Thursday, March 12, 2026 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 10.46 AM

ഫിലിം ചേംബറില്‍ പരാതി നല്‍കി വിന്‍സി അലോഷ്യസ് ; ലഹരി വെളിപ്പെടുത്തലിലെ നടന്‍ ഷൈന്‍ ടോം ചാക്കോ

uploads/news/2025/04/776380/shine-tom-chacko.jpg

കൊച്ചി: നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരേ വിന്‍സി ഫിലിം ചേംബറില്‍ പരാതി നല്‍കി. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു മോശം പെരുമാറ്റമെന്ന് നടി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. നടിയില്‍ നിന്നും എക്‌സൈസും വിവരങ്ങള്‍ തേടാനൊരുങ്ങുകയാണ്.

വിന്‍സിയില്‍ നിന്നും പരാതി വാങ്ങി കേസെടുക്കാന്‍ പോലീസും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇനി ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം സിനിമ ചെയ്യില്ലെന്ന് പരസ്യപ്രസ്താവന നടി നടത്തിയതിന് പിന്നാലെയാണ് എറണാകുളം എക്‌സൈസ് നടിയില്‍ നിന്നും വിവരം തേടാനൊരുങ്ങുന്നത്. വിന്‍സി പരാതി നല്‍കിയാല്‍ മാത്രമേ കേസെടുക്കു എന്ന നിലപാടിലാണ് എക്‌സൈസ്. ഫിലിം ചേംബറിന് പുറമേ സിനിമയുടെ ഐസിസിക്കും പരാതി നൽകി.

ഒരു നടന്‍ സിനിമാ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്നും ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂര്‍ത്തിയാക്കിയതെന്നും ഇനി അത്തരക്കാര്‍ക്കൊപ്പം സിനിമ ചെയ്യില്ലെന്നും നടി സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട പ്രതികരണത്തില്‍ പറഞ്ഞിരുന്നു. അതേസമയം ഷൈന്‍ടോം ചാക്കോയ്ക്ക് എതിരേ നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് 2 കോടി രൂപയുടെ ഹൈ​‍ബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ തസ്ലിമ സുല്‍ത്താന നടനെതിരേ ആരോപണം ഉയര്‍ത്തിയിരുന്നു.

ചോദ്യം ചെയ്യലിൽ നടന്മാരായ ശ്രീനാഥ് ഭാസി ,ഷൈൻ ടോം ചാക്കോ എന്നിവർക്കെതിരെ തസ്ലിമ മൊഴി നൽകുകയായിരുന്നു. രണ്ടുപേര്‍ക്കും ലഹരി നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. മിക്ക സിനിമാ താരങ്ങളും ലഹരി ഉപയോഗിക്കുന്നവരെന്നും മൊഴിയിലുണ്ടായിരുന്നു. വിന്‍സിയുടെ വീഡിയോ വെളിപ്പെടുത്തല്‍ വന്‍ വിവാദമായതിനെ തുടര്‍ന്ന് ഷൈനെ പുറത്താക്കുമെന്ന് ഫിലിം ചേംബറും ഇന്നലെ പ്രതികരിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW