-->
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി, വിഴിഞ്ഞം പദ്ധതി നടപ്പാക്കിയത് കേരളത്തിന്റെ നേട്ടമാണെന്ന് പരോക്ഷമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ നേട്ടം ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് നല്‍കിയ അദ്ദേഹം, കരാറില്‍ ഏര്‍പ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ പേര്‍ പരാമര്‍ശിച്ചുമില്ല. മാത്രമല്ല 2015-ലെ കരാര്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. വിഴിഞ്ഞത്തില്‍ അവകാശവാദം ഉയര്‍ത്തി കേന്ദ്രം നല്‍കിയ പരസ്യത്തിന് കൃത്യമായ കണക്കുകളുമായാണ് പ്രധാനമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് തുറമുഖ സമര്‍പ്പണച്ചടങ്ങിലെ അധ്യക്ഷപ്രസംഗത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത്.
കേരളത്തിന്റെ സ്വപ്‌നസാഫല്യമാണിതെന്നു പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. നാടിന്റെ അഭിമാനമുഹൂര്‍ത്തമാണിത്. ഇതു കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. മൂന്നാം സഹസ്രാബ്ദത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. ഇന്ത്യയെ സാര്‍വ ദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്‌സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭം. രാജ്യത്തിന്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍നിന്ന് വിഴി ഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ച് വികസിപ്പിച്ച് സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മാണം നടക്കുന്നത്.
ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി സംസ്ഥാനം. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡുമാണ് മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് കേന്ദ്രം നല്‍കുന്നു. 5,000ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നത്. കൂടുതല്‍ പേര്‍ക്ക് ഇത് പ്രയോജനകരമാകുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. കേരളത്തിന്റെ, അതിനപ്പുറം ഇന്ത്യയുടെയാകെ വികസനത്തെ ഈ തുറമുഖം വലിയ തോതില്‍ ഭദ്രമാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.