-->
തിയേറ്ററുകളില്‍ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ഒരു സിനിമ കാണുമ്പോള്‍ കിട്ടുന്ന ആവേശമില്ലെങ്കില്‍ കൂടി ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ എത്തുന്ന സിനിമകള്‍ നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടാറുണ്ട്. സിനിമകള്‍ മാത്രമല്ല വെബ് സീരീസ് അടക്കമുള്ളവയും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. തിയേറ്ററുകളില്‍ എത്തിയില്ലെങ്കില്‍ കൂടി ചില സിനിമകളും അതിലെ കഥാപാത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ തരംഗമായി മാറിയിട്ടുണ്ട്.
അത്തരത്തില്‍ വണ്ടര്‍ വുമണിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത് ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘ബാക്ക് സ്റ്റേജ്’. പത്മപ്രിയയും റിമ കല്ലിങ്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചുമുള്ള പ്രത്യേകത തുറന്നു പറയുകയാണ് പത്മപ്രിയ. ഇതുവരെയുള്ള തന്റെ സിനിമാ കരിയറില്‍ ആരുടെയെങ്കിലും ഭാര്യയോ കാമുകിയോ ആയി മാത്രമാണ് അഭിനയിച്ചതെന്നും സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധത്തെ എക്‌സ്‌പ്ലോർ ചെയുന്ന സിനിമ ഇതുവരെ ലഭിച്ചിരുന്നില്ലെന്നും ബാക്ക് സ്റ്റേജിലൂടെ ആ വിഷമം നികത്തിയെന്നും പത്മപ്രിയ പറഞ്ഞു.
‘‘ഞാൻ ഇതുവരെ സൗഹൃദത്തെക്കുറിച്ച് പറയുന്ന കഥാപാത്രം ചെയ്തിട്ടില്ല. ആരുടെയെങ്കിലും ഭാര്യയോ കാമുകിയായോയുള്ള വേഷങ്ങളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധത്തെ എക്‌സ്‌പ്ലോർ ചെയ്യുന്ന സിനിമ ലഭിച്ചിട്ടില്ല. നിമിഷയുടെ കൂടെ ചെയ്ത ഒരു തെക്കൻ തല്ലുകേസ് എന്ന സിനിമയില്‍ കുറച്ചൊക്കെ സഹോദരബന്ധത്തെ കുറിച്ച് പറയുന്നതായിരുന്നു. എന്നാല്‍ ബാക്ക് സ്റ്റേജ് എന്ന സിനിമയില്‍ അങ്ങനെയല്ല. ഇത് പൂർണമായും സൗഹൃദത്തെക്കുറിച്ചാണ്, ഫീമെയില്‍ സൗഹൃദത്തെക്കുറിച്ചാണ് പറയുന്നത്. ഇത് ശരിക്കും മികച്ചൊരു കാര്യമായിരുന്നു. ഇത്രയും ചെറിയൊരു ഷോര്‍ട്ട് ഫോര്‍മാറ്റില്‍ അതു പറയുക എന്നതും ചെയ്യുക എന്നതും വളരെ ഇന്റര്‍റെസ്റ്റിംഗായ ഒരു കാര്യമായിരുന്നു. ’’പത്മപ്രിയ പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള വ്യത്യസ്ത നഗരങ്ങളുടെ പശ്ചാത്തലത്തില്‍ എട്ട് ആകര്‍ഷകമായ കഥകള്‍ ഉള്‍പ്പെടുത്തിയ ‘യുവ സപ്‌നോ കാ സഫര്‍’ എന്ന ആന്തോളജി മൂവിയിലെ ഒരു ചിത്രമാണ് ‘ബാക്ക് സ്റ്റേജ്’. . 45 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കൈകാര്യം ചെയുന്ന പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടുന്നുണ്ട്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം ആറ് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വേവ്സ് ഒ.ടി.ടിയിലാണ് ബാക്ക് സ്റ്റേജ് സ്ട്രീം ചെയ്യുന്നത്. സിനിമാ മേഖലയില്‍ നിന്ന് തന്നെ ഒട്ടേറെ പേര്‍ ചിത്രത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്.
ഒരു കാലത്ത് ഉറ്റ സുഹൃത്തുക്കൾ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കണ്ടുമുട്ടുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് ബാക്ക് സ്റ്റേജിന്റെ ഉള്ളടക്കം. സൗഹൃദത്തിന്റെ വളരെ തീവ്രവും ആഴമേറിയതും ആയ ആവിഷ്ക്കാരമാണ് ചിത്രത്തിന്റെത്. ആറ് ദിവസം കൊണ്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ലിറ്റിൽ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണം. ‘‘ഗൗരിയും കന്യയും സുഹൃത്തുക്കളാണ്. ബാക്ക് സ്റ്റേജിൽ അവരോടൊപ്പം ചിരിക്കുക, കരയുക, നിങ്ങളുടെ ഫ്രണ്ട്‌സോൺ ഓർമകൾ പുനരുജ്ജീവിപ്പിക്കുക...’’ എന്നാണ് ചിത്രത്തിന്റെ ഒടിടിയിലെത്തുന്നു എന്നറിയിച്ച് അഞ്ജലി മേനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.