-->
തെന്നിന്ത്യൻ സിനിമ ലോകത്ത് നാച്വറൽ സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് നാനി. മികച്ച സിനിമകള്‍ കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും എന്നും പ്രേക്ഷകരെ ഞെട്ടിക്കുന്ന തെലുങ്ക് താരത്തിന്റെ ഹിറ്റ് ലിസ്റ്റിൽ ഒരുപാട് സിനിമകളുണ്ട്. താരത്തിന്റേതായി അടുത്തിറങ്ങിയ സിനിമകളൊക്കെയും വലിയ വിജയങ്ങളായിരുന്നു.
നാനിയുടെ കരിയറിലെ ഏറ്റവും ജനപ്രീതി നേടിയ സിനിമയായിരുന്നു ജേഴ്‌സി. സിനിമയുടെ തിരക്കഥയ്ക്കും നാനിയുടെ പ്രകടനത്തിനും വലിയ പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ ജേഴ്സി പോലെയൊരു സിനിമയെടുക്കാൻ ഇപ്പോഴും തനിക്ക് താല്പര്യമുണ്ടെന്നും ഇന്ന് അതിനെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും നാനി പറയുകയാണ്.
"100 ശതമാനവും ഇന്നത്തെ നാനിക്ക് ജേഴ്‌സി പോലെയൊരു സിനിമ ചെയ്യാൻ സാധിക്കും. എനിക്ക് ഒരുപാട് പ്രേക്ഷകരിലേക്ക് സിനിമകള്‍ എത്തിക്കണമെന്നാണ് ആഗ്രഹം. ഇന്ന് ജേഴ്സി പോലെയൊരു സിനിമ ചെയ്യുകയാണെങ്കില്‍ അത് ഒരുപാട് പ്രേക്ഷകരിലേക്ക് എത്തിക്കാനാകും.
കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത് അല്ലാതെ സ്റ്റാർ ആയി അറിയപ്പെടാൻ അല്ല. ഓരോ 2-3 സിനിമകളിലും ജേഴ്സി പോലുള്ള സിനിമകള്‍ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു... " നാനി പറഞ്ഞു.
ഗൗതം തിന്നനൂരി സംവിധാനം ചെയ്തു 2019 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ജേഴ്‌സി. മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച നേട്ടമായിരുന്നു. നാനിയെക്കൂടാതെ ശ്രദ്ധ ശ്രീനാഥ്, സത്യരാജ് തുടങ്ങിയവരായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായത്.
ഹിറ്റ് 3 ആണ് റിലീസ് കാത്തിരിക്കുന്ന നാനി ചിത്രം. നടന്റെ 32-ാമത് സിനിമയായതു കൊണ്ടു തന്നെ ഹിറ്റ് 3 ക്ക് പ്രതീക്ഷകളുമുണ്ട്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കുമിതെന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും.