Wednesday, March 11, 2026 Last Updated 22 Min 33 Sec ago English Edition
Todays E paper
Ads by Google
ബിനോയ് പി ജേക്കബ്
Monday 17 Mar 2025 02.27 PM

രണ്ടാമടക്കത്തിന്റെ പ്രതിഫലനം: വൈവിദ്ധ്യവും പക്വതയും ഒത്തുചേര്‍ന്ന സാഹിത്യ ജൈത്രയാത്ര

uploads/news/2025/03/770241/Randamadakkam.jpg

വ്യക്തിപരമായ അനുഭവങ്ങളും സമൂഹത്തെക്കുറിച്ച് പുറത്തുപറയാനാകാത്ത സത്യങ്ങളും ലളിതവും ബുദ്ധിപരവുമായി ഉറക്കെവിളിച്ചുപറയാന്‍ കുറച്ച് നോവലുകള്‍ക്കു മാത്രമാണ് ആഴമേറിയ ഉള്‍ക്കരുത്തുള്ളത്. അത്തരത്തിലുള്ള ഏറ്റവും ശ്രേഷ്ഠമായ കൃതിയാണ് സലില്‍ ജോസിന്റെ രണ്ടാമടക്കം. കഥപറച്ചിലിന്റെ അതിരുകള്‍ ഭേദിച്ച് സങ്കീര്‍ണ്ണമായി നെയ്‌തെടുത്ത ഗഹനമായൊരു സാമൂഹ്യ വ്യാഖ്യാനമാണത്. വായനയെന്നത് പുസ്തകങ്ങളുമായുള്ള കേവലം ഇടപഴകലുകള്‍ മാത്രമല്ല. അത് വ്യക്തിപരമായ വിചാരങ്ങളിലൂടെയുള്ള യാത്രയാണ്, തിരിച്ചറിയലാണ്. ആത്യന്തികമായി അതിന്റെ ഉള്‍ക്കാഴ്ചകളോടുള്ള ആഴത്തിലുള്ള ആരാധനയുമാണ്.

വ്യക്തിഗത സത്യങ്ങള്‍ പറയുന്ന കഥ

രണ്ടാമടക്കത്തിന്റെ കേന്ദ്രഭാഗമെന്നത് നായകന്റെ കുട്ടിക്കാലമാണ്. എന്റേതുമായി നിഗൂഢമായ സാമ്യമുള്ള ബാല്യം. മതനേതാക്കളുടെയും അദ്ധ്യാപകരുടെയും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പരാജയങ്ങള്‍ ഈ നോവല്‍ വരച്ചിടുന്നു. യുവമനസുകളെ അതീവശ്രദ്ധയോടെ പാകപ്പെടുത്തിയെടുക്കുന്നതിനു പകരം ഈ വ്യക്തിത്വങ്ങള്‍ വഴിയില്‍ ഇടറിവീഴുന്നു. മാര്‍ഗദര്‍ശനം നല്‍കുന്നതിനു പകരം കുട്ടികളെ നൈരാശ്യാവസ്ഥയില്‍ ഉപേക്ഷിക്കുകയാണിവര്‍. ഒരു ക്ഷേമ സമൂഹത്തില്‍ ഈ അടയാളങ്ങള്‍ ബുദ്ധിക്കും സഹാനുഭൂതിക്കുമുള്ള അപായ മുന്നറിയിപ്പാണ്. അയവില്ലാത്ത സിദ്ധാന്തങ്ങള്‍ക്കുള്ളില്‍ നിന്നുള്ള പ്രവര്‍ത്തനം, ആകാംക്ഷ വളര്‍ത്തല്‍, വിമര്‍ശനാത്മക ചിന്തകള്‍, വൈകാരിക സുരക്ഷിതത്വം എന്നിവയെക്കുറിച്ച് യുവമനസുകളെ ബോധവത്കരിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നത് നോവല്‍ വിവേകത്തോടെ ചിത്രീകരിക്കുന്നു.
ബാല്യകാലത്തിന്റെ ഈ ചിത്രീകരണം ചിരപരിചിതമാണ്. മതസ്ഥാപനങ്ങളോ വിദ്യാഭ്യാസ സമ്പ്രദായമോ പോലുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ വിവേകത്തിനപ്പുറം ആജ്ഞാനുവര്‍ത്തിത്വത്തിന്, വ്യക്തിത്വത്തിനപ്പുറം പാരമ്പര്യത്തിന്, യഥാര്‍ത്ഥ മാര്‍ഗനിര്‍ദേശത്തിനപ്പുറം നിയന്ത്രണത്തിന് മുന്‍ഗണന നല്‍കുന്ന നിരവധി ഉദാഹരണങ്ങള്‍ എന്നില്‍ നിറയ്ക്കുന്നു. ഈ പരാജയത്തെക്കുറിച്ചുള്ള സലില്‍ ജോസിന്റെ വ്യത്യസ്തമാര്‍ന്ന വര്‍ണ്ണന കേവലം ദോഷം മാത്രം കാണുന്ന സ്വഭാവത്തിലേക്ക് വഴുതിപ്പോകുന്നുമില്ല. വിശേഷിച്ച് വ്യക്തമായ യാഥാര്‍ത്ഥ്യമാണത് അവതരിപ്പിക്കുന്നത്. ഒരാളുടെ ജീവിതത്തിന്റെ തുടക്കം മുതല്‍ സമൂഹത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളെക്കുറിച്ച് വരെ ചിന്തിക്കാന്‍ ഇത് വായനക്കാരെ അനുവദിക്കുന്നു.

കേരളത്തിന്റെ സാമൂഹ്യ അരക്ഷിതാവസ്ഥ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം

കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ഭൂമികയുടെ സവിശേഷമായ നിര്‍വചനമെന്നൊന്നുണ്ടെങ്കില്‍ അത് അശാന്തിയുടെ ശാശ്വതമായ അടിയൊഴുക്കാണ്. മതവും ജാതിയും രാഷ്ട്രീയവും ഒരേസമയം മോഹവും മോഹഭംഗവുമായി ഇടചേര്‍ന്ന് ദൈനംദിന ഇടപെടലുകളില്‍ മുതല്‍ വലിയ നയതീരുമാനങ്ങളില്‍ വരെ എല്ലാത്തിനെയും ബാധിക്കുന്ന രീതിയിലേക്ക് മാറി. വികാരങ്ങള്‍ക്കോ പക്ഷപാതത്തിനോ വഴിപ്പെടാതെ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അപാരമായ കഴിവും ധൈര്യവും ആവശ്യമാണ്. ഏറെക്കുറെ അനായാസമായ ചാരുതയോടെ രണ്ടാമടക്കം ഇത് നിറവേറ്റുന്നു.
ഈ വിഷയങ്ങള്‍ അപൂര്‍വമായ സമതുലനാവസ്ഥയിലുടെ പരിഹരിക്കാനുള്ള കഴിവാണ് നോവലിനെ
അതുല്യമാക്കുന്നത്. ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ പരസ്യമായി നിരാകരിക്കുകയോ അന്ധമായി അംഗീകരിക്കുകയോ ചെയ്യാതെയാണിത്. കാലങ്ങളായി കേരളമൊരു വിരോധാഭാസമാണ്. ഉയര്‍ന്ന സാക്ഷരതാ നിരക്കിലും രാഷ്ട്രീയ പ്രബുദ്ധതയിലും സ്വയം ഊറ്റംകൊള്ളുന്ന സംസ്ഥാനമായിട്ടും മത, പ്രത്യയശാസ്ത്ര വിഭാഗീയതകളില്‍ ആഴത്തില്‍ അകപ്പെട്ടിരിക്കുന്നു. ഈ വിരോധാഭാസം തുറന്നു കാണിക്കുന്നതില്‍ നോവല്‍ ഒരിക്കലും ലജ്ജിച്ചു മാറിനില്‍ക്കുന്നില്ല. എന്നാല്‍, പക്ഷംപിടിക്കുന്നതിലെ അബദ്ധങ്ങളും അപരിഷ്‌കൃതമായ കാരിക്കേച്ചറുകള്‍ ആശ്രയിക്കുന്നതിലെ സര്‍വസാധാരണമായ പിഴവുകളും ഒഴിവാക്കി ചുറുചുറുക്കുള്ള പക്വതയോടെയും ഗാംഭീര്യത്തോടെയുമാണ് നോവല്‍ ഇടപെടുന്നത്.
സലില്‍ ജോസിന്റെ എഴുത്തിലെ തിളക്കം ഒളിഞ്ഞിരിക്കുന്നത് അതിന്റെ നിസ്സംഗമായ ജ്ഞാനത്തിലാണ്. ഇന്നത്തെ നേതാക്കളിലും വിമര്‍ശകരിലും കാണാനാകാത്തൊരു കഴിവാണത്. രാഷ്ട്രീയ സംവാദങ്ങള്‍ അന്യോന്യ വിരോധത്തിനുള്ള വാചകക്കസര്‍ത്തുകള്‍ മാത്രമാകുന്ന ഇക്കാലത്ത് ഒരേസമയം വിമര്‍ശനാത്മകവും അനുകമ്പാര്‍ഹവുമായൊരു വീക്ഷണമാണ് ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്നത്. സങ്കീര്‍ണ്ണമായ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ വിശുദ്ധിയോടെയും ന്യായത്തോടെയും നിയന്ത്രിക്കാനുള്ള കഴിവ് ഇന്നത്തെ നമ്മുടെ നേതാക്കള്‍ക്ക് സ്വന്തമായിരുന്നെങ്കില്‍!

ഭൗതികലോകത്തിലെ കലാ ആസ്വാദകന്റെ ദുരവസ്ഥ

കലാ അഭിനിവേശത്തേക്കാള്‍ ഭൗതിക വിജയങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നൊരു ലോകത്ത് കലാ ആസ്വാദകനെന്ന നിലയില്‍ നോവലിലെ നായകന്‍ നടത്തുന്ന പോരാട്ടങ്ങള്‍ ആഴത്തില്‍ സ്വാധീനിച്ച മറ്റൊരു വിഷയമാണ്. ലൗകികമായി അജ്ഞാനിയെങ്കിലും കലാപരമായി ചായ്‌വുള്ളവനായിരിക്കുകയെന്ന യാഥാര്‍ത്ഥ്യം പതിവായി അവഗണിക്കപ്പെടുന്നു എന്നതൊരു ദുരന്തമാണ്. സമ്പത്ത്, പദവി, പ്രകടമായ നേട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സമൂഹം വിജയങ്ങളെ അളക്കാനുള്ള പ്രവണത പ്രകടിപ്പിക്കുന്നത്. സൗന്ദര്യം, ചിന്തകള്‍, സൃഷ്ടിപരമായ പ്രകടനങ്ങള്‍ എന്നിവ പിന്തുടരുന്നവര്‍ക്കുള്ള ഇടം വളരെ ഇടുങ്ങിയതുമാണ്.
ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ സജ്ജമല്ലാത്ത, എന്നാല്‍, കലയെ സ്‌നേഹിക്കുന്ന വ്യക്തികളുടെ ശാന്തമായ നിരാശയാണ് നോവലില്‍ ചിത്രീകരിക്കുന്നത്. പലപ്പോഴും നിഷ്‌ക്കളങ്കതയായി തെറ്റിദ്ധരിക്കപ്പെടുന്ന അവരുടെ ആത്മാര്‍ത്ഥത ഒരേസമയം ശക്തിയും ദൗര്‍ബല്യവുമായി മാറുന്നു. രണ്ടാമടക്കം അവരുടെ പോരാട്ടങ്ങള്‍ക്ക് ഒരു കാല്‍പ്പനികഛായ സമ്മാനിക്കുന്നില്ല. ഒരു സൂക്ഷ്മത വാഗ്ദാനം ചെയ്യുമ്പോള്‍ തന്നെ അത് അവരെ സത്യസന്ധതയോടെ അംഗീകരിക്കുന്നു. പ്രതിബന്ധങ്ങള്‍ക്കിടയിലും ഒരാളെ അയാളുടെ അഭിനിവേശത്തില്‍ ഉറച്ചുനില്‍ക്കാനാണ് ഏറെക്കുറെ ധ്യാനാത്മകമായ വീക്ഷണത്തിലൂടെ അത് ശഠിക്കുന്നത്.

ജ്ഞാനത്തിലും നിസംഗതയിലും നിറഞ്ഞ പര്യവസാനം

രണ്ടാമടക്കം അവസാനിപ്പിക്കുന്ന രീതി ശാശ്വതമായൊരു അടയാളം അവശേഷിപ്പിക്കുന്നു. സ്‌ഫോടനാത്മകമായി അവസാനിക്കുന്ന കഥകളില്‍ നിന്ന് വ്യത്യസ്തമായി ഈ നോവല്‍ പിന്തുടരുന്നത് നൈസര്‍ഗിക പാതയാണ്. പരമ്പരാഗത നോവലുകളുടെ നാടകീയമായ അപഗ്രഥനത്തേക്കാള്‍ സാവധാനത്തില്‍ ചുരുളഴിയുന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ പ്രതിഫലിക്കുന്നത്.
നോവലിന്റെ അവസാനം ഒരു സാമൂഹ്യ അഗ്നിപര്‍വതം നിശബ്ദമായും എന്നാല്‍ ശക്തിയോടെയും നിര്‍വീര്യമാകുന്നു. ഏറ്റുമുട്ടലിലൂടെയോ അല്ലെങ്കില്‍ മൃഗീയമായ ശക്തിയിലൂടെയോ അല്ല ബുദ്ധി, ക്ഷമ, യോഗിക്കു തുല്യം നിസംഗത എന്നിവയിലൂടെയാണ് ഇത് നേടിയെടുക്കുന്നത്. പിരിമുറുക്കം കുറയ്ക്കുന്നതിന് എരിതീയില്‍ എണ്ണയൊഴിക്കാതെ തിരിച്ചറിവിന്റെ അന്തരീക്ഷത്തില്‍ അലിയിച്ചു ചേര്‍ക്കുന്ന ഈ രീതി കഥപറച്ചിലില്‍ അപൂര്‍വമായ അസാധാരണ പ്രവൃത്തിയാണ്. ഇതാകും ഒരുപക്ഷെ നോവല്‍ സമ്മാനിക്കുന്ന പരമമായ സന്ദേശം: ശരിയായ അപഗ്രഥനം കടന്നുവരുന്നത് ആക്രമണ, പ്രത്യാക്രമണങ്ങളിലൂടെയല്ല, മറിച്ച് ഗഹനമായി, കളത്തിലുള്ള ശക്തികളിലെ ഏറെക്കുറെ ആത്മീയമായ ധാരണകളിലൂടെയാണ്.
പൊതുസംവാദ മണ്ഡലത്തില്‍ പിന്തിരിപ്പന്‍ രാഷ്ട്രീയവും വൈകാരിക കോളിളക്കങ്ങളും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഈ ലോകത്ത് രണ്ടാമടക്കം വ്യത്യസ്തമായ സമീപനം മുന്നോട്ടുവയ്ക്കുന്നു. ആവേശത്തിനു പകരം ആത്മപരിശോധനയും ബഹളത്തിനു പകരം വ്യക്തതയും അല്‍പ്പായുസായ വിജയങ്ങള്‍ക്കു പകരം ബുദ്ധിസാമര്‍ത്ഥ്യവും ഒരാള്‍ വിലമതിക്കുന്നുവെന്നതാണത്. സാഹചര്യങ്ങള്‍ മാറ്റിമറിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം നേരിട്ടുള്ള ആക്രമണമല്ല, മറിച്ച് ഉള്‍ക്കാഴ്ചകൊണ്ടുള്ള നിരായുധീകരണമാണെന്ന് ചില സമയങ്ങളില്‍ ഇതൊരു ഓര്‍മ്മപ്പെടുത്തലുമാകുന്നു.

അവസാന ചിന്ത: അപൂര്‍വ തേജസുള്ള നോവല്‍

സ്ഥാപനങ്ങളുടെ പരാജയങ്ങളും സാമൂഹ്യ അസ്വാസ്ഥ്യത്തിന്റെ സങ്കീര്‍ണ്ണതകളും കലാകാരന്റെ ഏകാന്തതയും ബുദ്ധിയുടെ ഉദാസീനതയും രണ്ടാമടക്കം കൈകാര്യം ചെയ്യുന്ന അതേ ആഴത്തിലും ചാതുര്യത്തിലും നിര്‍വഹിക്കാന്‍ കുറച്ച് പുസ്തകങ്ങള്‍ക്കേ സാധിക്കു. ഇത് കേവലമൊരു നോവലല്ല, ഒരു കണ്ണാടിയാണ്. വ്യക്തിപരവും കൂട്ടായതുമായ അനുഭവങ്ങളെ അചഞ്ചലമായ സത്യസന്ധതയോടെ പ്രതിഫലിപ്പിക്കുന്ന ഒന്ന്.
സലില്‍ ജോസിന്റെ എഴുത്ത് സാഹിത്യത്തിനൊരു ഉപഹാരമാണ്. അതിരു കടന്ന കാലത്ത് താളാത്മകമായി കഥ പറയുന്ന ശക്തിയുടെ സാക്ഷ്യമാണ് പ്രത്യേകിച്ച് ഈ പുസ്തകം. ആഴത്തിലുള്ളൊരു തിരിച്ചറിവും ആദരവും, അതിനെല്ലാമുപരി ഇതേ അളവില്‍ ജ്ഞാനവും സംയമനവും ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ നമ്മുടെ സമൂഹത്തിലുമുണ്ടാകട്ടെയെന്ന ആഗ്രഹവും ഇത് അവശേഷിപ്പിക്കുന്നു.
വ്യാപകമായി വായിക്കാനും ചര്‍ച്ച ചെയ്യാനും പരിപോഷിപ്പിക്കാനും കരുത്തുറ്റ ഒരു നോവലുണ്ടെങ്കില്‍ അതിതാണ്, രണ്ടാമടക്കം.

പൂർണ പബ്ലിക്കേഷൻസ് ആണ് ഈ നോവൽ പുറത്തിറക്കിയിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW