-->
ബെംഗളുരുവിൽ ലഹരി ശേഖരവുമായി മലയാളി എഞ്ചിനീയർ പിടിയിൽ. കേരളത്തിൽ നിന്ന് ബംഗളുരുവിലേക്ക് ലഹരി കടത്തിയ ജിജോ പ്രസാദ് (25) ആണ് പിടിയിലായതെന്ന് ബംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് അറിയിച്ചു. കസ്റ്റഡിയിലാകുമ്പോൾ ഇയാളുടെ പക്കൽ 1.50 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ഉണ്ടായിരുന്നു.
ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് രണ്ടരക്കിലോ ഹൈഡ്രോപോണിക് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
വീട്ടിൽ 25 ലക്ഷത്തിലേറെ രൂപ പണമായും സൂക്ഷിച്ചിരുന്നു. ഇയാൾ ലഹരി വിൽപന ഇടപാടുകൾ നടത്തിയിരുന്ന മൊബൈൽ ഫോണും സിസിബി പിടിച്ചെടുത്തു. ആകെ പിടിച്ചെടുത്ത കഞ്ചാവിന്‍റെയും മറ്റ് വസ്തുക്കളുടെയും മൂല്യം നാലരക്കോടിയാണെന്നാണ് സിസിബി വ്യക്തമാക്കുന്നത്.
ഇയാൾ ഗ്രാമിന് 12,000 രൂപയ്ക്കാണ് ഹൈഡ്രോപോണിക് കഞ്ചാവ് ഇലക്ട്രോണിക് സിറ്റി മേഖലയിൽ വിറ്റിരുന്നത്. കേരളത്തിൽ നിന്ന് ബംഗളുരുവിലേക്ക് കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തിയെന്ന് ഇയാൾ പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.