-->
കോഴിക്കോട്: ഈങ്ങാപ്പുഴ ഷിബില വധക്കേസില്‍ പൊലീസ് ഇന്ന് ഷിബിലയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. ഷിബിലയെ കഴിഞ്ഞദിവസം വെട്ടിക്കൊലപ്പെടുത്തിയ യാസിര്‍ തടയാനെത്തിയ ഷിബിലയുടെ മാതാപിതാക്കളെയും ആക്രമിച്ചിരുന്നു. ഷിബില തനിക്കൊപ്പം വരാന്‍ കൂട്ടാക്കാതിരുന്നതാണ് പ്രകോപിപ്പിച്ചതെന്നും ഈ വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു കൊലപാതം നടത്തിയതെന്നുമാണ് യാസിര്‍ പോലീസിന് നല്‍കിയ മൊഴി. തടയാന്‍ ശ്രമിച്ചത് കൊണ്ടായിരുന്നു മാതാപിതാക്കളേയും ആക്രമിച്ചതെന്നാണ് യാസിര്‍ പറഞ്ഞിരുന്നു.
യാസിര്‍ നടത്തിയത് ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആക്രമണം നടത്തുന്ന സമയത്ത് യാസിര്‍ ലഹരി ഉപയോഗിച്ചിരുന്നില്ല എന്നും കണ്ടെത്തി. അതേസമയം യാസിറിന്റെ ലഹരി ഉപയോഗവും നിരന്തരമുള്ള പീഡനവും കാരണമാണ് ഷിബില മൂന്ന് വയസ്സുള്ള മകളെയുമെടുത്ത് സ്വന്തം വീട്ടിലേക്ക് പോകാന കാരണമായതെന്ന് വിവരമുണ്ട്. പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു യാസിറും ഷിബിലയും. സംഭവത്തില്‍ ഭര്‍ത്താവ് യാസിറിന്റെ ലഹരി ബന്ധങ്ങളും പോലീസ് അന്വേഷിക്കുകയാണ്.
യാസിര്‍ ഷിബിലയെ റജിസ്റ്റര്‍ വിവാഹം കഴിക്കുന്ന സമയത്തും ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും, വിവാഹത്തിന് ശേഷവും ലഹരി ഉപയോഗം തുടര്‍ന്നുവെന്നും പൊലീസ് പറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഒരു തട്ടുകടയില്‍ യാസിര്‍ നേരത്തേ ജോലി ചെയ്തിരുന്നു. ഈ തട്ടുകടയുടെ മറവില്‍ കടയില്‍ ലഹരി വില്‍പ്പന നടന്നിരുന്നതായി നാട്ടുകാര്‍ ആക്ഷേപിച്ചിട്ടുണ്ട്. ലഹരികേന്ദ്രമെന്ന പരാതിയെ തുടര്‍ന്ന് പൂട്ടിയ കട വീണ്ടും തുറക്കുകയും രഹസ്യമായിട്ടുള്ള ലഹരി വില്പന വീണ്ടും ആരംഭിക്കുകയും ചെയ്തതായിട്ടാണ് ആരോപണം.