-->
കൊപ്പേല്‍ (ടെക്‌സാസ്): സീറോ മലബാര്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും, ചിക്കാഗോ സീറോ മലബാര്‍ രൂപത, രജതജൂബിലി ആഘോഷിക്കുന്ന വേളയില്‍ ബാലകരില്‍ ഉണ്ണീശോയുടുള്ള സ്‌നേഹത്തില്‍ വളരുന്നതിന്റെയും, പ്രേഷിതപ്രവര്‍ത്തനത്തിന്റെ മേഖലയിലേക്ക് അവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുബാല സഖ്യം യൂണിറ്റിന്റെ (Holy Childhood Association -HCA) ഔദ്യോഗിക ഉത്ഘാടനം നടന്നു.
ഏപ്രില്‍ 6 ഞായാറായ്ച്ച വിശുദ്ധ കുര്‍ബാനക്കു മുന്‍പായി നടന്ന ചടങ്ങില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാ യൂത്ത് ഡയറക്ടര്‍. ഫാ മെല്‍വിന്‍ പോള്‍, ഇടവക വികാരിയും തിരുബാല സഖ്യം ഡയറക്ടറുമായ ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട് , അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍, തിരുബാലസഖ്യ ഇടവക കോര്‍ഡിനേറ്റര്‍ സെല്‍സി ജോബി, അനിമേറ്ററുമാരായ ബ്ലെസ്സി പോള്‍, ആന്‍ ജോഷി എന്നിവര്‍ ചേര്‍ന്ന് തിരിതെളിച്ചു യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
മതബോധന അധ്യാപകര്‍, ഇടവക ട്രസ്റ്റിമാര്‍, പാരിഷ് അംഗങ്ങള്‍, രക്ഷിതാക്കള്‍, എന്നിവരും സന്നിഹിതരായി. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍ എന്നിവരും പങ്കെടുത്തു.
പ്രീ കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ മൂന്നാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ സഖ്യത്തില്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തു. വിശുദ്ധ കുര്‍ബാന സ്വീകരിക്കാത്ത മൂന്നുവരെ ഗ്രേഡില്‍ പഠിക്കുന്ന കുട്ടികളാണ് തിരുബാല സഖ്യത്തില്‍ അംഗത്വം നേടുന്നത്. വിശുദ്ധ കുര്‍ബാന സ്വീകരണത്തിനു ശേഷം അവരെ ചെറുപുഷ്പ മിഷന്‍ ലീഗിലേക്ക് മാറ്റും. കുട്ടികളില്‍ ക്രിസ്തീയ ദൗത്യബോധം വളര്‍ത്തുന്ന ഉദ്ദേശത്തോടെ രൂപീകരിച്ച ഈ സഖ്യം വിശ്വാസികളിലും ആത്മീയ ഉണര്‍വേകി.
തിരുബാല സഖ്യത്തിന്റെ ലക്ഷ്യം കുട്ടികളില്‍ മിഷന്‍ ബോധം വളര്‍ത്തുകയും, പ്രാര്‍ത്ഥന, ത്യാഗം എന്നിവയുടെ മാര്‍ഗത്തില്‍ അവര്‍ക്ക് ആത്മീയ വളര്‍ച്ചയുടെ അവസരങ്ങള്‍ ഒരുക്കുകയുമാണ്. സ്‌നേഹവും കരുണയും പങ്കുവെക്കുവാനും, ക്രിസ്തുവിന്റെ അനുയായി ജീവിക്കുവാനുള്ള പ്രചോദനവും കുട്ടികള്‍ക്ക് ലഭിക്കുന്നു. ഉണ്ണിയേശുവാണ് തിരുബാല സഖ്യത്തിന്റെ സ്വര്‍ഗീയ മധ്യസ്ഥന്‍.
മാര്‍ട്ടിന്‍ വിലങ്ങോലില്‍