Friday, March 13, 2026 Last Updated 36 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Apr 2025 02.32 PM

നായര്‍ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം കെങ്കേമമായി!

uploads/news/2025/04/777185/s.gif

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ ഏപ്രില്‍ 20 ഞായറാഴ്ച്ച ക്വീന്‍സിലെ ഗ്ലന്‍ഓക്‌സിലെ പി.എസ്.115 ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 11 മണിമുതല്‍ വൈകിട്ട് 5 മണി വരെ ആര്‍ഭാടമായി വിഷു ആഘോഷിച്ചു. വിഷുക്കണിക്ക് അകമ്പടിയായി പ്രാര്‍ത്ഥനാ ഗാനവും കണിപ്പാട്ടും ട്രഷറര്‍ രാധാമണി നായരും പ്രഥമവനിതയായ വത്സ കൃഷ്ണനും ചേര്‍ന്ന് ആലപിച്ചു. സീനിയര്‍ അംഗങ്ങളായ അപ്പുക്കുട്ടന്‍ നായരും സരസമ്മ കുറുപ്പും ചേര്‍ന്ന് സന്നിഹിതരായിരുന്നവര്‍ക്കെല്ലാം സുവര്‍ണ നാണയം വിഷുക്കൈനീട്ടം നല്‍കി അനുഗ്രഹിച്ചു. വിഷുക്കണിയും വേദിയും അതിമനോഹരമായി അണിയൊച്ചൊരുക്കിയത് സുധാകരന്‍ പിള്ളയാണ്.

സെക്രട്ടറി രഘുവരന്‍ നായര്‍ സ്വാഗതം ആശംസിക്കുകയും പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയുമുണ്ടായി. പ്രസിഡന്റ് ക്രിസ് തോപ്പില്‍ ഏവര്‍ക്കും വിഷുവിന്റെ മഹനീയമംഗളങ്ങള്‍ നേര്‍ന്നു. തുടര്‍ന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ വിഷുവിന്റെ മംഗളങ്ങള്‍ നേര്‍ന്ന് പ്രസംഗിച്ചു.

പുതിയ തലമുറയുടെ പ്രതിനിധിയും ക്ഷണിക്കപ്പെട്ട അതിഥിയുമായ പ്രദീപ് കുന്നത്ത് മേനോന്‍ ഏവര്‍ക്കും ഐശ്വര്യപൂര്‍ണമായ വിഷു ആശംസകള്‍ നേര്‍ന്നു. അമേരിക്കയിലുടനീളമുള്ള നായര്‍ യുവതീയുവാക്കളെ തമ്മില്‍ പരിചയപ്പെടുത്താനും സഹകരിച്ചു പ്രവര്‍ത്തിക്കാനുമായി 'SONYA' എന്ന പേരില്‍ ഒരു വാട്‌സപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്നും ആ ഗ്രൂപ്പില്‍ എല്ലാ യുവതീയുവാക്കളും അംഗമാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ എന്‍.ബി.എ.പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ നമ്പറില്‍ ബന്ധപ്പെടുവാനും പ്രദീപ് നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഓണാഘോഷത്തിന് മഹാബലിയായി അരങ്ങില്‍ വന്ന് അനുഗ്രഹം ചൊരിഞ്ഞ അപ്പുക്കുട്ടന്‍ പിള്ളയെയും അദ്ദേഹത്തെ അണിയിച്ചൊരുക്കാന്‍ എന്നും കൂടെനിന്നു പ്രയത്‌നിച്ച പത്‌നി രാജമ്മ പിള്ളയെയും പൊന്നാട അണിയിക്കുകയും ഫലകം നല്‍കി ആദരിക്കുകയും ചെയ്തു.

എന്‍.ബി.എ.യുടെ പുതുക്കിയ ഭജനബുക്ക് ''ഭക്തിഗീതാഞ്ജലി'' എന്ന പേരില്‍ കൂടുതല്‍ കീര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പ്രസിദ്ധീകരിച്ച് സംഘടനയ്ക്ക് സംഭാവന ചെയ്ത കുന്നപ്പള്ളില്‍ രാജഗോപാലിനെ അനുമോദിച്ച് പൊന്നാട അണിയിക്കുകയും ഫലകം നല്‍കി ആദരിക്കുകയും ചെയ്തു.

കോവിഡു കാലത്ത് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ എന്‍.ബി.എ.യുടെ ആസ്ഥാനമന്ദിരം പുതുക്കിപ്പണിതതിനും മറ്റുസേവനങ്ങളെയും അനുസ്മരിച്ചുകൊണ്ട് മുന്‍ പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായരെ പൊന്നാടയണിയിക്കുകയും പ്രശംസാഫലകം നല്‍കുകയും ചെയ്തു.

സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്ന രഘുവരന്‍ നായരുടെ ശ്ലാഘനീയവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും സംഘടനയ്ക്ക് നല്‍കിയിട്ടുള്ള നിസ്സീമമായ സഹകരണവും ഒക്കെ കണക്കിലെടുത്ത് അദ്ദേഹത്തിനെയും പൊന്നാടയണിയിച്ച് അനുമോദിക്കുകയും ഫലകം നല്‍കി ആദരിച്ചു.

വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സ്വഭവനങ്ങളില്‍ പാചകം ചെയ്തുകൊണ്ടുവന്ന വിഭവസമൃദ്ധമായ വിഷുസദ്യ എടുത്തു പറയേണ്ടിയിരിക്കുന്നു.

സദ്യക്കുശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. എച്.കെ.എസ്സിന്റെ മേളക്കൊഴുപ്പാര്‍ന്ന ചെണ്ടമേളത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. ബോളീവുഡ് നൃത്തം ചെയ്ത് ധില്ലന്‍ ഷെട്ടി കാണികളുടെ മനം കവര്‍ന്നു.

കുചേലവൃത്തം എന്ന നൃത്തനാടകം അതിഗംഭീരമായി എന്ന് കാണികളെല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു. പ്രത്യേകിച്ചും കൃഷ്ണവേഷത്തില്‍ എത്തിയ ഗായത്രി നായരും കുചേലന്റെ വേഷത്തിലെത്തിയ അജിത് നായരും. നൃത്തംചെയ്ത് മകള്‍ ഗായത്രി കാണികളെ കയ്യിലെടുത്തപ്പോള്‍ പിതാവ് അജിത് നായര്‍ ഭാവാഭിനയം കൊണ്ട് സദസ്സിലെ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു എന്നുപറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. അവരോടോപ്പം നൃത്തം ചെയ്ത മറ്റു നര്‍ത്തകികളും വളരെ മനോഹരമായി നൃത്തം ചെയ്ത് ഈ നൃത്തനാടകം അവിസ്മരണീയമാക്കി. ഈ നൃത്തം സംവിധാനം ചെയ്ത സുപ്രസിദ്ധ നര്‍ത്തകിയും നൃത്താദ്ധ്യപികയുമായ ബിന്ദ്യാ ശബരിയെ വേദിയില്‍ വച്ച് ആദരിച്ചു.

രാധാമണി നായര്‍ കവിത മനോഹരമായി ആലപിച്ചപ്പോള്‍ അമേരിക്കയിലാകമാനം അറിയപ്പെടുന്ന ഗായകരായ ശബരിനാഥ് നായര്‍, രവി നായര്‍ വെള്ളിക്കെട്ടില്‍, അജിത് എന്‍. നായര്‍, പ്രേം കൃഷ്ണന്‍ എന്നിവരുടെ കര്‍ണാനന്ദകരമായ ഗാനങ്ങള്‍ വിഷുവാഘോഷത്തിനു മാറ്റുകൂട്ടി. പ്രസീദ ഉണ്ണി, ഗായത്രി നായര്‍, ആര്യ നായര്‍, മേഘ നായര്‍, രേണു ജയകൃഷ്ണന്‍, ദിവ്യ നായര്‍ എന്നിവരുടെ നൃത്തങ്ങളും വിഷു ആഘോഷത്തിനു ചാരുത പകര്‍ന്നു.

എംസിമാരായി മൃദുല നായരും വൈഷ്ണവിയും പ്രവര്‍ത്തിച്ചപ്പോള്‍ കര്‍ട്ടനു പിന്നില്‍ നിന്ന് എല്ലാവിധ പിന്തുണയും സഹായവും ചെയ്തത് ശോഭ കറുവക്കാട്ടും കലാ മേനോനും കൂടിയാണ്.

കെ.എച്ച്.എന്‍. എ.യെ പ്രതിനിധീകരിച്ച് ട്രഷറര്‍ രഘുവരന്‍ നായര്‍, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ആയ ജയപ്രകാശ് നായര്‍, രാധാമണി നായര്‍, മന്ത്രയെ പ്രതിനിധീകരിച്ച് ഷിബു ദിവാകരന്‍, വിനോദ് കെയാര്‍കെ, മഹിമ പ്രസിഡന്റ് പുരുഷോത്തമ പണിക്കര്‍, രവി നായര്‍, ശബരിനാഥ് നായര്‍, എന്‍. എസ്.എസ്. ഓഫ് ഹഡ്‌സണ്‍വാലി ഫ്രസിഡന്റ് ജി.കെ.നായര്‍, എസ് എന്‍ എ പ്രസിഡന്റ് സജി കമലാസനന്‍, സെക്രട്ടറി ബിജു കൂട്ടുമ്മേല്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സഹൃദയന്‍ ജി പണിക്കര്‍, ഗ്ലോബല്‍ വോയ്‌സ് ന്യൂസ് പേപ്പര്‍ സി ഇ ഒ ഫിലിപ്പ് മഠത്തില്‍, കേരള സമാജം ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സണ്ണി പണിക്കര്‍ എന്നീ പ്രമുഖരും സന്നിഹിതരായിരുന്നു.

വൈസ് പ്രസിഡന്റ് ബാബു മേനോന്റെ നന്ദി പ്രകാശനത്തോടെ വിഷു ആഘോഷത്തിനു തിരശ്ശീല വീണു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

Ads by Google
Wednesday 23 Apr 2025 02.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW