-->
കണ്ണൂര്‍: തളിപ്പറമ്പില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനും സ്വത്തിനും നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇര്‍ഷാദിന്റെ വീട്ടിലെത്തി ഇദ്ദേഹത്തിന്റെ വാഹനങ്ങള്‍ തകര്‍ക്കുകയും വീടിന്റെ മുന്നിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവമുണ്ടായതെന്ന് ഇര്‍ഷാദ് പറഞ്ഞു. പോലീസ് കേസെടുത്തിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ഇര്‍ഷാദിന്റെ ആരോപണം. കഴിഞ്ഞദിവസം കണ്ണൂര്‍ മലപ്പട്ടത്ത് ഉണ്ടായ സിപിഎം യൂത്ത്‌കോണ്‍ഗ്രസ് അക്രമത്തിന്റെ ബാക്കിപത്രമാണെന്നും ആരോപിക്കുന്നു. സംഘടിച്ചെത്തിയ അഞ്ചു സിപിഎം പ്രവര്‍ത്തകരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നാണ് ഇര്‍ഷാദ് ആരോപിക്കുന്നത്. ഇവര്‍ വീട്ടിന് മുന്നിലെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന നാനോകാറിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. കാറിന്റെ പിന്നിലെ ചില്ല്് പൂര്‍ണ്ണമായി തകര്‍ത്തപ്പോള്‍ മുന്നിലെയും സൈഡിലെയും ചില്ലുകള്‍ക്കും കേടുവരുത്തി. കാര്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയായിട്ടുണ്ടെന്നും തന്റെ സ്‌കൂട്ടിയും അക്രമികള്‍ തകര്‍ത്തെന്നും പറഞ്ഞു.
കമ്പിപ്പാരവെച്ച് ആക്രമിക്കുകയായിരുന്നെന്നാണ് ആക്ഷേപം. കേസെടുത്ത പോലീസ് പരിസരപ്രദേശത്തെ സിസിടിവി പോലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞദിവസം ഗാന്ധിസ്തൂപം തകര്‍ത്തതിന് യൂത്ത് കോണ്‍ഗ്രസ് രാഹുല്‍മാങ്കൂട്ടം എംഎല്‍എ യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ഇതില്‍ സിപിഎമ്മിനും രക്തസാക്ഷിക്കും എതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇത് പിന്നീട് സംഘര്‍ഷമായി മാറുകയും 50 കോണ്‍ഗ്രസുകാരും 25 സിപിഎം കാരും അടക്കം 75 പേര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മലപ്പട്ടത്തെ സംഭവത്തിന് ശേഷം തനിക്ക് നേരെ സോഷ്യല്‍മീഡിയയില്‍ ഭീഷണി ഉണ്ടായിരുന്നെന്ന് ഇര്‍ഷാദ് പറഞ്ഞു.