-->
ഡയമണ്ട് നെക്ലെസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീടിങ്ങോട്ട് ഒരുപാട് കഥാപാത്രങ്ങള്‍ താരം ബിഗ് സ്ക്രീനിലെത്തിച്ചു. നായിക വേഷം മാത്രമേ ചെയ്യൂ എന്ന് വാശി പിടിക്കാതെ പന്ത്രണ്ട് വർഷത്തിനിടെ നായിക, വില്ലത്തി, സഹനടി, കോമഡി റോളുകള്‍ വരെ താരം ചെയ്തു. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴും നാടുമായും നാട്ടുകാരുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ജാഡയില്ലാത്ത താരമാണ് അനുശ്രീ. അടുത്തിടെ വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന്റെ വിശേഷങ്ങളെക്കുറിച്ചും അനുശ്രീ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ നാട്ടിലെ ഉത്സവത്തിന് കൂട്ടുകാരികള്‍ക്കൊപ്പം കൈകൊട്ടിക്കളി അവതരിപ്പിക്കുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കടുംനീലയും ചുവപ്പും കലര്‍ന്ന ദാവണിയുടുത്ത് തലയില്‍ മുല്ലപ്പൂവും ചൂടിയാണ് താരത്തിന്റെ പെര്‍ഫോമന്‍സ്. സ്വന്തം നാട്ടിലെ കമുകുംചേരി തിരുവിളങ്ങോനപ്പന്‍ അമ്പലത്തില്‍ ഉത്സവത്തിന്റെ ഭാഗമായി അനുവും നാട്ടിലെ സുഹൃത്തുക്കളും ചേര്‍ന്നാണ് കൈകൊട്ടിക്കളി അവതരിപ്പിച്ചത്.
‘‘ഒരുപാട് സന്തോഷം ... ഒരുപാട് സ്നേഹം...ഒത്തിരി നാളുകൾക്ക് ശേഷമാണ്.. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ്.. ഒരു സിനിമാതാരം ആയതിനുശേഷം എന്റെ നാട്ടിൽ, ഞാൻ വളർന്ന മണ്ണിൽ, തിരുവിളങ്ങോനപ്പന്റെ മുറ്റത്ത് ഒരു പ്രോഗ്രാം ചെയ്യുന്നത്.. അതിനുശേഷം എല്ലാവരും തന്ന സ്നേഹം ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമാണ് .. സപ്പോർട്ട് ചെയ്തതിന്, സ്നേഹം തന്നതിന്, നല്ല വാക്കുകൾ പറഞ്ഞതിന് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി.. എന്റെ ഉള്ളിലെ സന്തോഷം മറ്റൊരാൾക്ക് പറഞ്ഞാൽ മനസ്സിലാകുമോ എന്ന് എനിക്കറിയില്ല പക്ഷേ, ഈ മണ്ണിൽ ജനിച്ചു വളർന്ന എനിക്ക് ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒരു പെർഫോമൻസിന് ഇത്രയും സ്നേഹം തന്നപ്പോൾ അത് പറയാതിരിക്കാൻ വയ്യ....
പ്രകടനത്തിന് ശേഷമുള്ള "നാരായണീയം" എന്ന ഞങ്ങളുടെ മുഴുവൻ ഗ്രൂപ്പിനും പ്രോത്സാഹനവും പ്രശംസയും നിറഞ്ഞ കോളുകളും സന്ദേശങ്ങളും കണ്ട് ഞാൻ അത്ഭുതപ്പെട്ടു. എന്റെ എല്ലാ പ്രിയപ്പെട്ട ആളുകളും ഞങ്ങളിൽ ചൊരിഞ്ഞ ശ്രദ്ധയും സ്നേഹവും കണ്ട് ഞാൻ വിനീതയായി. എപ്പോഴും നന്ദിയുള്ളവളുമാണ്....ടീം ‘നാരായണീയം’നമ്മൾ അത് ചെയ്തു...’’ എന്ന ക്യാപ്ഷനൊപ്പമാണ് അനുശ്രീ വീഡിയോ പങ്കിട്ടിരിക്കുന്നത്.
നാടന്‍ ചുവടുകളുമായി ആവേശത്തോടെ സന്തോഷത്തോടെ ആസ്വദിച്ച് ആടിക്കളിച്ച് ഉത്സവം ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍.
ജാഡയില്ലാത്ത സിനിമാതാരം എന്ന കമന്റുകളോടെ അനുശ്രീയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘കുറച്ച് പ്രശസ്തി വന്നാല്‍ പിന്നെ നാടും വീടും മറക്കുന്ന സെലിബ്രിറ്റികള്‍ക്കിടയില്‍ അനുശ്രീ വേറിട്ടു നില്‍ക്കുന്നു, ഗ്രാമത്തിനും അവിടുത്തെ ആളുകൾക്കും ഉള്ളിലെ ശക്തമായ ബന്ധങ്ങളുടെ മനോഹരമായ പ്രതിഫലനം, ജാഡയില്ലാത്ത സ്റ്റാര്‍...’ എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍. സഹതാരങ്ങളും താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളിട്ടിട്ടുണ്ട്.
അനുശ്രീയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിങ്കി വിശാലും സോഷ്യല്‍ മീഡിയയിലൂടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാർക്കൊപ്പം അമ്ബലത്തിലെ പരിപാടി ആസ്വദിക്കുന്ന ചിത്രങ്ങളും അനുശ്രീ പങ്കുവച്ചിരുന്നു.
‘കഥ ഇന്നുവരെ’ എന്ന ചിത്രമാണ് അനുശ്രീയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ. ചിത്രത്തില്‍ വ്യത്യസ്ത റോളിലാണ് അനുശ്രീ എത്തിയതെങ്കിലും സിനിമ കാര്യമായ വിജയം നേടിയിരുന്നില്ല. ‘താര’ എന്ന ചിത്രമാണ് അനുശ്രീയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.