-->
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി സര്‍ക്കാര്‍. ആശമാരുമായി നാളെ വൈകുന്നേരം 3 മണിയോടെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. ഇത് രണ്ടാം തവണയാണ് ആശമാരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ആദ്യ ചര്‍ച്ച അലസിപ്പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമരം നടത്തുന്നവരുടെ പ്രതിനിധികളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.
അതേസമയം സമരം തീരണമെങ്കില്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആശാവര്‍ക്കര്‍മാര്‍ പ്രതികരിച്ചു. വ്യക്തതയുള്ള ഉത്തരവ് കിട്ടിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ആശമാര്‍. ചര്‍ച്ചയിലേകക് സിഐടിയു, ഐഎന്‍ടിയുസി നേതാക്കളെയും വിളിച്ചിട്ടുണ്ട്. ആശമാരുടെ നിരാഹാര സമരം പത്തുദിവസം പിന്നിട്ടിട്ടും അയയാതെ നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അനിശ്ചിതകാല നിരാഹാരം തുടരുന്ന ആശമാര്‍ കഴിഞ്ഞ ദിവസം തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചിരുന്നു. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ആശാവര്‍ക്കര്‍മാരുടെ വിഷയവും ചര്‍ച്ച ചെയ്തിരുന്നതായിട്ടാണ് വിവരം. ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം കേന്ദ്രം പരിഗണിക്കുമെന്ന് നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു.
ആശ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും എല്ലാം അദ്ദേഹം വളരെ വിശദമായി കേട്ടുവെന്നും പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും അവരെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതുള്‍പ്പടെ സംസാരിച്ചു. ഇന്‍സെന്റീവ് ഉയര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ പരിഗണണനയിലാണെന്ന് മന്ത്രി പറഞ്ഞുവെന്നും പറഞ്ഞു.