-->
ഡാളസ്: ടെക്‌സസിലെ ഡാളസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്ലറ്റ്‌സ് (LUKA) എന്ന സംഘടനയുടെ ചരിത്രത്തിലെ പ്രഥമ ദേശീയ ടൂര്‍ണമെന്റ് മത്സരങ്ങള്‍ അമേരിക്കയിലെ മലയാളികള്‍ കായികരംഗത്ത് ഒന്നിച്ചു കൂടിയ ശ്രദ്ധേയമായ നവ്യാനുഭവമായി മാറി.
2025 ഏപ്രില്‍ 26-നും 27-നുമായി ടെക്‌സാസിലെ ഡാളസില്‍ വെച്ച് നടന്ന ഈ ടൂര്‍ണമെന്റ്, പിക്കിള്‍ബോള്‍, വോളിബോള്‍ തുടങ്ങിയ വിവിധ മത്സരങ്ങളിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ആവേശപൂര്‍വ്വമായ ഒരു കായിക മത്സര വേദിയായി മാറി. മത്സരം മാത്രമല്ല, സൗഹൃദം, ഐക്യം, പങ്കാളിത്തം എന്നിവയുടെ ഉത്സവമായി രണ്ടു ദിവസങ്ങള്‍ മലയാളികള്‍ കൊണ്ടാടി.
കൂടാതെ, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികള്‍ക്കായി സൗജന്യ താമസ സൗകര്യങ്ങള്‍, ഭക്ഷണം, വിമാനത്താവളത്തില്‍ നിന്നുള്ള പിക്കപ്പ്-ഡ്രോപ്പ് ഓഫ് എന്നിവ ഉള്‍പ്പെടുത്തി സംഘാടകരായ ലൂക്ക ഒരുക്കിയ ചിട്ടയും കൃത്യതയുമാര്‍ന്ന ക്രമീകരണങ്ങളും, വേദിയും പങ്കെടുത്തവരെയെല്ലാം അമ്പരപ്പിച്ചു. ഈ ടൂര്‍ണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത് ബഹു. എം.എല്‍.എ യും കായിക പ്രേമിയുമായ പി.കെ. ബഷീര്‍ ആയിരുന്നു. ചടങ്ങില്‍ കെ എം സി സി വേള്‍ഡ് ട്രഷറര്‍ യു.എ. നസീര്‍ (ന്യൂയോര്‍ക്ക്) മുഖ്യാതിഥിയായും ''നന്മ'' തുടങ്ങിയ സംഘടനാ ഭാരവാഹികളും കായികപ്രേമികളും, മാധ്യമ പ്രവര്‍ത്തകരും, മറ്റു മലയാളി പ്രൊഫഷണലുകളും പങ്കെടുത്തു. നന്മ ഭാരവാഹികളായ റഷീദും കമാലും ആശംസാ പ്രസംഗം നടത്തി.
ഉത്സവഛായ കലര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ ലൂക്കയുടെ ഔദ്യോഗിക ലോഗോ പ്രകാശനം, വെബ്‌സൈറ്റ് (www.lukausa.org), സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവ യു.എ. നസീര്‍ പ്രകാശനം ചെയ്തു.
Rockwall Oasis Pickleball Club-ആയിരുന്നു പിക്കിള്‍ബോള്‍ മത്സരങ്ങളുടെ വേദി. അഡ്വാന്‍സ്ഡ് ഡബിള്‍സ് വിഭാഗത്തില്‍ ഡാളസിന്റെ ശരീഫും കാലിഫോര്‍ണിയയുടെ ഫിറോസും ചേര്‍ന്ന് 'ഫ്‌ലോറിഡയിലെ ചുണക്കുട്ടികള്‍' എന്നറിയപ്പെടുന്ന ഷാന്‍ സാബിര്‍ കൂട്ടുകെട്ടിനെ കീഴടക്കി വിജയകിരീടം സ്വന്തമാക്കി.
ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍, റോളറ്റില്‍ നിന്നുള്ള അന്‍വര്‍-റാഷിദ് കൂട്ടുകെട്ടിന്നെതിരെ തന്ത്രപൂര്‍വം കളിച്ച ഡാളസിന്റെ അന്‍സാരി-നഹീദ് ടീമാണ് വിജയം വരിച്ചത്.
വോളിബോള്‍ മത്സരങ്ങളില്‍ അന്താരാഷ്ട്ര പരിശീലന പരിചയമുള്ള കോച്ച് മമ്മുവിന്റെ നേതൃത്വത്തിലുള്ള ടീം റൗലറ്റ് മാഫിയ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം സ്വന്തമാക്കി. ഡാളസ് വാരിയേഴ്‌സ് (Dallas Warrios) രണ്ടാം സ്ഥാനവും ലൂക്കാസ് ഇല്ലൂമിനാലിറ്റി (Lucas Illuminati) മൂന്നാം സ്ഥാനവുമാണ് വാശിയേറിയ മത്സരങ്ങളില്‍ കരസ്ഥമാക്കിയത്. ''ഇത് ഒരു ചരിത്രവിജയമാണ്. വരാനിരിക്കുന്ന എല്ലാ ടൂര്‍ണമെന്റുകളിലും ഞങ്ങള്‍ പങ്കെടുക്കും,'' എന്ന് ടീം റൗലറ്റിന്റെ കോച്ച് മമ്മു അഭിമാനത്തോടെ പ്രഖ്യാപിച്ചു.
വിദൂര സ്ഥലങ്ങളിലിരുന്നു സോഷ്യല്‍ മീഡിയയിലൂടെ മാത്രം സൗഹൃദം പങ്കുവെച്ചിരുന്ന സുഹൃത്തുക്കള്‍ക്ക് നേരില്‍ തന്നെ സ്‌നേഹത്തോടെയും സന്തോഷത്തോടെയും കൊമ്പു കോര്‍ക്കാന്‍ അവസരമൊരുക്കിയ ലൂക്കയുടെ ഈ സംരംഭം തുടര്‍ന്നും കൂടുതല്‍ ടീമുകളെ പങ്കെടുപ്പിച്ച് മലയാളി കായിക ഐക്യത്തിന് വഴിയൊരുക്കുന്നതിന്റെ തുടക്കം മാത്രമാണെന്ന് ലൂക്ക പ്രസിഡണ്ട് നജീബ് ഡാളസ് പറഞ്ഞു. ഡാളസ് മലയാളികളുടെ താല്പര്യവും പങ്കാളിത്തവുമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. അടുത്ത സെപ്റ്റംബറില്‍ ദേശീയതല ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനൊരുങ്ങുകയാണ്. തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളിലെയും മലയാളികളെ ഉള്‍പ്പെടുത്തി 'നാഷണല്‍ മലയാളി സ്‌പോര്‍ട്ട്‌സ് ഡേ' (National Malayalee Sports Day) സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്ന് നജീബ് അറിയിച്ചു.
വര്‍ഷത്തില്‍ ഒരിക്കല്‍, വിവിധ പ്രായക്കാരുടെ ഗ്രൂപ്പുകളിലായി പിക്കിള്‍ബോള്‍, വോളിബോള്‍, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ എന്നിവ ഉള്‍പ്പെടുത്തി ദേശീയതല ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുക എന്നതാണ് ലൂക്കയുടെ ദീര്‍ഘകാല ലക്ഷ്യം. വലിയ ചിലവുകള്‍ ഇല്ലാതെ പ്രായഭേദമന്യെ ആര്‍ക്കും എളുപ്പത്തില്‍ സ്വായത്തമാക്കാനും , ആരോഗ്യവും ഉന്മേഷവും സൗഹൃദവും നിലനിര്‍ത്താനും ഉതകുന്ന പിക്കിള്‍ബാള്‍ നമ്മുടെ നാട്ടിലും എളുപ്പത്തില്‍ പ്രചാരണം കൊടുക്കാനും അത് വഴി സോഷ്യല്‍ മീഡിയുടെ അപകടകരമായ അതിപ്രസരവും മറ്റു ദുഷിച്ച ശീലങ്ങളിലേക്കുളള ആകര്‍ഷണങ്ങളും ഒഴിവാക്കാന്‍ കഴിയും എന്ന് ലൂക്ക ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ലൂക്കയുടെ 2025-2026 കാലയളവിലേക്കുള്ള ബോര്‍ഡ് അംഗങ്ങളായി, നജീബ് (പ്രസിഡന്റ്), ഹാരിസ് (സെക്രട്ടറി), അബു (ജോയിന്റ് സെക്രട്ടറി), ബഷീര്‍ (ട്രഷറര്‍), മുഹമ്മദ് പരോള്‍ (ജോയിന്റ് ട്രഷറര്‍), നജാഫ് (മാര്‍ക്കറ്റിംഗ് ഹെഡ്), ഷമീര്‍ (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ്), സംജാദ് (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) , രാജ റഷീദ് (പ്രോഗ്രാം അഡ്മിനിസ്ട്രേറ്റര്‍) എന്നിവര്‍ ചുമതലകള്‍ ഏറ്റെടുത്തു.
ഈ ടൂര്‍ണമെന്റിന്റെ വിജയത്തിനൊപ്പം അകമഴിഞ്ഞ പിന്തുണയും സംഭാവനയും നല്‍കിയ പ്രധാന സ്‌പോണ്‍സര്‍മാരും വൊളണ്ടിയര്‍മാരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ടൈറ്റില്‍ സ്‌പോണ്‍സറായി സഗീറിന്റെ പേവിന്റ് (Paywint), ഗോള്‍ഡ് സ്‌പോണ്‍സറായി സലിമിന്റെ പാം ഇന്ത്യ (Palm India), പ്ലാറ്റിനം സ്‌പോണ്‍സര്‍മാരായ റോക്‌സി (Roux) ന്റെ സിറോക്കോ (Siroco)യും അന്‍സാരിയുടെ അല്‍ഹംറ (Al Hamra)യും, സമ്മാന സ്‌പോണ്‍സറായി അനൂപിന്റെ നെക്‌സസ് (Nexus), സില്‍വര്‍ സ്‌പോണ്‍സറായി അബിന്റെ എം.ഐ.എച്ച് റിയല്‍റ്റേഴ്‌സ് (IMH Realtors) തുടങ്ങിയവരാണ് ലൂക്കയുടെ വിജയത്തിലേക്ക് കൈ കോര്‍ത്തത്.
മലയാളി കായിക കൂട്ടായ്മയുടെ ഭാഗമാകാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. നിങ്ങളുടെ ടീമുകളുമായി ആത്മാര്‍ത്ഥതയോടെയും സഹവര്‍ത്തിത്വത്തോടെയും നിങ്ങള്‍ക്കും ഈ കായിക വേദിയിലേക്കു ചുവടു വയ്ക്കാം.
ടൂര്‍ണമെന്റുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: നജീബ് (213) 550-9252, ഇ-മെയില്‍ lukaexecutive@gmail.com
വെബ്: www.lukausa.org
വിവരങ്ങള്‍ നല്‍കിയത് നജീബ് (LUKA പ്രസിഡന്റ്)
മൊയ്തീന്‍ പുത്തന്‍ചിറ