-->
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ തീപിടുത്തമുണ്ടാകുകയും പുക ഉയരുകയും അഞ്ചുപേര്‍ മരണമടയുകയും ചെയ്ത സംഭവത്തിന് പിന്നില്‍ യുപിഎസ് റൂമിലെ ബാറ്ററികള്‍ തീപിടിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. യുപിഎസ് റൂമില്‍ സൂക്ഷിച്ചിരുന്ന 30 ബാറ്ററികളില്‍ അഞ്ചു ബാറ്ററികള്‍ക്കാണ് തീ പിടിച്ചതെന്നും അതായിരിക്കാം പുക ഉയരാന്‍ കാരണമായതെന്നും ഫയര്‍ഫോഴ്‌സ് പ്രാഥമികമായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു.
തീപ്പിടുത്തം ഉണ്ടാകുന്നതിന് മുമ്പ് മൂന്ന് തവണ വൈദ്യൂതിബന്ധം വിഛേദിക്കപ്പെട്ടിരുന്നു. യുപിഎസ് മുറിയില്‍ ബാറ്ററികളാണ് കത്തിപ്പോയതും വൈദ്യൂതി നഷ്ടമുണ്ടായ സംഭവവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതേസമയം യുപിഎസ് റൂമിലെ ഉപകരണങ്ങളെല്ലാം പുതിയതാണ്. ബാറ്ററികള്‍ കത്തിയത് മൂലമാണോ പുകവന്നത് തുടങ്ങിയ കാര്യങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വെയ്‌ക്കേണ്ടതുണ്ട്. കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ കുടുതല്‍ വ്യക്തത ഉണ്ടാകൂ എന്നും പറയുന്നു.
അഞ്ച് രോഗികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചു. ഗോപാലന്‍, ഗംഗാധരന്‍, സുരേന്ദ്രന്‍, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.
അപകടം ഉണ്ടായ കെട്ടിടം ഇന്നലെ തന്നെ പോലീസ് സീല്‍ ചെയ്തിരുന്നു. പകരം പഴയ കെട്ടിടത്തില്‍ അത്യാഹിത വിഭാഗം ഒരുക്കിയിട്ടുണ്ട്. ഇവിടേയ്ക്ക് മരുന്നുകള്‍ മാറ്റാനാണ് പൊലീസിന്റെ സഹായം തേടിയത്. കെട്ടിടത്തിലെ മരുന്നുകള്‍ മാറ്റാന്‍ പ്രിന്‍സിപ്പല്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് നിര്‍ധനരായ രോഗികള്‍ പ്രതിസന്ധിയിലാകുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ചികിത്സ ചെലവിന് വഴിയില്ലാത്ത സ്ഥിതിയാണ്. പല പരിശോധനകളും 50,000 രൂപയിലധികം ഫീസ് ഇടാക്കുന്ന വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്കും മറ്റും കുടുംബാംഗങ്ങളോട് സ്വകാര്യ ആശുപത്രികള്‍ ബില്‍ ചോദിക്കുകയാണ്. ഇതോടെ പണം കണ്ടെത്താനാകാതെ രോഗികളുടെ കുടുംബങ്ങള്‍ പരാതിയുമായി രംഗത്തെത്തി. സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കുടുംബങ്ങളും വിവിധ രാഷ്ട്രീയനേതാക്കളും ആവശ്യപ്പെടുന്നു.