-->
മലയാള സിനിമയ്ക്ക് മറക്കാനാവാത്ത മെലഡികള്‍ സമ്മാനിച്ച ചലച്ചിത്രഗാനരചയിതാവാണ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ. കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വയലാർ രാമവർമ്മയുടെ പുത്രനാണ് ശരത്ചന്ദ്ര വര്‍മ്മ. മലയാള ചലച്ചിത്ര വേദിയിൽ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ ഇതിനോടകം തന്നെ ശരത്തിനു കഴിഞ്ഞിട്ടുണ്ട്. അതില്‍ത്തന്നെ എടുത്തു പറയാവുന്ന ഒരു ഗാനമാണ് ഇന്നും പ്രേക്ഷകരുടെ ചുണ്ടില്‍ നിറഞ്ഞു നില്‍ക്കുന്ന ‘ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത്...’ എന്നത്. ദിലീപിന്റെ ചാന്തുപൊട്ട് എന്ന സിനിമയിലെ ഈ ഗാനം പ്രണയം നിറയ്ക്കുന്ന ഒരു ഗാനം കൂടിയാണ്.
ഇപ്പോഴിതാ ലാല്‍ എന്ന നിര്‍മ്മാതാവില്ലായിരുന്നെങ്കില്‍ ഇത്ര മനോഹരമാകില്ലെന്ന് പറയുകയാണ് ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ സിനിമയിലെ പ്രധാന ഗാനം കൂടിയാണ് ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്ന് തുടങ്ങുന്ന ഗാനം. ‘‘ചാന്ത്പൊട്ട് എന്നായിരുന്നില്ല ആ സിനിമയുടെ പേരെന്ന് അറിയാമല്ലോ. അതുകൊണ്ട് ആ പാട്ട് ‘സൂര്യന്‍ ചാന്തുകുടഞ്ഞൊരു മാനത്ത്, നാണം പൊട്ടു തൊടുന്ന ഒരു തീരത്ത്...’ എന്നായിരുന്നു ഞാന്‍ ആദ്യം കുറിച്ച വരികള്‍. ലാലിന്റെ ലാല്‍ ക്രിയേഷന്‍സാണ് ഈ സിനിമയുടെ നിര്‍മാണം. വൈകുന്നേരം പാട്ട് കേള്‍ക്കാന്‍ ലാല്‍ എത്തി. സംഗീതത്തെക്കുറിച്ച് നല്ല ധാരണയുള്ള നടനാണ് ലാല്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ലാലേട്ടന് ലിറിക്കല്‍ സെന്‍സ് നന്നായിട്ടുണ്ട് എന്റെ അനുഭവത്തില്‍. പാട്ട് കേട്ട് ലാല്‍ ചോദിച്ചു, ‘ശരതേ, നമുക്ക് സൂര്യനെയും ചാന്തിനെയും അങ്ങോട്ടുമിങ്ങോട്ടും ഒന്നു മാറ്റിയാലോ’ എന്ന്. ലാലേട്ടന്റെ ഈ ചോദ്യത്തില്‍ കഴമ്പുണ്ടെന്ന് തോന്നിയ ഞാന്‍ വരി മാറ്റിയെഴുതി. അങ്ങിനെ മാറ്റിയപ്പോള്‍ അത് മനോഹരമായി. അങ്ങിനെയാണ് ‘ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത്’ എന്ന ഗാനം പിറന്നത്.
വരികള്‍ മുഴുവന്‍ എഴുതിക്കഴിഞ്ഞ ശേഷമാണ് ഈ ഗാനം ട്യൂണ്‍ ചെയ്തത്. വിദ്യാസാഗര്‍ സാര്‍ ആയിരുന്നു സംഗീതസംവിധായകന്‍. സാഹിത്യത്തെക്കുറിച്ച് നല്ല പരിജ്ഞാനമുള്ള അദ്ദേഹം ആ വരികളെ അനശ്വരമാക്കി...ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്നഈ ഗാനം ആലപിച്ചത് ഷഹബാസ് ആണ്. ഷഹബാസ് അമന്റെ പതിഞ്ഞ ഗസല്‍ ശബ്തം ഈ വരികളെ മറ്റൊരു തലത്തിലേക്കുയര്‍ത്തുകയും ചെയ്തു...’’ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പറയുന്നു.
ബെന്നി പി നായരമ്പലമാണ് അപൂര്‍വ്വമായ ഒരു കടലിന്റെ പുത്രനെക്കുറിച്ചുള്ള ഈ കഥ എഴുതിയത്. ദിലീപിന്റെ അസാധ്യ പ്രകടനമാണ് ഈ സിനിമയില്‍ മുഴുവനുള്ളത്. ജനിക്കുന്നത് ആണായിട്ടാണെങ്കിലും പെണ്‍കുട്ടിയെപ്പോലെയാണ് ഈ സിനിമയില്‍ വളരുന്നത്. അങ്ങനെ വളര്‍ന്ന ദിലീപില്‍ ഒരു പുരുഷന്‍ ഉണരുന്നതിന്റെ മാറ്റമാണ് ഈ ഗാനം കൊണ്ടു വരുന്നത്. ദിലീപ് എന്ന കഥാപാത്രത്തിന്റെ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട പരിവര്‍ത്തനം കൂടിയാണ് ഈ ഗാനം.