Monday, March 16, 2026 Last Updated 19 Min 36 Sec ago English Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Monday 07 Apr 2025 09.32 AM

കരുത്തു കാണിച്ച് കേരളവും പിണറായിയും ; ജനറല്‍ സെക്രട്ടറിയായി എം.എ.ബേബി തെരഞ്ഞെടുക്കപ്പെട്ടു

uploads/news/2025/04/774533/pinarayi-quality.jpg

തിരുവനന്തപുരം: സി.പി.എമ്മില്‍ കരുത്തു തെളിയിച്ചു മുഖ്യമന്ത്രി പിണറായി വിജയനും കേരളഘടകവും. ജനറല്‍ സെക്രട്ടറിയായി എം.എ.ബേബി തെരഞ്ഞെടുക്കപ്പെട്ടത് ഇതിനു തെളിവായി. സീതാറാം യെച്ചൂരി അന്തരിച്ചതിനു ശേഷം ജനറല്‍ സെക്രട്ടറിയാരാകും എന്നതില്‍ പൊളിറ്റ് ബ്യൂറോയില്‍ ഉടലെടുത്ത ഭിന്നത ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനം വരെ തുടര്‍ന്ന ശേഷമാണ് എംഎ.ബേബിക്ക് നറുക്ക് വീണത്.

അശോക് ധവ്‌ളയെ മുന്‍നിറുത്തി ബംഗാള്‍ ഘടകവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും നടത്തിയ നീക്കം ചെറുക്കാനാണ് ബേബിയെ മുന്നില്‍ നിറുത്തിയുള്ള ചര്‍ച്ചകള്‍ പി.ബിയിലെ പ്രബല വിഭാഗം നേരത്തെ തുടങ്ങിയത്. അതുകൊണ്ട് തന്നെ സി.പി.എം. കേന്ദ്രനേതാക്കള്‍ക്കിടയിലെ അനൈക്യത്തിന് ബേബി ജനറല്‍ സെക്രട്ടറിയാകുമ്പോഴും മാറ്റമുണ്ടാകുന്നില്ല.

എസ്.ആര്‍.പിയോ സീതാറാം യെച്ചൂരിയോ എന്ന തര്‍ക്കത്തിനു ശേഷം 2015ല്‍ വിശാഖപട്ടണത്ത് യെച്ചൂരി ജനറല്‍ സെക്രട്ടറിയായതിനു സമാനമായ ഭിന്നതായാണ് പുതിയ നേതൃത്വത്തിന്റെ കാര്യത്തില്‍ ഇത്തവണയും ദ്യശ്യമായത്. സീതാറാം യെച്ചൂരി അന്തരിച്ച ശേഷം വൃന്ദ കാരാട്ടിന്റെ പേരാണ് കേരള ഘടകം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. എന്നാല്‍ വ്യാപകമായ എതിര്‍പ്പാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറി തല്‍ക്കാലം വേണ്ടെന്നും പിബി കോഡിനേറ്റര്‍ ആയി പ്രകാശ് കാരാട്ട് പ്രവര്‍ത്തിക്കട്ടെ എന്നും നിര്‍ദ്ദേശിച്ചത്. അന്നു മുതല്‍ സീതാറാം യെച്ചൂരിയോട് ചേര്‍ന്നു നിന്നിരുന്ന, കര്‍ഷക സമരങ്ങളുടെ നായകനായ അശോക് ധാവ്‌ളെയുടെ പേര് തന്നെയാണ് ബംഗാള്‍ നേതാക്കളുടെ മനസ്സിലുണ്ടായിരുന്നത്.

കേന്ദ്രകമ്മിറ്റിയിലെ പൊതുവികാരവും ധാവ്‌ളെയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ പ്രായപരിധിയില്‍ ഇളവു നല്‍കി വൃന്ദയെ ജനറല്‍ സെക്രട്ടറിയാക്കുക എന്നതായിരുന്നു അപ്പോഴും പിബിയിലെ പ്രബല വിഭാഗത്തിന്റെ താല്പര്യം. ഇതിനോട് എതിര്‍പ്പുയരുന്നു എന്ന് മനസിലാക്കിയാണ് എം.എ. ബേബിയിലേക്ക് പിന്നീട് ചര്‍ച്ചകള്‍ എത്തിയത്.പ്രായപരിധിയില്‍ ആര്‍ക്കും ഇളവു വേണ്ട എന്ന നിര്‍ദേശം ഇന്നലെ പി.ബിയിലും ബംഗാള്‍ നേതാക്കള്‍ ഉയര്‍ത്തി. കേരള ഘടകത്തിന്റെ പൂര്‍ണ പിന്തുണ തുടക്കത്തില്‍ ബേബിക്ക് ഇല്ലായിരുന്നു. അശോക് ധാവ്‌ളെയുടെ പേര് ദേശീയ തലത്തില്‍ ശക്തമായ പശ്ചാത്തലത്തിലാണ് കേരള ഘടകം ബേബിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ ബേബി ജനറല്‍ സെക്രട്ടറിയാകണം എന്ന പ്രകാശ് കാരാട്ടിന്റെ നിര്‍ദേശത്തോടു യോജിച്ചു. തമിഴ്‌നാട് ഘടകവും ബേബിയോടു യോജിച്ചു.

എന്നാല്‍ അഞ്ചു നേതാക്കളെങ്കിലും പിബിയില്‍ വിയോജിപ്പ് അറിയിച്ചു. മുഹമ്മദ് സലീം, നീലോത്പല്‍ ബസു, രാമചന്ദ്ര ഡോം, സൂര്യകാന്ത മിശ്ര, തപന്‍ സെന്‍ എന്നിവരാണ് ബേബിയുടെ പേരിനെ എതിര്‍ത്തത്. അശോക് ധാവ്‌ളെയും കൂടിയാകുമ്പോള്‍ ആറ് അംഗങ്ങളുടെ വിയോജിപ്പോടെയാണ് ബേബിയുടെ പേരിന് അംഗീകാരം നല്‍കിയത്. ബേബിയെ എതിര്‍ക്കുമ്പോഴും വൃന്ദകാരാട്ട് ജനറല്‍ സെക്രട്ടറിയാകുന്ന സാഹചര്യം ഒഴിവാക്കാനായത് ബംഗാള്‍ ഘടകത്തിന് ആശ്വാസമാണ്. രാമചന്ദ്ര ഡോമും അശോക് ധാവ്‌ളെയും മുഹമ്മദ് സലീമിന്റെ പേരും നിര്‍ദേശിച്ചത് സി.പി.എമ്മില്‍ വരാന്‍ പോകുന്ന ധ്രുവീകരണങ്ങളുടെ സാധ്യത കൂടി തുറന്നിടുന്നു.

സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും ഇടയില്‍ തുടങ്ങിയ ഭിന്നത പാര്‍ട്ടിയില്‍ തുടരുന്നു എന്നര്‍തഥം. കേരള ഘടകം ഇന്ന് ശക്തമാണ് എന്നതു കൊണ്ടാണ് ഇത് മറികടന്നത്. പ്രകാശ് കാരാട്ടിനോട് ചേര്‍ന്ന് നിന്നവരാണ് വിജുകൃഷ്ണനും, അരുണ്‍ കുമാറും യു. വാസുകിയും. അരുണിനെയും വിജുവിനെയും പിബിയില്‍ എത്തിച്ചത് ഭാവിയിലെ അഖിലേന്ത്യാ നേതൃത്വത്തിന്റെ കൂടി സൂചനയായി. പ്രായപരിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് ലഭിച്ചതും പി. കെ ശ്രീമതി കേന്ദ്ര കമ്മിറ്റിയില്‍ തുടരുന്നതും കേരളത്തിന്റെ കരുത്തു തെളിയിക്കുന്നു.

Ads by Google
Ads by Google
TRENDING NOW