-->
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. ഏബ്രഹാമിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനും കേരള ഹൈക്കോടതി ഉത്തരവിനും പിന്നാലെയാണ് നടപടി. കേസെടുത്തത് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമെന്നാണ് വിവരം. എഫ്‌ഐആര്‍ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിക്കും.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അമിക്കസ് ക്യൂറിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം, മുന്‍ ചീഫ് സെക്രട്ടറിയും നിലവില്‍ കെ-ഡിസ്‌കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കെ.എം. ഏബ്രഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമപരവും ഭരണപരവുമായ ഗുരുതര പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതായാണ് വ്യക്തമാക്കുന്നത്. മുംബൈയിലെ 3 കോടി വിലയുള്ള അപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, കൊല്ലം കടപ്പാക്കട യിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കം കെ.എം എബ്രഹാം സമ്പാദിച്ച ആസ്തികള്‍ വരവില്‍ കവിഞ്ഞ സ്വത്താണ് എന്നാണ് ആരോപണം. ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലന്‍സായിരുന്നു.
എക്‌സ്-ഒഫീഷ്യോ സെക്രട്ടറി എന്ന അംഗീകാരമില്ലാത്ത പദവിയാണു ഡോ. ഏബ്രഹാം വഹിച്ചതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പദവി നിയമപരമായി നിര്‍വചിക്കപ്പെട്ടിട്ടില്ല, സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളില്‍ അംഗീകരിച്ചിട്ടുമില്ല. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കെ-ഡിസ്‌കിന്റെ ബൈലോകള്‍ വഴി മാത്രമാണ് ഈ പദവി സൃഷ്ടിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലോ കേരള ബിസിനസ് നിയമങ്ങളിലോ ഇത്തരം അധികാരം നല്‍കുന്ന ഒരു വിജ്ഞാപനവുമില്ല.
വിജ്ഞാന കേരള പദ്ധതിയുടെ ഉപദേശകനായി മുന്‍ മന്ത്രി ടി.എം.തോമസ് ഐസക്കിനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവില്‍ എക്‌സ്-ഒഫീഷ്യോ സെക്രട്ടറി എന്ന നിലയില്‍ ഏബ്രഹാം തന്നെയാണ് ഒപ്പുവച്ചത്. സ്വന്തം സ്ഥാനത്തില്‍ നിന്നുണ്ടാകുന്ന ഉത്തരവുകള്‍ അദ്ദേഹം തന്നെ പുറപ്പെടുവിക്കുകയും നടപ്പാക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നാലു നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. സൊസൈറ്റിയുടെ ബൈലോകള്‍ പ്രകാരം സെക്രട്ടറി ടു ഗവ. എന്ന ഭരണഘടനാപരമോ നിയമപരമോ ആയ പദവി നല്‍കാന്‍ കഴിയില്ല. ഇതു കേരള സര്‍ക്കാര്‍ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശങ്ങളുടെയും ഭരണഘടനയുടെ 166-ാം അനുഛേദത്തിന്റെയും ലംഘനമാണ്.
പ്ലാനിങ് ആന്‍ഡ് എക്കണോമിക് അഫയേഴ്‌സ് (ഡവലപ്‌മെന്റ് ഇന്നവേഷന്‍) എന്ന നിലവിലില്ലാത്ത വകുപ്പിന്റെ പേരില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. കേരള ബിസിനസ് നിയമങ്ങളിലെ റൂള്‍ 2(ര) പ്രകാരം സെക്രട്ടറി എന്നത് ഔദ്യോഗികമായി നിയമിക്കപ്പെട്ടവരെ മാത്രമാണ് ഉള്‍പ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ 166-ാം അനുഛേദം പാലിക്കപ്പെട്ടില്ലെന്നതിനാല്‍, കെ.എം. ഏബ്രഹാം ഒപ്പിട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും അസാധുവാക്കപ്പെടാമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.