-->
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വാധ്രയും പ്രിയങ്ക ഗാന്ധിയും ഇടപെട്ടെന്ന വാര്‍ത്ത അസംബന്ധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പാര്‍ട്ടിയുടെ കാര്യത്തില്‍ ഒരു ശതമാനം പോലും ഇടപെടാത്ത ആളുകളെ മാധ്യമങ്ങള്‍ വലിച്ചിഴച്ചുകൊണ്ടുവരികയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇന്നുവരെ കേരളത്തിലെ ഒരു സംഘടനാകാര്യത്തിലും പ്രിയങ്ക ഗാന്ധി ഇടപെട്ടില്ല. എവിടെനിന്നാണ് ഇത്തരം വാര്‍ത്ത കിട്ടുന്നതെന്നും വേണുഗോപാല്‍ ചോദിച്ചു.
'ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് കിട്ടുന്നത്?. അതെങ്കിലും ഒന്ന് ഷെയര്‍ ചെയ്യൂ. പറയുന്നത് ആരാണെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാലോ?. ഇത്തരം വാസ്തവ വിരുദ്ധമായ കാര്യം കൊടുക്കരുതെന്നാണ് മാധ്യമങ്ങളോട് പറയാനുള്ളത്. ഞങ്ങള്‍ മറ്റുപാര്‍ട്ടികളെ പോലെ നിങ്ങളെ അധിക്ഷേപിക്കുന്നവരല്ല. കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ടില്ല. മാധ്യമങ്ങളോട് വളരെ ബഹുമാനമാണ്. ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ നടത്തുന്ന മാധ്യമ വിചാരണ ശരിയല്ല'- കെസി വേണുഗോപാല്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ മാറ്റുന്നത് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോടും പറഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കുന്നത്. കെപിസിസി അധ്യക്ഷ മാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ദയവുചെയ്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം പാര്‍ട്ടിക്ക് വിട്ടുതരിക. വളരെ ശക്തമായ ലീഡര്‍ഷിപ്പ് പാര്‍ട്ടിക്കുണ്ട്.