Friday, March 13, 2026 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 02.29 PM

അമേരിക്കന്‍ മലയാളി സമൂഹത്തോട് വിടപറഞ്ഞു ഐ.വര്‍ഗീസ് ജന്മനാട്ടിലേക്ക്

uploads/news/2025/03/771712/ee.gif

ഡാളസിലെ നാല് പതിറ്റാണ്ട് നീണ്ട ഐതിഹാസിക സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു വിരാമമിട്ടു ഐ വര്‍ഗീസ് (ഇടിച്ചെറിയ വര്‍ഗീസ്) മാര്‍ച്ച് മാസം അവസാനത്തോടെ അമേരിക്കയില്‍ നിന്നും പിറന്ന മണ്ണിലേക്ക്(കേരളത്തിലേക്ക്) മടങ്ങുന്നു.

കേരള അസോസിയേഷന്റെ മാത്രമല്ല അമേരിക്കന്‍ മലയാളികളുടെ ചരിത്ര താളുകളില്‍ തങ്കലിപികളില്‍ ലിഖിതപ്പെടുത്തേണ്ട അമൂല്യ വ്യക്തിത്വത്തിന്റെ ഉടമയാണ് ഐ വര്‍ഗീസെന്ന് വിശേഷിപ്പിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ലതന്നെ.

കേരളത്തില്‍ കൊല്ലം ജില്ലയില്‍ ആദിത്യനെല്ലൂരില്‍ ജനിച്ച ശ്രീ ഐ. വര്‍ഗീസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പിന്നീട് ഗവണ്മെന്റ് സര്‍വീസില്‍ (ടാക്‌സ് & റെവന്യു ഡിപ്പാര്‍ട്‌മെന്റ് ) പ്രവേശിച്ചപ്പോള്‍ ജോലിയ്‌ക്കൊപ്പം എന്‍ ജി ഒ യൂണിയനിലും സജീവമായി പ്രവര്‍ത്തിക്കുകയും പ്രസ്തുതസംഘടനയുടെ നിര്‍ണായകസ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

1983 കേരളത്തിലെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് അമേരിക്ക എന്ന സ്വപ്നഭൂമിയില്‍ ഭാര്യ മോളി ,മക്കള്‍ റിനോ റെനി എന്നിവരോടൊപ്പമാണ് ഡിട്രോയിറ്റില്‍ ആദ്യമായി എത്തിച്ചേര്‍ന്നത്.പിന്നീട് കുടുംബത്തോടൊപ്പം 1984 ല്‍ ഡാലസ്സിലേക്കു താമസം മാറ്റുകയായിരുന്നു.ഡാളസ് പാര്‍ക്ലാന്‍ഡ് ആശുപത്രിയില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു.

ഐ വര്‍ഗീസ് അമേരിക്കയില്‍ എത്തുന്നതിനു മുന്‍പ് തന്നെ 1976 ല്‍ ഡാലസില്‍ എന്‍ പണിക്കരുടെ നേതൃത്വത്തില്‍ ഒരുപറ്റം മലയാളികളെ സംഘടിപ്പിച്ചു കേരള അസോസിയേഷന്‍ എന്ന സംഘടനാ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു

കെ സി ശമുവേല്‍, രാമചന്ദ്രന്‍നായര്‍, എബ്രഹാം മാത്യു, എം അനിരുദ്ധന്‍,ഡോ: പി പി ഫിലിപ്പ്, രാജന്‍ കെ ജോസഫ് എന്നീ ബഹുമാന്യ പ്രസിഡണ്ടുമാരുടെ നേതൃത്വത്തില്‍ ഡാലസ് കേരള അസോസിയേഷന്‍ മഹത്തായ പ്രസ്ഥാനം ആയി വളര്‍ന്നു കഴിഞ്ഞിരുന്നു .പത്തു വര്‍ഷത്തിനുശേഷം 1986 ജെയിംസ് പുരുഷോത്തമന്‍ പ്രസിഡണ്ടായിരുന്നപ്പോളാണ് ട്രഷര്‍ സ്ഥാനം ഏറ്റെടുത്തു ഡാളസ് കേരള അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ആദ്യമായി വര്‍ഗീസ് പ്രവര്‍ത്തന നിരതനാകുന്നത്

1987 ഗോപാലപിള്ളയുടെ കമ്മിറ്റിയില്‍ പുറത്തുനിന്ന ഐ വര്‍ഗീസ് 1988,1991 സെക്രട്ടറിയായി ചുമതലയേറ്റു ഇതിനിടയില്‍ നല്ല സംഘാടക വൈഭവം നയചാതുര്യം സത്യസന്ധത എന്നീ ഗുണങ്ങള്‍ അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി . കേരള അസോസിയേഷനില്‍ ചോദ്യം ചെയ്യാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമയായി അദ്ദേഹം ഇതിനകം മാറിക്കഴിഞ്ഞിരുന്നു.

ഡാളസ് മലയാളി സമൂഹത്തെ ജാതി - മത ഭേദമന്യേയുള്ള ഒത്തൊരുമയോടെ ഊട്ടിയുറപ്പിക്കുന്ന കലാ - സാംസ്‌കാരിക - സാഹിത്യ സിരാകേന്ദ്രമായ ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനും മനോഹരമായ ഒരു കെട്ടിട സമുച്ചയം സ്വന്തമാകുന്നതിനും മറ്റുള്ളവരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരില്‍ ഐ വര്‍ഗീസ് മുഖ്യ പങ്കു വഹിച്ചു.ഇക്കാലമത്രയെയും സന്നദ്ധസേവനവും സമയവും പിന്തുണയും നിര്‍ലോഭം നല്‍കികേരള അസോസിയേഷന്‍ ഒരു സാംസ്‌കാരിക വിദ്യാഭ്യാസ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്ത്തനങ്ങള്‍ക്കും അദ്ദേഹം നേത്ര്വത്വം നല്‍കി

അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടികള്‍ കൃത്യസമയത്ത് ആരംഭിക്കുന്നതിനും സമയ പരിധി അതിക്രമിക്കുമ്പോള്‍ അവസാനിപ്പിക്കുന്നതിനും മുഖം നോക്കാതെ ഐ വര്‍ഗീസ് പ്രകടിപ്പിച്ച അമിതാവേശവും ,കര്‍ശന നിര്‍ദേശങ്ങളും പലപ്പോഴും പലരുടെയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്

2000 മുതല്‍ 2023വരെ സംഘടനയില്‍ സജീവമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിച്ചവര്‍ പലരും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കുള്ള വിയോജിപ്പ് പ്രകടിപ്പിച്ചു സ്വയം പുറത്തുപോകുകയോ ,മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന വസ്തുതയും ഇത്തരുണത്തില്‍ വിസ്മരിക്കപ്പെടേണ്ടതല്ല.

കാലാകാലങ്ങളായി ചില വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളില്‍ അംഗങ്ങളുടെക്കിടയില്‍ കുമിഞ്ഞു കൂടിയിരുന്ന അമര്‍ഷം പ്രതിഫലിച്ചത് 2024ലെ തിരെഞ്ഞെടുല്‍ ഔദ്യോഗീക പാനലിലുള്ള ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിലൂടെയായിരുന്നു.നേതാവിന്റെ പ്രതീക്ഷകള്‍ക്കേറ്റ കനത്ത പ്രഹരമായിരുന്നു ഈ അപ്രതീക്ഷിത പരാജയം.പുതിയ ഭരണസമിതി അധികാരമേറ്റതോടെ കേരള അസോസിയേഷന്‍ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.പ്രായാധിക്യവും ശാരീരികക്ഷീണാവസ്ഥയും മാറി നില്‍ക്കുന്നത്തിനുള്ള മറ്റൊരു കാരണമാണ്

കേരള അസോസിയേഷന് ഇതുവരെയും ഒരു താങ്ങും തണലും കരുത്തുമായി നിന്നിരുന്ന ഐ വര്‍ഗീസിന്റെ അഭാവം സംഘടനയുടെ ഭാവിയെ എപ്രകാരം സ്വാധീനിക്കുമെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഇല്ലാതില്ല .കേരള അസോസിയേഷനെ സംബന്ധിച്ച് ഒരു പുതിയ അധ്യായം 'ഐ വര്‍ഗീസ് സമം കേരള അസോസിയേഷന്‍ എന്ന ആപ്തവാക്യം' ഇനി ഒരു ഓര്‍മയായി അവശേഷിക്കുമോ എന്ന് കണ്ടറിയണം .സാമ്പത്തികകാര്യങ്ങളില്‍ ശ്രീ ഐ വര്‍ഗീസ് കാണിച്ചിരുന്ന കൃത്യനിഷ്ഠത വളരെ പ്രശംസനീയം ആയിരുന്നു. ഈ ലേഖകനും അദ്ദേഹവുമായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഈ അവസരത്തില്‍ വിസ്മരിക്കുന്നില്ല .പലപ്പോഴും പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അതൊന്നും മനസ്സില്‍ വയ്ക്കാതെ എല്ലാവരോടും 'സൗമ്യമായി' പെരുമാറാന്‍ കഴിയുന്നത് ഐ വര്‍ഗീസിന്റെ മാത്രം സ്വഭാവ ശ്രെഷ്ഠതയായി കാണാം.ഒരു കാര്യം കൂടി അനുസ്മരിപ്പിക്കുവാനായി ഞാന്‍ ആഗ്രഹിക്കുന്നു .കേരള അസോസിയേഷന്‍ ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജുക്കേഷന്‍ സെന്‍ട്രല്‍ സംയുക്തമായി ഞായറാഴ്ച സംഘടിപ്പിക്കുന്ന യാത്രയയപ്പ് ചടങ്ങില്‍ ആരെ ക്ഷണിക്കണം ആരെ ക്ഷണിക്കാതെയിരിക്കണം എന്നുള്ളതിന്റെ വിവേചന അധികാരം പോലും പൂര്‍ണമായി ഐ വര്‍ഗീസില്‍ നിക്ഷിപ്തമായിരുന്നു എന്നുള്ളത് ഇവിടെ സ്മരണീയമാണ്

നിസ്വാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃക,പദവിയോ പ്രശസ്തിയോ പ്രതീക്ഷിക്കാതെ നിശബ്ദ സേവനം നടത്തുന്ന കര്‍മയോഗിയാണ് ഐ. വര്‍ഗീസ്.അതുകൊണ്ടു തന്നെയാണ് ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് അമേരിക്കയിലെ മികച്ച സാമൂഹ്യ സംഘടനാ പ്രവര്‍ത്തകന്‍ ഐ. വര്‍ഗീസിനെ കണ്ടെത്തി അവാര്‍ഡ് നല്‍കി ആദരിച്ചത്. ഈ അവാര്‍ഡ് വളരെ അഭിമാനത്തോടെയാണ് ഐ. വര്‍ഗീസ് ഏറ്റുവാങ്ങിയത്.

നാല് പതിറ്റാണ്ട് വര്‍ഷത്തെ അമേരിക്കന്‍ ജീവിതം അവസാനിപ്പിച്ചു ഇവിടെ നിന്നും വിടപറയുമ്പോള്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം ഡാളസ് മലയാളികള്‍ക്ക് വലിയൊരു നഷ്ട മാണ്. ശിഷ്ടമുള്ള ജീവിതം നാട്ടിലെ തന്റെ ബാല്യകാല സുഹൃത്തുക്കള്‍ ഔദ്യോഗിക ജീവിതത്ത്തിലെ സഹ പ്രവര്‍ത്തകര്‍,നാട്ടുകാര്‍ സ്‌നേഹിതന്മാര്‍ എന്നിവരോടൊപ്പം ചിലവഴിക്കുക എന്ന തീരുമാനം തികച്ചും അനുയോജ്യമാണ് .

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി ശക്തമായ പിന്തുണ നല്‍കിയിട്ടുള്ള പ്രിയതമ മോളിയുമായിട്ടാണ് അമേരിക്കയില്‍ നിന്നും ജന്മനാട്ടിലേക്ക് മാര്‍ച്ച് അവസാന വാരം യാത്ര പുറപ്പെടുന്നത്.ജന്മനാട്ടിലെ ജീവിതം അദ്ദേഹത്തിന് സന്തോഷവും സമാധാനവും പ്രധാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു

പി പി ചെറിയാന്‍

Ads by Google
Monday 24 Mar 2025 02.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW