-->
തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞതോടെ നടക്കാനിരിക്കുന്ന നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പിന് പുതുപ്പള്ളി, പാലക്കാട്, തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകളെ നേരിട്ട രീതിയിലുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്. ഏപ്രില്‍ ഒടുവിലോ മെയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലില്‍ പഞ്ചായത്തുകളുടെയും വാര്‍ഡുകളുടെയും തലത്തില്‍ ഏകോപിപ്പിക്കാനാണ് തീരുമാനം.
മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാറിന് നല്‍കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനം എടുത്തിരിക്കുന്നത്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും പ്രധാന നേതാക്കള്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കും.
വാര്‍ഡ് തലങ്ങളില്‍ കൃത്യമായ ഏകോപനം ഉണ്ടാവണമെന്ന നിര്‍ദേശം നേതൃത്വം നല്‍കി. ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയുടെ നേതൃത്വത്തില്‍ വോട്ടുചേര്‍ക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ ആരംഭിച്ചിരുന്നു. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് ശക്തമായ നേട്ടം ഉണ്ടായിരുന്നു. പുതുപ്പള്ളി, പാലക്കാട്, തൃക്കാക്കര ഉപതിരഞ്ഞെടുപ്പുകളില്‍ ജയിച്ചുകയറിയിരുന്നു.
സമാനമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകണമെന്ന തീരുമാനത്തിലാണ് കെപിസിസി. സിപിഐഎമ്മില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല എം സ്വരാജിനാണ് നല്‍കിയിട്ടുള്ളത്. ജനുവരി 13 ന് പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പിന് വഴിവെച്ചത്. നേരത്തേ തന്നെ വേണ്ടവിധത്തിലുള്ള ഒരുക്കം നടത്തി തരംഗം സൃഷ്ടിക്കുകയാണ് ലക്ഷ്യം.