-->
ഡല്‍ഹി മുസ്തഫാബാദില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 7 പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. നിലവില്‍ 5 പേര്‍ പരുക്കേറ്റ് ജി ടി ബി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ്, വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണത്. കെട്ടിട ഉടമ അടക്കം 25 ഓളം പേര്‍ കെട്ടിടത്തില്‍ താമസിസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. അതിവേഗം കെട്ടിടം നിലം പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അപകടത്തിന് പിന്നാലെ ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചിരുന്നു. കെട്ടിടം തകര്‍ന്നു വീണതില്‍ അന്വേഷണം നടത്തുമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.