Friday, March 13, 2026 Last Updated 34 Min 42 Sec ago English Edition
Todays E paper
Ads by Google
 ബാബു പി സൈമണ്‍
ബാബു പി സൈമണ്‍
Monday 12 May 2025 02.37 PM

പ്രിയപ്പെട്ട മാതാവേ, 'സ്‌നേഹപൂര്‍ണ്ണമായ അങ്ങയുടെ ശിക്ഷണത്തിന് ഒരായിരം നന്ദി'

രണ്ടു മാസത്തെ നീണ്ട വേനലവധി, കുസൃതികള്‍ ഒളിപ്പിച്ച ഒരു കുട്ടിക്കാലം മുന്നില്‍ നീണ്ടു നിവര്‍ന്നു. ഒരാഴ്ചത്തെ മാതൃസഹോദരന്റെ വീട്ടിലെ അവധിക്കാലം വര്‍ണ്ണാഭമായ ഓര്‍മ്മകള്‍ മനസ്സില്‍ ഒരു മായിക ലോകം തീര്‍ത്തു. തിരികെ വീട്ടിലെത്തിയപ്പോള്‍, ആളൊഴിഞ്ഞ മൈതാനം പോലെ ഹൃദയം ശൂന്യമായി തോന്നി.
uploads/news/2025/05/780608/pp-6.gif

ഡാളസ്: പത്തു മാസത്തെ പുസ്തകഭാരം പരീക്ഷയുടെ അവസാന ദിനത്തില്‍ മുറിയുടെ കൂരിരുട്ടിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍, ഒരു വിടുതലിന്റെ നെടുവീര്‍പ്പ് ഉയര്‍ന്നു. 'ഇനി കാണാം' എന്ന വാക്ക് നല്‍കി പിരിയുമ്പോള്‍, അടുത്ത ക്ലാസ്സില്‍ വീണ്ടും ഒന്നിക്കുമോ എന്നത് കാലം കാത്തുവെച്ച ഒരു ചോദ്യചിഹ്നമായിരുന്നു. ഭാഗ്യത്തിന്റെ കരം പിടിച്ചും, പരീക്ഷാഹാളിലെ നല്ല സൗഹൃദങ്ങളുടെ സഹായത്താലും, ഉയര്‍ന്ന ക്ലാസ്സുകളിലേക്കുള്ള വാതില്‍ തുറന്നു കിട്ടി.
രണ്ടു മാസത്തെ നീണ്ട വേനലവധി, കുസൃതികള്‍ ഒളിപ്പിച്ച ഒരു കുട്ടിക്കാലം മുന്നില്‍ നീണ്ടു നിവര്‍ന്നു. ഒരാഴ്ചത്തെ മാതൃസഹോദരന്റെ വീട്ടിലെ അവധിക്കാലം വര്‍ണ്ണാഭമായ ഓര്‍മ്മകള്‍ മനസ്സില്‍ ഒരു മായിക ലോകം തീര്‍ത്തു. തിരികെ വീട്ടിലെത്തിയപ്പോള്‍, ആളൊഴിഞ്ഞ മൈതാനം പോലെ ഹൃദയം ശൂന്യമായി തോന്നി. അത്രമേല്‍ ആഹ്ലാദകരമായിരുന്നു ആ ദിനങ്ങള്‍. അമ്മാവന്റെയും അമ്മായിമാരുടെയും മക്കളോടൊപ്പമുള്ള മീന്‍പിടുത്തവും, മാങ്ങയും ചക്കയുമെറിഞ്ഞു വീഴ്ത്തുന്ന വീരന്മാരായ ചേട്ടന്മാരും, ഉയരമുള്ള മരക്കൊമ്പിലെ ഊഞ്ഞാലാട്ടവും, എല്ലാം മധുരിക്കുന്ന ഓര്‍മ്മകളായി മനസ്സില്‍ തങ്ങിനിന്നു.

ഒരു ഹ്രസ്വ സന്ദര്‍ശനത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍, കൂട്ടുകാരുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം കണ്ടു. ഒരു കൊച്ചു സാഹസത്തിന് കൂട്ടുകാര്‍ രഹസ്യമായി തയ്യാറെടുക്കുകയായിരുന്നു. ആ രഹസ്യ പദ്ധതിയുടെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനം തോന്നി . വീട്ടില്‍ പറയാതെ ഒരു സിനിമ കാണാന്‍ പോകുക എന്നതായിരുന്നു ആ സാഹസിക യാത്രയുടെ ലക്ഷ്യം. പ്രായത്തിന്റെ അപക്വതയും, വീട്ടില്‍ നിന്നുള്ള ദൂരവും, അവരുടെ ആഗ്രഹത്തിന് വലിയൊരു തടസ്സമായിരുന്നു. എന്നാല്‍ പട്ടണത്തിലെ പ്രശസ്തമായ സ്‌കൂളില്‍ പഠിക്കുന്നതുകൊണ്ട് കാര്യങ്ങള്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ സാധിച്ചു.

അങ്ങനെ, നാളുകളായി സ്വരുക്കൂട്ടിയ നാണയത്തുട്ടുകളുമായി കൂട്ടുകാര്‍ സന്തോഷത്തോടെ സിനിമ കാണാന്‍ യാത്രയായി. ആ ദിവസത്തെ ആനന്ദം മനസ്സിന്റെ ഒരു കോണില്‍ മധുരമുള്ള ഓര്‍മ്മയായി ഇപ്പോഴും അവശേഷിക്കുന്നു.

എന്നാല്‍ സിനിമയുടെ മാന്ത്രികതയില്‍ ലയിച്ചിരിക്കുമ്പോള്‍, മഴ ഒരു വില്ലനെപ്പോലെ കടന്നുവന്നു. ആരും അതിന്റെ വരവ് അറിഞ്ഞില്ല, കണക്കുകൂട്ടലുകള്‍ തെറ്റി, തിരികെ വീട്ടിലേക്കുള്ള യാത്ര അപ്രതീക്ഷിതമായി വൈകി. തിരികെ വീട്ടിലെത്തിയപ്പോള്‍, ഉമ്മറത്ത് ആകാംഷയോടെ കാത്തിരിക്കുന്ന അമ്മയെയും, അമ്മയെപ്പോലെ സ്‌നേഹിക്കുന്ന മ്മാവിയേയും കണ്ടു. പ്രായത്തിന്റെ വിവേകമില്ലായ്മയില്‍, മണിക്കൂറുകളോളം വീടിന്റെ സുരക്ഷിതത്വം വിട്ട് അവന്‍ എവിടെ പോയിരുന്നു എന്ന നീരസം അവരുടെ മുഖത്ത് നിഴലിച്ചു. മ്മാവിയുടെ സ്‌നേഹനിര്‍ഭരമായ ഉപദേശത്തിനു ശേഷം, അമ്മയുടെ ശാസനയുടെ സ്വരം ഉയര്‍ന്നു. ബലമുള്ള ആ കരങ്ങള്‍ അവനെ പിടികൂടി മുകളിലത്തെ മുറിയിലേക്ക് കൊണ്ടുപോയി. ശാസനയ്ക്ക് ശേഷം കാത്തിരുന്ന ശിക്ഷാവിധികള്‍ ആരംഭിച്ചു. ആത്മാഭിമാനത്തിനും ചിന്തകള്‍ക്കും അതീതമായിരുന്നു ആ ശിക്ഷാനടപടികള്‍. മണിക്കൂറുകളോളം മുറിയില്‍ കണ്ണീരോടെ ഇരുന്നപ്പോള്‍, തെറ്റായ ചിന്തകള്‍ മനസ്സിലൂടെ കടന്നുപോയി.

വേദനയോടെ ഉറങ്ങിപ്പോയ അവന്‍ ഞെട്ടിയുണര്‍ന്നത് വാതിലില്‍ ശക്തമായൊരു തട്ട് കേട്ടാണ്. വാതില്‍ തുറന്നപ്പോള്‍ കണ്ടത്, ഏത് കൈകളാണോ ആത്മാഭിമാനത്തെ ചോദ്യം ചെയ്തത്, അതേ കൈകളില്‍ ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരങ്ങളുമായി നില്‍ക്കുന്ന അമ്മയെയാണ്. തുടര്‍ന്ന്, തോളില്‍ തലോടിക്കൊണ്ട് ഇങ്ങനെ ഉപദേശിച്ചു, 'കുഞ്ഞേ, ഇനി ഇത് ആവര്‍ത്തിക്കരുത്'. അന്ന് ലഭിച്ച ആ വലിയ ഉപദേശം ജീവിതത്തിലെ ഗൗരവമായ പാഠമായി ഇന്നും മനസ്സിന്റെ ആഴങ്ങളില്‍ പതിഞ്ഞു കിടക്കുന്നു.

ഈ മാതൃദിനത്തില്‍, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഒരൊറ്റ വാക്ക് മാത്രമേ പറയാന്‍ കഴിയൂ, പ്രിയപ്പെട്ട മാതാവേ, 'സ്‌നേഹപൂര്‍ണ്ണമായ അങ്ങയുടെ ശിക്ഷണത്തിന് ഒരായിരം നന്ദി'.

Ads by Google
 ബാബു പി സൈമണ്‍
ബാബു പി സൈമണ്‍
Monday 12 May 2025 02.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW