും.. ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ സിനിമയിലെ സ്ത്രീ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ ഇ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഒരുക്കുക. ഷൂട്ടിംഗ് കാണാന്‍ വരുന്ന പൊതുജനങ്ങളില്‍ നിന്ന് അവര്‍ക്ക് സൗകര്യമായി ഷൂട്ടിംഗ് കാണാന്‍ പറ്റുന്നില്ല എന്ന കാരണം കൊണ്ട് എന്തെങ്കിലും പ്രകോപനപരമായ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് തന്മയത്വമായി കൈകാര്യം ചെയ്യുക.. തുടര്‍ന്നുകൊണ്ടേ പോകും ദൈനം ദിന കാര്യങ്ങള്‍.

ജനക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന ചിത്രീകരണം നടക്കുമ്പോള്‍, അതിലേക്ക് ആവശ്യമായ സഹതാരങ്ങളെ പങ്കെടുപ്പിക്കാന്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കൊ- ഓഡിനേറ്റര്‍മാരെ ഏല്‍പ്പിക്കുകയും, അവര്‍ എല്ലാവരും സമയത്ത് എത്തുന്നുണ്ടോ അവര്‍ക്ക് ഭക്ഷണം കിട്ടുന്നുണ്ടോ, പരാതിയില്ലാതെ ഇവരുടെ കാര്യങ്ങള്‍ നടത്തുന്നുണ്ടോ എന്നുള്ള അന്വേഷണങ്ങളും വേണം.

ഷൂട്ടിങ്ങിനു മുമ്പ് തന്നെ ഡയറക്ടര്‍ നിര്‍ദേശിക്കുന്ന മ്യൂസിക് ഡയറക്ടറേയും ഗാന രചയിതാവിനെയും കണ്ട് സംസാരിക്കണം ശമ്പളം ഫിക്‌സ് ചെയ്യണം. പാട്ടുപാടുന്നവരെ മ്യൂസിക് ഡയറക്ടര്‍ പറയുന്ന ദിവസം സ്റ്റുഡിയോയില്‍ എത്തിക്കണം. ഓരോ കാര്യങ്ങളും ഉറപ്പിക്കുന്നതിനു മുന്‍പ് പ്രൊഡ്യൂസറുമായി ഡിസ്‌കഷന്‍ വേണം.തീരുമാനങ്ങള്‍ എടുക്കും മുന്‍പ് അദ്ദേഹത്തിന്റെ സമ്മതം കൂടി വാങ്ങണം. നിര്‍മ്മാതാവ് അറിയാതെ ഒരു കാര്യവും സിനിമയില്‍ നടക്കാന്‍ പാടില്ല.

ഷൂട്ടിംഗ് കഴിഞ്ഞാലോ എഡിറ്റിംഗ്, ഡബ്ബിങ്,റീ-റെക്കോര്‍ഡിങ്, സൗണ്ട് എഫക്റ്റ്, ഗ്രാഫിക്‌സ്,DI, CG, YFX ഫൈനല്‍ മിക്‌സിങ്, തുടങ്ങിയ കാര്യങ്ങള്‍ നടത്താന്‍ കൃത്യമായ മേല്‍നോട്ടം. പടത്തില്‍ മൃഗങ്ങള്‍ ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് സെന്‍സറിന് മുമ്പ് അപ്ലിക്കേഷന്‍ കൊടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. കോപ്പി ആയിക്കഴിഞ്ഞാല്‍ സെന്‍സറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിലിം ചേംബറിനെയും സമീപിച്ച് വേണ്ട പേപ്പറുകള്‍ കരസ്ഥമാക്കി സെന്‍സര്‍ സ്‌ക്രിപ്റ്റ് എഴുതുന്നവര്‍ക്ക് എത്തിച്ചുകൊടുക്കണം.

ഓഡിയോ ഡിസ്‌ക്രിപ്ഷന്‍, ക്ലോസ്ഡ് ക്യാപ്ഷന്‍, സബ്‌ടൈറ്റില്‍, ടീസര്‍, ട്രെയിലര്‍, ടൈറ്റില്‍ അനിമേഷന്‍, ലിറിക്കല്‍ വീഡിയോ ഈ ജോലികളെല്ലാം യഥാസമയം നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. അങ്ങനെ ഏറ്റവും ഉത്തരവാദിത്വമുള്ള ജോലിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും അസിസ്റ്റന്റ് മാരുടെയും. ഒരു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ലക്ഷങ്ങള്‍ നഷ്ടം വരുന്ന ഈ ഫീല്‍ഡില്‍ അതില്ലാതെ നോക്കേണ്ടത് ഓരോ പ്രൊഡക്ഷന്‍ കണ്‍ട്രോളുടെയും, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, മാനേജര്‍ മാരുടെയും ഉത്തരവാദിത്വമാണ്.

ഒരു നിര്‍മ്മാതാവ് ഇല്ലാതെ ഒരു സിനിമയുണ്ടാവില്ല. അതുകൊണ്ടുതന്നെ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട, ആദരിക്കപ്പെടേണ്ട വ്യക്തിയാണ് പ്രൊഡ്യൂസര്‍. അമ്മ അടക്കം 22 വിഭാഗങ്ങള്‍ ഉള്ള സിനിമയില്‍ 21 വിഭാഗങ്ങള്‍ക്കും അവരവരുടെ കാര്യങ്ങള്‍, ജോലികള്‍ മാത്രം നോക്കിയാല്‍ മതി. 22 വിഭാഗങ്ങളുടെയും സൗകര്യങ്ങള്‍, വീഴ്ചയില്ലാതെ ഓരോ സെക്ഷനിലെയും ജോലികള്‍ പോകുന്നുണ്ടോ എന്ന് നോക്കേണ്ടതും പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സിന്റെയും മാനേജേഴ്‌സിന്റെയും ഉത്തരവാദിത്വമാണ്.

റിലീസിന് തൊട്ടുമുന്‍പും റിലീസിന് ശേഷവും പ്രമോഷന്‍ പരിപാടികളുടെ കോഡിനേഷനും ഇവരുടെ ചുമതലയില്‍ വരും.ടൈറ്റിലില്‍ അലസമായി വായിച്ചുപോകുന്ന ഈ പേരുകാര്‍ എന്താണ് സിനിമയില്‍ ചെയ്യുന്നത് എന്ന് പലര്‍ക്കും ഇന്നും അറിയില്ല. 150 ഓ 200 ഓ ആളുകളുള്ള ഒരു സെറ്റ് നിയന്ത്രിക്കാന്‍, എല്ലാ കാര്യങ്ങളും നടത്തിക്കൊടുക്കാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും അസിസ്റ്റന്‍സും അടക്കം മൂന്നോ നാലോ പേരാണ് ഉള്ളത് എന്ന് അറിയുമ്പോള്‍, അവരുടെ ജോലിഭാരം ഇത് വായിക്കുന്നവര്‍ക്ക് മനസ്സിലാകും എന്ന് തോന്നുന്നു.പ്രേക്ഷകരോ പൊതുജനങ്ങളോ ഈ വിഭാഗത്തിനെ അറിയില്ല എന്ന് പറഞ്ഞാല്‍ അത് മനസ്സിലാക്കാം.

ഇത്രയും ജോലികള്‍ ചെയ്യുന്ന ഒരു വിഭാഗത്തെ സിനിമയില്‍തന്നെയുള്ള ആരെങ്കിലും ആവശ്യമില്ലെന്ന് പറയുന്നുണ്ടെങ്കില്‍ ആ പറച്ചില്‍ മറുപടി അര്‍ഹിക്കുന്നില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW