-->
കോളിവുഡിലെ സ്റ്റാർ പ്രണയ ജോഡികളുടെ പട്ടിക എടുത്താല്‍, അജിത്-ശാലിനി ദമ്പതികളാണ് മുന്‍പന്തിയില്‍ വരുന്നത്. ഇരുവരും ഒരേ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു. സിനിമ പൂർത്തിയായപ്പോള്‍ രണ്ടാളും പ്രണയത്തിലായി, അധികം താമസിയാതെ വിവാഹിതരാകുകയും ചെയ്തു.
ബാലതാരമായി എത്തി പിന്നീട് പ്രേക്ഷകമനസ്സില്‍ കുടിയേറിയ താരമാണ് ശാലിനി. ക്യൂട്ട്നെസ്സും അഭിനയമികവും കൊണ്ടും ബേബി ശാലിനിയോളം പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റെടുത്ത ബാലതാരങ്ങളുണ്ടോയെന്ന് തന്നെ സംശയമാണ്. പിന്നീട് നായികയായി മലയാളത്തിലും തമിഴിലുമടക്കം ശാലിനി തിളങ്ങി. ഓരോ കാലഘട്ടത്തിലും അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ശാലിനി സിനിമയില്‍ നിറഞ്ഞു നിന്നത്. ബാലതാരമായിരുന്നപ്പോള്‍ അതുവരെ ആര്‍ക്കും ലഭിക്കാത്ത സൂപ്പര്‍താര പദവി സ്വന്തമാക്കി. കുറഞ്ഞ കാലത്തിനുള്ളില്‍ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു. പിന്നെ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം നായികയായിട്ടുള്ള തിരിച്ച് വരവ്. അവിടെയും കുറെയധികം വിജയചിത്രങ്ങളുടെ ഭാഗമായി.
ഇതിനിടയിലാണ് തമിഴകത്തിന്റെ പ്രിയ താരം അജിത്തുമായി ശാലിനി പ്രണയത്തിലായത്. ‘അമര്‍ക്കളം’ എന്ന സിനിമയില്‍ ജോഡികളായി അഭിനയിച്ച ഇവര്‍ റിയല്‍ ലൈഫിലും പ്രണയജോഡികളായി. ഇന്റര്‍കാസ്റ്റ് വിവാഹത്തിന്റെ ചില പ്രശ്നങ്ങളും എതിര്‍പ്പുകളുമൊക്കെ വീട്ടുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായെങ്കിലും എല്ലാവരുടെയും സമ്മതത്തോടെ 2000 ഏപ്രില്‍ 24 ന് ഇവര്‍ വിവാഹിതരായി. അജിത്തിന്റെയും ശാലിനിയുടെയും വിവാഹം മുഴുവൻ സിനിമാലോകവും പങ്കെടുത്തതു വഴി തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. ഇന്നിപ്പോള്‍ സിനിമയുടെ യാതൊരു തിരക്കുകളുമില്ലാതെ രണ്ടു മക്കളുടെയും അജിത്തിന്റെയും കാര്യങ്ങള്‍ നോക്കി കുടുംബിനിയായി ഒതുങ്ങിയിരിക്കുകയാണ് ശാലിനി. അജിത്ത് തമിഴകത്ത് തിളങ്ങി നില്‍ക്കുമ്പോള്‍ പൂർണമായും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് അവസാനിപ്പിച്ച താരം മക്കളുടെയും ഭർത്താവിനും ഒപ്പം സന്തുഷ്ടയായി ജീവിക്കുകയാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപത്നി അതിലൂടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യത്തിന്റെ 25-ാം വിവാഹവാര്‍ഷികം, സില്‍വര്‍ ജൂബിലി കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കിടുകയാണ് ശാലിനി. ഹാര്‍ട്ട് ഇമോജിയും സ്റ്റാറുകളുമൊക്കെ ക്യാപ്ഷനായി നല്‍കിയാണ് താരപത്നി വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ ചോക്ലേറ്റ് മുറിച്ച് താരദമ്പതിമാര്‍ വായില്‍ വച്ചു കൊടുക്കുന്നതും കാണാം. നിറചിരിയോടെ സ്വന്തം ജീവിതം ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സന്തോഷം ഇരുവരുടെയും മുഖത്ത് തെളിഞ്ഞു കാണാം.
ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസകളും പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളും പങ്കിടുന്നത്. ‘വിവാഹ വാർഷികാശംസകൾ... എപ്പോഴും ചെറുപ്പവും ഭംഗിയുമുള്ളവരായിരിക്കുക, നിങ്ങൾ രണ്ടുപേരുമാണ് ഞാൻ ഇപ്പോഴും യഥാർത്ഥ പ്രണയത്തിന്റെ മാന്ത്രികതയിൽ വിശ്വസിക്കുന്നതിന്റെ കാരണം, ഒരുമയുടെ 25 വർഷങ്ങൾ, ഒരിക്കലും പ്രായം തോല്‍പ്പിക്കാത്ത പ്രണയം...’ എന്നതടക്കമാണ് കമന്റുകള്‍.
മലയാളത്തിലും തമിഴിലുമടക്കം നായികയായി ശാലിനിയും തമിഴിലെ സൂപ്പര്‍ഹീറോ പദവിയില്‍ അജിത്ത് കുമാറും തിളങ്ങി നില്‍ക്കുമ്പോഴും ഇവര്‍ രണ്ടാളും പ്രണയത്തിലാകുന്നത്. ‘അമര്‍ക്കളം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് പ്രണയം തുടങ്ങിയത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നും അബദ്ധത്തില്‍ ശാലിനിയ്ക്ക് പരിക്ക് പറ്റി. അജിത്ത് കാരണം സംഭവിച്ച അപകടമായതിനാല്‍ അന്ന് തുടങ്ങിയ സെന്റിമെന്റ്‌സാണ് താരങ്ങളുടെ പ്രണയകഥയ്ക്ക് കാരണമായത്. സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതിനുള്ളില്‍ ഇരുവരും ശക്തമായ പ്രണയത്തിലായി.
ചില എതിര്‍പ്പുകളും പ്രശ്‌നങ്ങളുമൊക്കെ തുടക്കത്തില്‍ വന്നെങ്കിലും വീട്ടുകാരെ കൂടി അറിയിച്ച ശേഷം ഈ ബന്ധം താരങ്ങള്‍ മുന്നോട്ട് കൊണ്ട് പോയി. വിവാഹം കഴിഞ്ഞാല്‍ ശാലിനി അഭിനയിക്കുന്നില്ലെന്നത് ശാലിനിയുടെ മാത്രമല്ല അജിത്തിന്റെയും തീരുമാനമായിരുന്നു. ഇന്റർകാസ്റ്റ് മാരേജ് ആണെങ്കിലും വീട്ടുകാരുടെ നേതൃത്വത്തില്‍ വിവാഹം നടത്തി. കല്യാണം കഴിക്കുകയാണെങ്കില്‍ അഭിനയം ഉപേക്ഷിക്കുമെന്ന് തീരുമാനത്തില്‍ ശാലിനി ഉറച്ചുനിന്നു. അജിത്ത് അത് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിവാഹത്തിന് തൊട്ട് മുന്‍പ് ശാലിനി അഭിനയിച്ച നിറം സിനിമയുടെ തമിഴ് റീമേക്കിലെ പാട്ട് സീന്‍ പൂര്‍ത്തിയാക്കാന്‍ പോലും അജിത്ത് സമ്മതിച്ചിരുന്നില്ല. പിന്നീട് താരപത്നി രണ്ട് മക്കളുടെ അമ്മയായി. പരസ്പര സ്‌നേഹവും ഐക്യവുമൊക്കെയുള്ള കുടുംബം ഇവര്‍ രണ്ടാളും കൂടി സൃഷ്ടിച്ചു.
സിനിമ ഉപേക്ഷിച്ചതില്‍ തനിക്കൊരിക്കലും നഷ്ടബോധമില്ലെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ ശാലിനി പറഞ്ഞത്. ‘‘ഉത്തരവാദിത്തമുള്ള ഭാര്യയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമാണ് താനിപ്പോള്‍. സിനിമയില്‍ നിന്നും കിട്ടിയതിനെക്കാളും സന്തോഷവും സംതൃപ്തിയും എനിക്കിപ്പോള്‍ ലഭിക്കുന്നുണ്ട്. അജിത്തും ഞാനും പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ്. എന്റെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും എതിരായി ഒന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ അദ്ദേഹം ചെയ്യാറില്ല.
വിവാഹശേഷം വീണ്ടും സിനിമയില്‍ അഭിനയിക്കുന്ന നടിമാരോട് തനിക്ക് ബഹുമാനമുണ്ടെങ്കിലും അവരെ പോലെ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ഇനി അങ്ങനെ ഞാന്‍ കൂടി അഭിനയത്തിലേക്ക് വരികയാണെങ്കില്‍ സന്തോഷത്തോടെ പോകുന്ന കുടുംബ ജീവിതത്തെ പോലും ബാധിക്കും...’’ എന്നാണ് വർഷങ്ങള്‍ക്ക് മുൻപ് കൊടുത്ത ഒരു അഭിമുഖത്തില്‍ ശാലിനി പറഞ്ഞത്.
സിനിമകളില്‍ സജീവമായ അജിത്ത് ഇടയ്ക്ക് തന്റെ ഇഷ്ടവിനോദമായ കാര്‍ റേസിങ്ങും ബൈക്ക് റൈഡുമൊക്കെയായി ചുറ്റുന്നുമുണ്ട്. താരജാഡകള്‍ക്കോ ആഡംബരത്തിനോടോ യാതൊരു താല്‍പര്യവുമില്ലാത്തവരാണ് അജിത്തും ശാലിനിയും. അതുകൊണ്ട് തന്നെ പാര്‍ട്ടികളിലും മറ്റ് അനുബന്ധ പരിപാടികളില്‍ നിന്നെല്ലാം ഇരുവരും മാറി നില്‍ക്കാറുണ്ട്. എന്നാല്‍ വിദേശത്ത് വെച്ച് നടന്ന കാര്‍ റേസ്സിങ്ങില്‍ വിജയിച്ച സമയത്ത് അജിത്ത് ഭാര്യ ശാലിനിയുടെ പിന്തുണയെ കുറിച്ച് അജിത്ത് തുറന്നു സംസാരിച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.