-->
ബച്ചന്‍ കുടുംബത്തില്‍ നിന്നെത്തി അച്ഛന്റെയും അമ്മയുടെയും അഭിനയ പാരമ്പര്യം പിന്തുടര്‍ന്ന താരമാണ് അഭിഷേക് ബച്ചന്‍. റൊമാന്റിക് ഹീറോ കഥാപാത്രങ്ങളില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് സീരിയസ്സ് കഥാപാത്രങ്ങളും വില്ലന്‍ കഥാപാത്രവുമൊക്കെ അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട്. താരത്തിന്റെ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ബി ഹാപ്പി. ഏറെ പ്രശംസകള്‍ ആ ചിത്രത്തിലെ കഥാപാത്രത്തിന് അഭിഷേകിന് ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ മകള്‍ ആരാധ്യ പിറന്ന ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അഭിഷേക് ബച്ചന്‍. ആരാധ്യ ജനിച്ചതിന് ശേഷം സെക്‌സ് സീനുകളില്‍ അഭിനിക്കാറില്ലെന്നും അത്തരം സിനിമകളില്‍ അഭിനയിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും മകള്‍ക്ക് കൂടി കാണാന്‍ സാധിക്കുന്ന സിനിമകളിലേ ഇപ്പോള്‍ അഭിനയിക്കാറുള്ളൂ എന്നും പറയുകയാണ് താരം.
‘‘എന്റെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ അമിതമായി ചിന്തിക്കാറില്ല, കഥ വൈകാരികമായി ഇഷ്ടപ്പെട്ടാല്‍, അത് എനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നിയാല്‍ ആ സിനിമ ചെയ്യുന്നു. എന്നാലും ഇത്തരം ചില കാര്യങ്ങളെ പറ്റി ബോധവാനാണ്. സെക്സ് സീനുകളില്‍ അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. മോശം സീനുകള്‍ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നു. അത്തരം സീനുകളില്‍ അഭിനയിക്കുന്നത് ബുദ്ധിമുട്ടാണ്. ഒറ്റയ്ക്ക് ഇരുന്ന് ഒരു ഷോ കാണുകയാണെങ്കിലും പെട്ടെന്ന് സ്‌ക്രീനില്‍ ഇത്തരം സീനുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ട്. ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ള കാര്യമാണിത്, ഒരു പെണ്‍കുട്ടിയുടെ അച്ഛനായ ശേഷം എന്റെ മകള്‍ക്ക് കൂടി കാണാന്‍ പറ്റുന്ന ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിക്കാറുള്ളു. എന്റെ മകളോടൊപ്പം കാണാൻ കഴിയുന്ന സിനിമകള്‍ മാത്രമാണ് ഞാൻ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്.
ഇത് എല്ലാവരും പാലിക്കേണ്ട തത്ത്വമായിട്ടല്ല പറയുന്നത്. എങ്കിലും അവള്‍ക്ക് എന്ത് തോന്നുമെന്ന് എനിക്കറിയില്ല. പക്ഷേ അവളുടെ ഭാഗവും ഞാന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു....’’ അഭിഷേക് ബച്ചന്‍ പറയുന്നു.
ആരാധ്യയെ വളര്‍ത്തുന്നതിനെ കുറിച്ചും അഭിഷേക്ബച്ചന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ‘‘എന്റെ മാതാപിതാക്കളെ കണ്ടാണ് ഞാന്‍ പഠിക്കുന്നതും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും. സ്വയം തീരുമാനങ്ങളെടുക്കാന്‍ അവര്‍ എനിക്ക് സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതു പോലെ ആരാധ്യക്കും കഴിയണമെന്നാണ് തന്റെ ആഗ്രഹം. മാതാപിതാക്കള്‍ മികച്ച അധ്യാപകരാണോയെന്ന് എനിക്കറിയില്ല. കുട്ടികളെ ശരിയായ വഴിക്ക് നയിക്കാനുള്ള വികാരങ്ങളും ആഗ്രഹങ്ങളുമാണ് അവരോടുള്ള സമീപനത്തില്‍ പ്രതിഫലിക്കുന്നത്. എന്റെ മാതാപിതാക്കള്‍ പെരുമാറുന്നത് കണ്ടാണ് ഞാന്‍ പഠിക്കുന്നതും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും. സ്വയം തീരുമാനങ്ങളെടുക്കാന്‍ അവര്‍ എനിക്ക് സ്വാതന്ത്ര്യം തന്നിട്ടുണ്ട്.
എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ പ്രതിസന്ധി നേരിട്ടാല്‍ മാതാപിതാക്കളാണ് ഈ സാഹചര്യത്തിലെങ്കില്‍ എന്തായിരിക്കും ചെയ്യുകയെന്ന് സ്വയം ചോദിക്കും. നിങ്ങള്‍ എന്റെ പിതാവുമായാണ് എന്നെ താരതമ്യം ചെയ്യുന്നതെങ്കില്‍ ഏറ്റവും മികച്ചതിനോടാണ് നിങ്ങളുടെ താരതമ്യം...’’ അഭിഷേക് ബച്ചന്‍ പറയുന്നു.
2007ലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും വിവാഹിതരാവുന്നത്. 2011ല്‍ ആരാധ്യ ജനിച്ചു. സ്വന്തം കരിയർ പോലും ത്യജിച്ച് മകളെ നോക്കിയ ഐശ്വര്യയോട് നന്ദിയുണ്ടെന്ന് അടുത്തിടെ അഭിഷേക് പറഞ്ഞിരുന്നു. ഐശ്വര്യ കാരണമാണ് തനിക്ക് സൗകര്യത്തോടെ ജോലിക്ക് പോകാൻ കഴിയുന്നത്, അക്കാര്യത്തില്‍ താൻ ഭാഗ്യവാനാണെന്നും താരം പറഞ്ഞിരുന്നു.
ബി ഹാപ്പിയില്‍ ശിവ് എന്ന സിംഗിള്‍ ഫാദറായണ് അഭിഷേക് വേഷമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഡാൻസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുക എന്ന മകളുടെ സ്വപ്നത്തെ സാക്ഷാത്കരിക്കാൻ പരിശ്രമിക്കുന്ന അച്ഛനായാണ് അഭിഷേക് എത്തുന്നത്. നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടും, നൃത്തപരിചയമില്ലാത്ത ശിവ്, മകളുടെ സ്വപ്നം സാക്ഷാത്കരിക്കാൻപരിശ്രമിക്കുന്നു. ഹൃദയസ്പർശിയായ അച്ഛൻ-മകള്‍ ബന്ധമാണ് ചിത്രം പറയുന്നത്. നോറ ഫത്തേഹി, നാസർ, ജോണി ലിവർ, ഹർലീൻ സേഥി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. റെമോ ഡിസൂസ സംവിധാനം ചെയ്ത് റെമോ ഡിസൂസ എന്റർടൈൻമെന്റിന്റെ ബാനറില്‍ ലിസെല്ലെ റെമോ ഡിസൂസ നിർമ്മിച്ച ചിത്രമാണ് ബി ഹാപ്പി.