Saturday, March 14, 2026 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
ജിനേഷ് പൂനത്ത്
Wednesday 02 Apr 2025 08.48 AM

വഖഫ് ബില്‍: നിര്‍ണായകമാകുക ടിഡിപിയുടേയും ജെ.ഡി.യു. വി​ന്റേയും നിലപാട്

uploads/news/2025/04/773547/nithishkumar.jpg

വിവാദ വഖഫ് ഭേദഗതി ബില്‍ ഇന്നു ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ നിര്‍ണായകമാകുക ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന ജെ.ഡി.യുവിന്റെ നിലപാട്. ബില്ലില്‍ 10 മണിക്കൂര്‍ ചര്‍ച്ചയാണു പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. എട്ട് മണിക്കൂറാണു സ്പീക്കര്‍ ഓം ബിര്‍ല അനുവദിച്ചിരിക്കുന്നത്. ചര്‍ച്ച സമയം നീട്ടാനും സ്പീക്കര്‍ക്ക് സാധിക്കും.

സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തിയ ബില്ലാണു ലോക്‌സഭയില്‍ അവതരിപ്പിക്കുക. ബില്ലില്‍ എന്‍.ഡി.എ ഘടകകക്ഷികളായ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും നിലപാടാണു പ്രധാനം. ബില്‍ പാസാകണമെങ്കില്‍ ഇരുപാര്‍ട്ടികളുടെയും പിന്തുണ അനിവാര്യമാണ്. മുസ്‌ലിം വോട്ടുകള്‍ ഇരുപാര്‍ട്ടികളുടെയും അടിത്തറയുടെ ഭാഗമാണ്. ടി.ഡി.പിക്ക് 16 എം.പിമാരാണ് ഉള്ളത്. ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് അവര്‍ നല്‍കുന്ന സൂചന. ജെ.ഡി.യുവിന് 12 എം.പിമാരുണ്ട് അവരുടെ ആശങ്ക മാറിയിട്ടില്ല.

ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ജെ.ഡി.യു. എന്തു നിലപാടെടുക്കുമെന്ന വിഷയത്തിലും ചര്‍ച്ചകളുണ്ട്. ചന്ദ്രബാബു നായിഡു മുസ്‌ലിംകള്‍ക്ക് അനുകൂല നിലപാടുള്ളയാളാണെന്നും അതോടൊപ്പം ബില്ലിനെ പിന്തുണയ്ക്കുമെന്നുമാണ് ട.ഡി.പി. വക്താവ് പ്രേംകുമാര്‍ ജെയ്ന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബില്‍ മുസ്‌ലിംകളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമാണെന്നൊരു വ്യാഖ്യാനവും ജെയ്ന്‍ നടത്തിയിട്ടുണ്ട്. സമാനമായ പ്രഖ്യാപനം ജെ.ഡി.യുവും നടത്തിയിട്ടുണ്ട്. കഴിഞ്ഞ 19 വര്‍ഷമായി ബിഹാറില്‍ പ്രവര്‍ത്തിക്കുന്ന നിതീഷ് കുമാര്‍ ഈ കാലയളവില്‍, മുസ് ലിംകള്‍ക്ക് വേണ്ടി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വ്യക്തമാണെന്നാണ് പാര്‍ട്ടി എം.പി സഞ്ജയ് ഝായുടെ പ്രഖ്യാപനം.

മുന്‍കാല പ്രാബല്യത്തോടെ നിയമം നടപ്പിലാക്കരുതെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞിരുന്നു. സര്‍ക്കാര്‍ അത് പരിഗണിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിതീഷ് കുമാര്‍ രാഷ്ട്രീയത്തിലിരിക്കുന്നിടത്തോളം കാലം, ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടും. മുസ്‌ലിംകളുടെ പ്രതിനിധി സംഘം നിതീഷ് കുമാറിനെ കണ്ട് വഖഫ് ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്കകള്‍ പാര്‍ലമെന്ററി സമിതിയില്‍ ഉന്നയിക്കാന്‍ നിതീഷ് കുമാര്‍ പാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നുവെന്നും ജെ.ഡി.യു. നേതാവ് വ്യക്തമാക്കി.

ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യാ മുന്നണി തീരുമാനിച്ചുകഴിഞ്ഞു. തെലങ്കാനയിലെ ബി.ആര്‍.എസും തമിഴ് നാട്ടിലെ അണ്ണാ ഡി.എം.കെയും ബില്ലിനെ എതിര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ പാര്‍ട്ടികള്‍ക്ക് ലോക്‌സഭയില്‍ പ്രതിനിധികള്‍ ഇല്ലാത്തിനാല്‍ വോട്ടിങ്ങിനെ ബാധിക്കില്ല. ഒഡിഷയില്‍നിന്നുള്ള ബിജു ജനതാദളും ബില്ലില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ക്കും ലോക്‌സഭയില്‍ പ്രാതിനിധ്യമില്ല. പക്ഷേ, എന്‍.ഡി.എ. അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ഈ പാര്‍ട്ടികളുടെ നിലപാട് മാറ്റം ഭാവി രാഷ്ട്രീയത്തില്‍ സുപ്രധാനമാണ്. ലോക്‌സഭയില്‍ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരിക്കും ബില്‍ അവതരിപ്പിക്കുക. ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപ്പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ബില്ലിനെ ശക്തമായി എതിര്‍ക്കാനും പാസാക്കിയാല്‍ സുപ്രിംകോടതിയില്‍ ചോദ്യംചെയ്യാനും മുസ്‌ലിം ലീഗ് അംഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നുണ്ടെങ്കിലും അതില്‍ പങ്കെടുക്കാതെ സി.പി.എം എം.പിമാര്‍ സഭയില്‍ ഹാജരാകുകയും ബില്ലിനെ എതിര്‍ക്കുകയും ചെയ്യും. കഴിഞ്ഞ ഓഗസ്റ്റിലാണ് ബില്‍ ലോക്‌സഭയില്‍ നേരത്തെ അവതരിപ്പിച്ചത്. തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്കു വിട്ടു. സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ തള്ളി ഭരണപക്ഷം ബില്ലില്‍ മാറ്റങ്ങള്‍ വരുത്തി. ഈ ബില്ലാണ് വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. സഭാ സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ബില്‍ ലോക്‌സഭയിലെത്തുന്നത്. ഇതോടെ സഭ പ്രക്ഷുബ്ദമാകുമെന്നുറപ്പാണ്. ബില്‍ പാസാക്കാന്‍ ആവശ്യമെങ്കില്‍ സമ്മേളന കാലാവധി നീട്ടുമെന്ന് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചിട്ടുണ്ട്.

ബില്‍ ഏതുവിധേനയും ഈ സമ്മേളനത്തില്‍ത്തന്നെ ഇരുസഭകളിലും പാസാക്കിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ സഭാ സമ്മേളനം നീട്ടുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. അതേ സമയം വഖഫ് ബില്‍ വരുന്നതിനാല്‍ അടുത്ത മൂന്നു ദിവസത്തേക്ക് സഭാനടപടികളില്‍ പൂര്‍ണമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തങ്ങളുടെ അംഗങ്ങള്‍ക്കു വിപ്പ് നല്‍കി. സുപ്രധാന ബില്ലുകള്‍ പരിഗണനയ്ക്ക് വരുന്നതിനാല്‍ ഈ മാസം രണ്ട്, മൂന്ന്, നാല് തീയതികളില്‍ എല്ലാ അംഗങ്ങളും ലോക്‌സഭാ സമ്മേളനത്തില്‍ മുടക്കം കൂടാതെ പങ്കെടുക്കണമെന്നാണ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വിപ്പ് നല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW